സിവില്‍ സ്‌റ്റേഷനില്‍ ജൂലൈ ഒന്നു മുതല്‍ ഹരിത മാര്‍ഗരേഖ നടപ്പാക്കും
കോഴിക്കോട്: സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ 'ക്ലീന്‍ സിവില്‍ സ്‌റ്റേഷന്‍, ഗ്രീന്‍ സിവില്‍ സ്‌റ്റേഷന്‍' എന്ന പേരില്‍ ജൂലൈ ഒന്നു മുതല്‍ ഹരിത മാര്‍ഗരേഖ നടപ്പാക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. ഓഫിസുകളും കാന്റീനും ചായക്കടകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഹരിതചട്ടങ്ങള്‍ പാലിക്കണമെന്നും ബന്ധപ്പെട്ട ഓഫിസ് മേധാവികള്‍ അത് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറഞ്ഞു.
ഇതനുസരിച്ച് ജൂലൈ ഒന്നു മുതല്‍ സിവില്‍സ്റ്റേഷന്‍ കോംപൗണ്ടില്‍ പ്ലാസ്റ്റിക് കവറുകളും ഡിസ്‌പോസിബിള്‍ സാധനങ്ങളുടെ ഉപയോഗവും നിരോധിക്കും. ജൈവ- അജൈവ മാലിന്യങ്ങള്‍ അതത് ഓഫിസുകളില്‍ പ്രത്യേകം വേര്‍തിരിച്ച് അതത് ഫ്‌ളോറുകളിലെ ബിന്നുകളില്‍ നിക്ഷേപിക്കണം. ഇവ അതത് ദിവസങ്ങളില്‍ മാലിന്യസംസ്‌കരണ യൂനിറ്റിലേക്ക് മാറ്റുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം.
കോംപൗണ്ടിനകത്ത് മാലിന്യം കത്തിക്കാന്‍ അനുവദിക്കില്ല. ഓഫിസും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതും കാലാവധി കഴിഞ്ഞ ഇ- വേസ്റ്റ്, ഫര്‍ണിച്ചറുകള്‍ മറ്റു പാഴ്‌വസ്തുക്കള്‍ എന്നിവ യഥാവിധി ലേലം ചെയ്ത് ഒഴിവാക്കേണ്ടതുമാണ്. ഓഫിസുകളിലെയും പൊതുവായുള്ളതുമായ ശുചിമുറികള്‍ വൃത്തിയാക്കി സൂക്ഷിക്കുന്നുണ്ടെന്നും വൃത്തിയാക്കാനുള്ള സാധന സാമഗ്രികള്‍ ലഭ്യമാക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം.
ശുചിമുറികളിലും ഡ്രൈയ്‌നേജുകളിലും ആവശ്യമായ അറ്റകുറ്റപ്പണികള്‍ പി.ഡബ്ല്യു.ഡി (ബില്‍ഡിങ്‌സ്) വിഭാഗം നിര്‍വഹിക്കണം. ഈ ഹരിതചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ് സമിതി ഓഫിസുകളില്‍ പരിശോധന നടത്തുന്നതും ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും.
ഇതിനോടനുബന്ധിച്ച എല്ലാ പരാതികളും ശുചിത്വമിഷന്‍ ഓഫിസിലോ (ഫോണ്‍ നമ്പര്‍-2370677) കലക്ടറേറ്റിലെ സര്‍ജന്റിനെയോ (ഫോണ്‍ നമ്പര്‍ -2370518) അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."