സി.പി.ഐ വിട്ട കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിന് സി.പി.എം സ്വീകരണം
കുറ്റിക്കോല്‍: ഇടതുമുന്നണിയിലെ പ്രബല കക്ഷികളുടെ പോര് രൂക്ഷമായ കുറ്റിക്കോലില്‍ സി.പി.ഐയില്‍ നിന്നു രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്ന പഞ്ചായത്ത് അംഗത്തിന് സ്വീകരണം നല്‍കി. പതിനാറാം വാര്‍ഡ് അംഗമായ എച്ച്. നിര്‍മലകുമാരിക്കാണ് സി.പി.എം കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം കുറ്റിക്കോല്‍ ടൗണില്‍ നടന്ന പൊതുയോഗത്തില്‍ സ്വീകരണം നല്‍കിയത്. സി.പി.ഐ നേതാക്കള്‍ക്കുനേരേ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തിലും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ആണും പെണും കെട്ട നിലപാടാണ് സി.പി.ഐ നേതാക്കള്‍ സ്വീകരിച്ചതെന്നും കുറ്റിക്കോലില്‍ സി.പി.എമ്മിനെ തകര്‍ക്കാന്‍ സി.പി.ഐക്കു സാധിക്കില്ലെന്നും യോഗത്തില്‍ പ്രസംഗിച്ച സി.പി.എം നേതാക്കള്‍ തുറന്നടിച്ചു. യോഗം സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. എം. അനന്തന്‍, സി. രാമചന്ദ്രന്‍, ടി. ബാലന്‍, പി. ഗോപിനാഥന്‍, നിര്‍മലകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും കുറ്റിക്കോല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി. ഗോപാലന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ ഒരുകൂട്ടം ആളുകള്‍ സി.പി.എം വിട്ടു സി.പി.ഐയില്‍ ചേര്‍ന്നതോടെയാണ് ഇടതുമുന്നണിയിലെ പ്രബല ഘടകകക്ഷികളായ ഇരുപാര്‍ട്ടികളും തമ്മില്‍ കുറ്റിക്കോലില്‍ പോര് തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസപ്രമേയത്തിലൂടെയും വൈസ് പ്രസിഡന്റിനെതിരായുള്ള വോട്ടെടുപ്പിലൂടെയുമാണ് തര്‍ക്കം വീണ്ടും രൂക്ഷമായത്.
തെരഞ്ഞെടുപ്പില്‍ സി.പി.ഐ വിട്ടു നിന്നതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം സി.പി.ഐയുടെ ഏക പഞ്ചായത്ത് അംഗം നിര്‍മലകുമാരി രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നതോടെ ഇരുപാര്‍ട്ടികള്‍ തമ്മിലുള്ള പോര് സംഘര്‍ഷത്തിലെത്തുകയും സി.പി.ഐ നേതാവിന് മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."