പാട്ടക്കരിമ്പ് ആദിവാസി കോളനിയില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍
പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് ആദിവാസി കോളനിയില്‍ മാവോയിസ്റ്റ് സംഘം പോസ്റ്ററുകള്‍ പതിച്ചു. രക്തസാക്ഷിത്വ വാരാചരണ വുമായി ബന്ധപ്പെട്ട മൂന്ന് പോസ്റ്ററുകളാണ് കോളനിയിലെ കമ്യൂനിറ്റി ഹാളിലെ ചുമരില്‍ പതിച്ചിട്ടുള്ളത്. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് മൂന്നുവരെ രക്തസാക്ഷിത്വ വാരാചരണം നടത്താമെന്നുള്ള സന്ദേശമാണ് പോസ്റ്ററിലുള്ളത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവമെന്ന് കരുതുന്നു. കൂടാതെ മൂന്നു കിലോമീറ്റര്‍ അകലെയുള്ള വേങ്ങാപാരത അങ്ങാടിയിലും പോസ്റ്ററുകളും ബാനറും സ്ഥാപിച്ചെങ്കിലുംവിവരമറിഞ്ഞെത്തിയ പൊലിസ് എടുത്തുനീക്കി.
മുക്കുവലയില്‍ സായുധപോരാട്ടം തീവ്രമാക്കണമെന്നും ശത്രുവിന്റെ സൈനിക ആക്രമണത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും ജനങ്ങളുടെ പോരാട്ടവീര്യത്തിന്റെ മുനയോടിക്കുന്ന പരിഷ്‌കരണ നടപടികളെ തുറന്നുകാട്ടാന്‍ സി.പി.ഐ മാവോയിസ്റ്റ് ശക്തിപ്പെടുത്തണമെന്നും പോസ്റ്ററില്‍ പറയുന്നു. യെല്ലപ്പ, സിനിക്ക്, സിനോജ് കൃഷ്ണ തുടങ്ങിയവരുടെ ധീരമരണത്തെ ഉയര്‍ത്തിപിടിക്കുക, ജനകീയവിമോചന ഗറില്ല സേനയെ ശക്തിപ്പെടുത്താന്‍ മുക്കുവലയില്‍ സായുധപോരാട്ടം ശക്തമാക്കണം തുടങ്ങിയവയാണ് മറ്റു പോസ്റ്ററുകളില്‍ പറയുന്നത്.
പാട്ടക്കരിമ്പ് ആദിവാസി കോളനിയില്‍ മാവോവാദികള്‍ കഴിഞ്ഞതവണ വന്ന് കോളനി നിവാസികളുടെ യോഗം ചേരുകയും സമീപത്തെ വനം വകുപ്പ് ഓഫിസ് ആക്രമിക്കുമെന്നും സൂചന നല്‍കിയിരുന്നു. പെരിന്തല്‍മണ്ണ ഡി.വൈ എസ്.പി എം.പി മോഹനചന്ദ്രന്‍, നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യ, എസ്.ഐ ജ്യോതീന്ദ്രകുമാര്‍ എന്നിവരും തണ്ടര്‍ ബോള്‍ട്ടും വനത്തില്‍ തെരച്ചില്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."