നിരത്തുകള്‍ ചുവക്കുന്നത് നിസ്സംഗതയോടെ കാണുന്നവര്‍
അഷറഫ് ചേരാപുരം #
9846344741
'ബോധപൂര്‍വമല്ലാത്ത നരഹത്യ', ഈ വാചകം വായനക്കാര്‍ക്കു സുപരിചിതമാണ്. കാരണം, 'വരുത്തിത്തീര്‍ക്കുന്ന' അപകടങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്കു നേരേ പൊലിസ് എടുക്കുന്ന കേസ് ഈ വകുപ്പുവച്ചാണ്. അത്തരം കേസുകളുടെ എണ്ണം ഇപ്പോള്‍ പെരുകുകയുമാണ്.
നരഹത്യ മഹാപാപമാണെന്നതില്‍ തര്‍ക്കമില്ല. അന്യായമായി ഒരാളുടെ ജീവനെടുത്തവന്‍ ഈലോകത്തിലെ മുഴുവന്‍ മനുഷ്യരെയും വധിച്ചവനു തുല്യനാണെന്നു മതധാര്‍മികത പറയുന്നു. ധര്‍മത്തിനും മൂല്യത്തിനും പുല്ലുവില കല്‍പ്പിക്കപ്പെടുമ്പോള്‍ മനുഷ്യന്‍ സ്വാര്‍ഥനും സഹജീവിയുടെ കാര്യത്തില്‍ അശ്രദ്ധനുമായിത്തീരും. മറ്റുള്ളവനെന്തു സംഭവിച്ചാലും കുഴപ്പമില്ല എനിക്കു സസുഖം വാഴണ'മെന്ന ചിന്ത ഏറെ ഭയാനകമായ അവസ്ഥ സൃഷ്ടിക്കുമെന്നതു സുവ്യക്തം.
ഇങ്ങനെയൊക്കെ പറയാന്‍ കാരണം നമ്മുടെ നാടിന്റെ നാഡീഞരമ്പുകളായ വാഹനപാതകള്‍ നിത്യേന മനുഷ്യരക്തത്താല്‍ അഭിഷിക്തമാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം മുന്നില്‍ നില്‍ക്കുന്നതിനാലാണ്, അതിനു നേരേ മനഃസാക്ഷിയുള്ളവര്‍ക്കാര്‍ക്കും കണ്ണടയ്ക്കാനാവില്ലെന്നതിനാലാണ്. പത്രക്കോളങ്ങളിലെ അപകടവാര്‍ത്തകള്‍ പലര്‍ക്കും അലോസരവുമുണ്ടാക്കുന്നില്ല. രക്തശോണിമയില്ലാത്ത താളുകളിറക്കാന്‍ ഇക്കാലത്ത് ഒരു പത്രത്തിനും കഴിയില്ലെന്ന അവസ്ഥയാണ്.
'ഇന്നു ഞാന്‍ നാളെ നീ' എന്ന പോലെ കേരളത്തിലെ റോഡുകളില്‍ പിടഞ്ഞു തീരുന്ന ജീവനുകളായി മലയാളികള്‍ മാറിയിരിക്കുന്നു. ഒരാളെങ്കിലും റോഡപകടത്തില്‍ പെടാത്ത ഒരൊറ്റ കുടുംബവും കേരളത്തിലില്ലെന്ന അവസ്ഥ വന്നിരിക്കുന്നു. ചെറുതോ വലുതോ ആയ ഏതെങ്കിലും ഒരപകടത്തിന്റെ സാക്ഷിയായി ഓരോ മലയാളിയും മാറുന്നു. കണക്കുകള്‍ ഇങ്ങനെ പോയാല്‍ വാഹനാപകടത്തില്‍ ഒരാളെങ്കിലും മരിക്കാത്ത വീടുകള്‍ കേരളത്തില്‍ ഇല്ലാത്ത അവസ്ഥവരുമെന്നു ഭയക്കേണ്ടിവരും.
പ്രതിവര്‍ഷം നാലായിരത്തിനും അയ്യായിരത്തിനുമിടയ്ക്കു മലയാളികളുടെ ജീവന്‍ നിരത്തില്‍ പൊലിയുന്നുവെന്ന കണക്കുകള്‍ നമ്മെ ഞെട്ടിക്കുന്നില്ല. മരിക്കുന്നവരില്‍ പ്രമുഖരും പ്രസിദ്ധരുമുണ്ട്, നേതാക്കളുണ്ട്, അണികളുണ്ട്, സാധാരണക്കാരുണ്ട്, മക്കളും അമ്മമാരുമുണ്ട്. എന്നിട്ടൊന്നും നമ്മള്‍ സര്‍ക്കാര്‍ തലത്തിലോ സാമൂഹികതലത്തിലോ ആസൂത്രിതവും ശക്തവും പ്രായോഗികവുമായ കര്‍മപദ്ധതികളെക്കുറിച്ച് ആലോചിക്കുന്നുപോലുമില്ല.
ഇടയ്ക്കുള്ള ചില ആവേശങ്ങളല്ലാതെ എല്ലാ ജാഗ്രതകളും നിയമങ്ങളും നിര്‍ദേശങ്ങളും ജലരേഖകളായി മാറുകയാണ്. ആത്മാര്‍ഥതയോടെ ചില ഉദ്യോഗസ്ഥരെങ്ങാന്‍ ശക്തമായ നീക്കങ്ങളും നിയമങ്ങളുമായി രംഗത്തെത്തിയാല്‍ അവരെ ഏതുവിധേനയും ഒതുക്കാന്‍ അധികാരിവര്‍ഗം ശ്രമിക്കും. അതു ഭയന്ന് ആരും വേലിപ്പുറത്തെ പാമ്പിനെ തോളിലിടാന്‍ തയാറാവില്ല. റോഡ് ദുരന്തങ്ങളില്‍ പ്രമുഖരായ ചിലര്‍ ഇരകളാകുമ്പോള്‍ ചില ചര്‍ച്ചകള്‍ ഉയരാറുണ്ടെങ്കിലും അതും കാലക്രമത്തില്‍ അലിഞ്ഞലിഞ്ഞില്ലാതാവുകയാണു പതിവ്. അമിതവേഗവും അശ്രദ്ധയും തീര്‍ക്കുന്നതാണ് അപകടങ്ങളില്‍ ഭൂരിഭാഗവും. അപകടങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കു നേരേ ബോധപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി ഐ.പി.സി 304, ഐ.പി.സി 304 (എ) വകുപ്പുകള്‍ പ്രകാരമാണു കേസെടുക്കാറുള്ളത്. പരമാവധി രണ്ടുവര്‍ഷംവരെ തടവും പിഴയും മാത്രമാണു കുറ്റംതെളിഞ്ഞാല്‍പ്പോലും ശിക്ഷ ലഭിക്കുക. പല കേസുകളിലും പണം നല്‍കിയും സാക്ഷികളെ കൂറുമാറ്റിയും പ്രതികള്‍ രക്ഷപ്പെടും.
റോഡിലെ കുരുതികള്‍ക്കു ലഭിക്കുന്ന ശിക്ഷ മതിയായതല്ലെന്നു സുപ്രിംകോടതി പോലും ഒരു ഘട്ടത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. ഗുരുതരമായി പരുക്കേല്‍ക്കുന്ന സംഭവങ്ങളില്‍ ഐ.പി.സി 338, ചെറിയ പരുക്കേല്‍ക്കുന്ന കേസില്‍ ഐ.പി.സി 337, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിന് ഐ.പി.സി 279, മദ്യപിച്ചു വാഹനമോടിക്കുന്നതിനു മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 185 വകുപ്പ് എന്നിവ പ്രകാരമാണു കേസെടുക്കാറുള്ളത്. എന്നാല്‍, പലപ്പോഴും ശിക്ഷ നാമമാത്രമായ പിഴയിലൊതുങ്ങാറാണു പതിവ്. നരഹത്യ നടത്തിയവര്‍ വളരെ കൂളായി വീണ്ടും വളയം പിടിച്ചു റോഡിലൂടെ ചീറിപ്പായും.
തങ്ങളുടെ അനിഷ്ടത്തിനു പാത്രമായവരെ തട്ടാനുള്ള വഴിയായി കരുതിക്കൂട്ടിയുള്ള റോഡപകടങ്ങള്‍ സൃഷ്ടിക്കുന്ന സംഭവങ്ങളും പലപ്പോഴുമുണ്ടാവാറുണ്ട്. അതു ബോധപൂര്‍വമായ നരഹത്യയാണ്. എന്നിട്ടും ഇക്കാര്യത്തില്‍ കര്‍ശനനടപടിയുണ്ടാകാത്തത് നിയമത്തിലെ അപര്യാപ്തത കാരണമാണ്. ബോധപൂര്‍വമല്ലാത്ത നരഹത്യയില്‍പ്പെടുത്തി ഇങ്ങനെ എത്ര കൊലപാതകികള്‍ രക്ഷപ്പെട്ടിട്ടുണ്ടാവും. അപൂര്‍വമായി മാത്രമേ ഇത്തരം ചിലവ കണ്ടുപിടിക്കാറുള്ളൂ.അശ്രദ്ധമായോ മദ്യപിച്ചോ സാഹസികമായോ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കിയാലും കേസ് റദ്ദാക്കാനാവില്ലെന്നു ഹൈക്കോടതി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. അശ്രദ്ധമൂലമുള്ള വാഹനാപകടങ്ങള്‍ സമൂഹത്തോടുള്ള വലിയ കുറ്റകൃത്യമാണെന്നും ഇത്തരം കേസുകള്‍ പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയാലും സമൂഹത്തോടു ചെയ്യുന്ന കുറ്റം അവസാനിക്കുന്നില്ലെന്നുമുള്ള വിലയിരുത്തലാണുണ്ടായത്.
2011 ഡിസംബറിലെ ഒരു വാഹനാപകടക്കേസുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ നിരീക്ഷണം. അപകടകരമായി വാഹനം ഓടിച്ചതിലൂടെ സമൂഹത്തോട് ചെയ്ത തെറ്റിന്റെ പേരിലുള്ള കേസ് പ്രതിയും ഇരയും ചേര്‍ന്ന് ധാരണയാകുന്നതിലൂടെ ഇല്ലാതാകുന്നില്ലെന്ന കോടതിയുടെ പരാമര്‍ശം ഏറെ ശ്രദ്ധേയമായിരുന്നു. സമൂഹത്തോടുള്ള കുറ്റക്യത്യം പണം നല്‍കി തീര്‍പ്പാക്കാനാവില്ലെന്നും ഇത്തരം തെറ്റുകള്‍ കോടതിക്ക് പുറത്ത് തീര്‍പ്പാക്കിയാലും ഇല്ലാതാകുന്നില്ലെന്നും കോടതി പറഞ്ഞു.
ഇങ്ങനെ കേസുകള്‍ ഇല്ലാതാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാകും നല്‍കുക. ഒത്തുതീര്‍പ്പിന്റെ പേരില്‍ ഇത്തരം കേസുകള്‍ റദ്ദാക്കുന്നത് നിയമത്തോടുള്ള അനീതിയുമാകും. മറ്റുള്ളവരെ പരിഗണിക്കാതെ സാഹസികമായും അപകടകരമായും വാഹനം ഓടിക്കാനും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാനും ഇത് ഇടയാക്കുമെന്നും കോടതി വ്യക്തമാക്കി.
മദ്യപിച്ച് വാഹനം ഓടിക്കലും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കലും ഉറക്കമോ വിശ്രമമോ ഇല്ലാതെ വാഹനമോടിക്കലും കുട്ടികളുടെ ഡ്രൈവിങ്ങും അമിതവേഗതയും റോഡിന്റെ അപാകതകളുമെല്ലാം പാതകളെ കുരുതിക്കളമാക്കുന്നു.
കൃത്യമായ ട്രാഫിക് നിയമങ്ങള്‍ നമുക്കുണ്ട്. പക്ഷേ അവയെല്ലാം ഏടില്‍ മാത്രമാണെന്നു മാത്രം. കേരളത്തില്‍ 2016ല്‍ നടന്ന റോഡപകടങ്ങളില്‍ 3,659 പേര്‍ കൊല്ലപ്പെട്ടത് ഡ്രൈവര്‍മാരുടെ അശ്രദ്ധകൊണ്ടുമാത്രമെന്നാണ് കണക്ക്. ഇത് വര്‍ഷാവര്‍ഷം ഏറിവരികയാണ് ചെയ്യുന്നത്. ഇതേവര്‍ഷത്തെ മൊത്തം അപകടങ്ങളില്‍ 38,189 നും കാരണം അശ്രദ്ധതന്നെ. അതിവേഗവും അമിതഭാരവും നിയന്ത്രിച്ചാല്‍ ഏകദേശം 65 ശതമാനം അപകടവും അപകടമരണങ്ങളും ഒഴിവാക്കാനാകുമെന്ന നിരീക്ഷണങ്ങളുണ്ട്.
കേരളത്തില്‍ പ്രതിദിനം ശരാശരി 12 പേരുടെ ജീവനുകള്‍ റോഡില്‍ പൊലിയുന്നുവെന്ന കണക്കാണ് പുതുതായി വന്നിരിക്കുന്നത്. പരുക്കേറ്റ് ജീവഛവമായി മാറുന്നത് ഇതിന്റെ ഇരട്ടിയിലേറെയും. വലുപ്പത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥാനം 22ാമതാണെങ്കിലും റോഡപകടങ്ങളില്‍ നാലാമത് നമ്മളാണ്.
അപകടങ്ങള്‍ കുറയ്ക്കാനായി മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ നിരത്തിലിറങ്ങുമെന്ന പ്രഖ്യാപനം ഈയിടെ വന്നിരുന്നു. നിയമലംഘകരെ നിലയ്ക്കു നിര്‍ത്തുമെന്നൊക്കെയായിരുന്നു വകുപ്പിന്റെ നിലപാട്. പക്ഷേ, അതൊക്കെയും നേരത്തെയുള്ള പോലെ വഴിപാടുകള്‍ മാത്രമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സര്‍ക്കാരിന്റെയോ ഏതെങ്കിലും വകുപ്പിന്റെയോ ആവശ്യം മാത്രമല്ല റോഡ് സുരക്ഷ. ഇക്കാര്യത്തില്‍ സമൂഹത്തിന്റെ ജാഗ്രത ആവശ്യവും അനിവാര്യവുമാണ്.
നിയമം ലംഘിക്കില്ലെന്ന തീരുമാനവും റോഡ് മര്യാദകളും പൗരന്റെ ജീവിതശൈലിപോലെയാവുമ്പോഴേ നമ്മളോരോരുത്തരും സുരക്ഷിതരാവുന്നുള്ളൂ. ദുരന്തങ്ങളുടെയും മരണങ്ങളുടെയും കണക്കുകള്‍ നമ്മുടെ മനോഭാവത്തില്‍ ഒരുമാറ്റവും വരുത്താന്‍ പോവുന്നില്ലെങ്കില്‍ നിയമങ്ങള്‍ കടുപ്പിച്ചത് കൊണ്ടേ കാര്യമുള്ളൂ. റോഡിലെ ഒരു നിമിഷത്തെ അശ്രദ്ധപോലും കൊടിയ അപരാതമാണ്. അതിനാല്‍ വാഹനത്തിലും റോഡിലും അശ്രദ്ധയും അഹങ്കാരവും അലസതയുമെല്ലാം കടുത്ത പാപമായി തന്നെ കൈകാര്യം ചെയ്യപ്പെടണം. നിങ്ങളുടെ അശ്രദ്ധയില്‍ പൊലിയേണ്ടതല്ല എന്റെ ജീവന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."