മദ്‌റസ അധ്യാപകന്റെ കൊലപാതകം ഗൂഢാലോചന നടന്നിട്ടില്ലെന്ന് അന്വേഷണ സംഘത്തലവന്‍
കാസര്‍കോട്: പഴയ ചൂരിയില്‍ മദ്‌റസ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ.എ. ശ്രീനിവാസന്‍. ഇന്നലെ കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകത്തില്‍ ഗൂഢാലോചന നടന്നതായി ആരോപണം ഉയര്‍ന്നതിനാല്‍ ഇതേകുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയതായും എന്നാല്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് കണ്ടെത്തിയതായും എസ്.പി പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല.
എന്നാല്‍ കൊലപാതകത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നുമാണ് ജില്ലയിലെ മുസ്‌ലിം സംഘടനകളും ബി.ജെ.പിയും ആര്‍.എസ്.എസും ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നുണ്ട്.
വര്‍ഗീയ വിദ്വേഷം ഇളക്കിവിടുന്ന രീതിയില്‍ ചില നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളും പ്രതികള്‍ക്ക് സംഭവത്തിന് ശേഷം ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കി കൊടുത്ത സംഭവവും കൊലപാതകത്തിലെ ഗൂഢാലോചനയാണെന്നാണ് പരാതി ഉന്നയിക്കുന്നവര്‍ പറയുന്നത്.
കൊലപാതകത്തിന് പ്രേരണയായത് കളിസ്ഥലത്ത് വച്ചുണ്ടായ മര്‍ദനമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കഴിഞ്ഞ മാര്‍ച്ച് 18ന് മീപ്പുഗിരിയില്‍ നടന്ന ഷട്ടില്‍ ടൂര്‍ണമെന്റിനിടയിലുണ്ടായ പ്രശ്‌നത്തിനിടയില്‍ പ്രതികള്‍ക്ക് മര്‍ദനമേറ്റിരുന്നു. മര്‍ദനത്തിനിടയില്‍ ഇതിലൊരാളുടെ പല്ല് കൊഴിഞ്ഞിരുന്നു. പിന്നീട് പ്രതികള്‍ വീണ്ടും ഇതേ സ്ഥലത്തെത്തി വാള്‍ വീശിയപ്പോള്‍ ഇവര്‍ക്ക് നേരെ കല്ലേറുണ്ടായതായും പ്രതികള്‍ തിരിച്ച് കുപ്പിയെറിഞ്ഞതായും നേരത്തെ തന്നെ പൊലിസ് വ്യക്തമാക്കിയിരുന്നു. ഇതിന് പ്രതികാരം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ മദ്യ ലഹരിയില്‍ ബൈക്കില്‍ പഴയ ചൂരിയില്‍ എത്തിയത്.
അജേഷാണ് പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കയറി കളിസ്ഥലത്ത് നടന്ന പ്രശ്‌നവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന മുഹമ്മദ് റിയാസ് മുസ്‌ലിയാരെ നെഞ്ചിനും കഴുത്തിനും കുത്തി കൊലപ്പെടുത്തിയത്. മത സ്പര്‍ധയുണ്ടാക്കുക, ഇതിലൂടെ കലാപം ഉണ്ടാക്കുക എന്നീ കുറ്റങ്ങളും പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."