പ്രവാസി മനസുണര്‍ന്നപ്പോള്‍ രോഗക്കിടക്കയിലായവര്‍ എല്ലാം മറന്നു പാട്ടില്‍ ലയിച്ചും ഇഷ്ടഭക്ഷണം കഴിച്ചും അവരൊത്തുകൂടി
അരീക്കോട്: കിടപ്പിലായ രോഗികള്‍ക്കൊപ്പമായിരുന്നു ഇന്നലെ അരീക്കോട്ടെ പ്രവാസികള്‍. അരീക്കോട് പാലിയേറ്റിവ് കെയറിനു കീഴിലെ കിടപ്പിലായവരും മാനസിക വൈകല്യമുള്ളവരുമായ മുപ്പതോളം രോഗികള്‍ക്കാണു അരീക്കോട് പ്രവാസി അസോസിയേഷന്‍ ഖത്തറി(അപാക്)നു കീഴില്‍ പാട്ടു കച്ചേരി ഒരുക്കിയത്. പുറം ലോകവുമായി ബന്ധമില്ലാതെ രോഗ ശയ്യയില്‍ വീട്ടില്‍ ഒതുങ്ങി കൂടാന്‍ വിധിക്കപ്പെട്ടവര്‍ക്കു പുതിയ സ്വപ്നങ്ങള്‍ നെയ്യാന്‍ അവസരമൊരുക്കുകയായിരുന്നു ഈ കാരുണ്യ കൂട്ടായ്മ.
45 വര്‍ഷമായി മാപ്പിളപ്പാട്ടു രംഗത്തു നിറസാന്നിധ്യമായ സംഗീത സംവിധായകന്‍ കെ.വി അബുട്ടിയുടെ നേതൃത്വത്തില്‍ പി.പി സഫറുള്ളയുടെയും പി.ഫിറോസിന്റെയും ഈണങ്ങള്‍ക്ക് മഹ്ബൂബ് കാവനൂരിന്റെ തബല കൂടി ആയതോടെ ഹൃദ്യമായ സാന്ത്വന സംഗീതം ഒഴുകിയെത്തി.
പ്രയാസം കടിച്ചമര്‍ത്തി രോഗികളുടെ മുഖത്തു പുഞ്ചിരി വിടര്‍ന്നു. പാട്ട് കച്ചേരിയില്‍ ലയിച്ചതോടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പാടി നോക്കാമെന്നായി. ചിലര്‍ ഒരു പടി കൂടി മുന്നില്‍ നിന്നു സ്വയം രചിച്ച വരികള്‍ പാടി സന്തോഷം നിറച്ചതോടെ പലരും ഏറ്റുപാടിയും കൈകൊട്ടിയും ഒപ്പം കൂടി. രോഗികളുടെ ഇഷ്ടത്തിനുസരിച്ചുള്ള വിഭവങ്ങള്‍ ഒരുക്കാനും പ്രവാസികള്‍ മറന്നില്ല.
ഖത്തറില്‍ ജോലി ചെയ്യുന്ന അരീക്കോട് ഊര്‍ങ്ങാട്ടിരി ഭാഗത്തെ 150 പ്രവര്‍ത്തകരാണു പ്രവാസി കൂട്ടായ്മയിലുള്ളത്. ഭാരവാഹികളായ പി.ഫിറോസ്, നാസര്‍ വടക്കുമുറി, അബ്ദുല്ല കുട്ടി മാട്ടുമ്മല്‍, ജാഫര്‍ കൊല്ലത്തൊടി, സക്കീല്‍ മുക്കത്ത്, സഫിയ ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ, വൈസ് പ്രസിഡന്റ് എ ഡബ്ലി യു അബ്ദുറഹിമാന്‍ വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവരും പരിപാടി വീക്ഷിക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."