യമനില്‍ നടപടികള്‍ തുടരുമെന്ന് സഖ്യസേന
റിയാദ്: യമനില്‍ ഔദ്യോഗിക സര്‍ക്കാരിനെ പിന്തുണച്ചു ദൗത്യം തുടരുമെന്നു വ്യക്തമാക്കി സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന. വിമത വിഭാഗമായ ഹൂതികളുടെ മിസൈല്‍ ഭീഷണി അവസാനിപ്പിക്കുന്ന കാര്യം ഐക്യരാഷ്ട്രസഭ ഉറപ്പുവരുത്തണമെന്നും സഖ്യസേന ആവശ്യപ്പെട്ടു.
അതേസമയം, യമന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന സഖ്യസേനാ യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിന് അമേരിക്കയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നത് അവസാനിപ്പിച്ചുവെന്നും ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചുവെന്നും സഖ്യസേന വ്യക്തമാക്കി. സ്ഥിതിഗതികള്‍ ഗുരുതരമായ സാഹചര്യത്തില്‍ യമനില്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിമത വിഭാഗമായ ഹൂതികളില്നിന്നു ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഇതില്‍നിന്നു പിന്വാങ്ങേണ്ടെന്ന നിലപാടിലാണ് സഖ്യസേന.
അതേസമയം, കൂറുമാറി യമന്‍ ഔദ്യോഗിക സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ഹൂതി ഐ.ടി മന്ത്രി അബ്ദുസ്സലാം ജാബിര്‍ റിയാദിലെത്തി. സുരക്ഷിത യാത്രയൊരുക്കിയ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കു നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."