ബോര്‍ഡ് യോഗത്തില്‍ നിന്നും ഭരണപക്ഷം വിട്ടു നിന്നതില്‍ ദുരൂഹത: മുസ്‌ലിംലീഗ്
വാഴക്കാട്: പഞ്ചായത്ത് രാജ് ചട്ടപ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് ഭരണപക്ഷ അംഗങ്ങള്‍ വിട്ടു നിന്നതില്‍ ദുരൂഹതയുണ്ടെന്ന് വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രം അജണ്ടയാക്കി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നാണ് ഭരണപക്ഷം വിട്ടുനിന്നത്. ഈ പദ്ധതിയില്‍ വലിയ ക്രമക്കേടുകളാണ് പഞ്ചായത്തില്‍ നടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 72 ലക്ഷം രൂപയുടെ ഫണ്ട് പഞ്ചായത്തിന് നഷ്ടപ്പെട്ടതാണ്.
സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അനാസ്ഥയും പിടിപ്പുകേടുമാണ് ഫണ്ട് നഷ്ടപ്പെടാന്‍ ഇടയാക്കിയത്. ഈ വിഷയങ്ങള്‍ പുറത്താവുമെന്നത് കൊണ്ടാണ് ഇത് സംബന്ധമായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും ഭരപക്ഷം ഒളിച്ചോടിയതെന്ന് മുസ്‌ലിം ലീഗ് പറഞ്ഞു. ഭരണ സമിതിയും പഞ്ചായത്ത് ജീവനക്കാരും തമ്മിലുള്ള പൊരുത്തക്കേട് കാരണം ഭരണം സ്തംഭിച്ചിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം മുസ്‌ലിം ലീഗ് സംഘടിപ്പിക്കുമെന്നും ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്നും മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."