സന്നിധാനത്തിനു മുകളില്‍ 'യന്ത്രപ്പരുന്ത് '
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് ഉല്‍സവത്തിനും അതിനുശേഷം നട തുറക്കുന്ന ദിവസങ്ങളിലും വ്യോമസേനയുടേയും നാവികസേനയുടേയും പങ്കാളിത്തത്തോടെ വ്യോമ നിരീക്ഷണം ശക്തമാക്കാനും പൊലിസ് തീരുമാനിച്ചു.
ഈ മാസം 15 മുതലായിരിക്കും വ്യോമനിരീക്ഷണം നടത്തുക. വനപാതയിലൂടെ പ്രതിഷേധക്കാര്‍ സന്നിധാനത്ത് എത്തുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വ്യോമ നിരീക്ഷണം നടത്താന്‍ തീരുമാനിച്ചത്.
ചിത്തിര ആട്ട വിശേഷത്തിനു നട തുറന്നപ്പോള്‍ ബി.ജെ.പി നേതാവ് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘ്പരിവാര്‍ നേതാക്കള്‍ കാനനപാതയിലൂടെ രഹസ്യമായാണ് സന്നിധാനത്ത് എത്തിയത്. ഇതേ തുടര്‍ന്നാണ് ഈ പാതയില്‍ കൂടി പ്രതിഷേധക്കാര്‍ എത്താന്‍ സാധ്യതയുണ്ടെന്ന് പൊലിസ് കണ്ടെത്തിയത്.
വ്യോമ നിരീക്ഷണത്തിന്റെ നോഡല്‍ ഓഫിസറായി പത്തനംതിട്ട കമ്മീഷണറെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ചുമതലപ്പെടുത്തി. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് നിലയ്ക്കലിലെ ഹെലിപാഡ് സജ്ജമാക്കി നിര്‍ത്താനും നിര്‍ദേശം നല്‍കി.
കൊച്ചി നേവല്‍ ബേസില്‍നിന്നായിരിക്കും സര്‍വിസ്. നേവല്‍ ടീമിനെ ഒരു ഐ.പി.എസ് ഓഫിസര്‍ അനുഗമിക്കും. എറണാകുളം റേഞ്ച് ഐ.ജിക്കായിരിക്കും മേല്‍നോട്ടം. ഈ മാസം 15, 16, ഡിസംബര്‍ 5, 6, 27, ജനുവരി 13,14 എന്നീ ദിവസങ്ങളിലാണു വ്യോമനിരീക്ഷണം നടത്തുന്നത്.
കൂടാതെ പ്രതിഷേധക്കാരെ തടയാന്‍ ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റത്തെ കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് വിതരണ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റില്‍ ബുക്ക് ചെയ്യുമ്പോള്‍ ഡിജിറ്റല്‍ ക്യൂ കൂപ്പണ്‍ ലഭിക്കും. കൂപ്പണുള്ളവര്‍ക്ക് ഡിജിറ്റല്‍ ക്യൂ എന്‍ട്രി കാര്‍ഡ് നല്‍കും. ഡേറ്റ് പതിപ്പിച്ച പ്രത്യേക ഡിജിറ്റല്‍ ക്യൂ എന്‍ട്രി കാര്‍ഡുള്ളവരെ മാത്രമേ പമ്പയില്‍നിന്നു കടത്തിവിടൂ.
പ്രത്യേക നിറത്തിലുള്ള കൈമാറ്റം ചെയ്യാന്‍ കഴിയാത്ത ഈ കാര്‍ഡുള്ളവര്‍ക്കു മാത്രമേ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ നല്‍കൂ. മരക്കൂട്ടത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ഡിജിറ്റല്‍ ക്യൂ എന്‍ട്രി കാര്‍ഡുള്ളവര്‍ മാത്രമേ ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനത്തിലേക്കു കടത്തി വിടൂ.
ദുരുപയോഗം ഒഴിവാക്കാന്‍ എന്‍ട്രി കാര്‍ഡിന്റെ കൗണ്ടര്‍ ഫോയില്‍ സന്നിധാനത്തു ശേഖരിക്കും. കാര്‍ഡ് പരിശോധിക്കാന്‍ പത്തു കേന്ദ്രങ്ങള്‍ ഗണപതി കോവിലിന്റെ ഭാഗത്തുണ്ടാകും. സന്നിധാനത്തും മരക്കൂട്ടത്തും പമ്പയിലും പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഒന്‍പത് എസ്.ഐമാരും 82 പൊലിസ് ഉദ്യോഗസ്ഥരും ഡിജിറ്റല്‍ ക്യൂ ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കും.
എസ്.സി.ആര്‍.ബി എ.ഡി.ജി.പിക്കാണ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിന്റെ ചുമതല. പമ്പയില്‍ സുരക്ഷയിലുളള പൊലിസുകാര്‍ക്ക് ആം ബാന്‍ഡ് നിര്‍ബന്ധമാക്കും.
പമ്പയിലും സന്നിധാനത്തും കേരള പൊലിസിനെ കൂടാതെ മറ്റു സംസ്ഥാനങ്ങളിലെ പൊലിസിനെയും കേന്ദ്രസേന വിഭാഗങ്ങളെയും റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും എന്‍.ഡി.ആര്‍.എഫിന്റെയും രണ്ടു കമ്പനികളെയും വിന്യസിക്കും. വിശദമായ രൂപരേഖ 12ന് ചേരുന്ന പൊലിസിന്റെ ഉന്നതതല യോഗത്തിലായിരിക്കും തയാറാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."