നവജാതശിശുവിന്റെ മൃതദേഹം അടക്കംചെയ്യാന്‍ കുഴിയെടുത്തു; ലഭിച്ചത് ജീവനുള്ള മറ്റൊരു കുഞ്ഞ്
ലഖ്നൗ: പൂര്‍ണവളര്‍ച്ചയെത്താതെ പ്രസവിക്കപ്പെട്ട തന്റെ കുഞ്ഞിനെ അടക്കം ചെയ്യാനായി നിറകണ്ണുകളോടെ കുഴിയെടുത്ത ഹിതേഷ്കുമാറിന് ആ കാഴ്ച വിശ്വസിക്കാനായില്ല. മണ്കുടത്തില് അടച്ചിട്ടനിലയില്‍ മണ്ണിനുള്ളില്‍ ജീവനുള്ള പെണ്‍കുഞ്ഞ്. ഭൂമിക്കടിയില്‍ മൂന്നടി താഴ്ചയില്‍ ആയിരുന്നിട്ടും ജീവനുണ്ടായിരുന്ന കുഞ്ഞിനെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നാണ് ഒരേസമയം ശ്വാസം നിലച്ചുപോവുകയും അമ്പരപ്പിക്കുകയും ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
മണ്കുടത്തില് കണ്ടെത്തിയ കുഞ്ഞ് ആശുപത്രിയില്‍ സുഖം പ്രാപിക്കുകയാണ്. വ്യാപാരിയായ ഹിതേഷ് കുമാര്‍ സിരോഹിയുടെ ഭാര്യയും സബ് ഇന്‍സ്പെക്ടറുമായ വൈശാലിയെ ബുധനാഴ്ചയാണ് പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏഴുമാസം മാത്രമായിരുന്നു വളര്‍ച്ച. എന്നാല്‍, വ്യാഴാഴ്ച മാസം തികയാതെ വൈശാലി പ്രസവിക്കുകയും മിനുട്ടുകള്‍ക്കകം തന്നെ കുഞ്ഞ് മരിക്കുകയും ചെയ്തു.
കുഞ്ഞിന്റെ മൃതദേഹം അടക്കംചെയ്യാന്‍ വേണ്ടിയാണ് ഹിതേഷ് കുമാര്‍ ശ്മശാനത്തിലെത്തി കുഴിയെടുത്തത്. മൂന്നടി താഴ്ചയെത്തിയപ്പോഴാണ് മണ്‍കുടം കണ്ടത്. തുറന്നുനോക്കുമ്പോള്‍ അതിലൊരു പെണ്‍കുഞ്ഞ്. ശ്വാസതടസം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നതിനാല് ഉടന്‍ ആശുപത്രിയിലെത്തിച്ചു. 1.1 കിലോഗ്രാം മാത്രമാണ് കുഞ്ഞിന്റെ തൂക്കം.
കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞുവെന്നും രക്ഷിതാക്കളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും സിറ്റി പൊലിസ് സൂപ്രണ്ട് അഭിനന്ദന് സിങ് പറഞ്ഞു. പെണ്‍കുഞ്ഞിന്റെ ചികിത്സാ ചെലവുകള്‍ ബിതാരി ചൈന്‍പുര്‍ എം.എല്‍.എ രാജേഷ് മിശ്ര ഏറ്റെടുത്തിട്ടുണ്ട്.
കുഞ്ഞിനെ കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ബറേലി ചീഫ് മെഡിക്കല്‍ ഓഫിസര്‍ വിനീത് ശുക്ല പറഞ്ഞു. സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സീനിയര്‍ പൊലിസ് സൂപ്രണ്ട് ഷൈലേന്ദ്ര പാണ്ഡേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."