ഡെങ്കിപ്പനി: മൂന്നു മരണംകൂടി
എലിപ്പനി ബാധിച്ച് അധ്യാപകന്‍ മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് പനി മരണം തുടരുന്നു. ഡെങ്കിപ്പനി ബാധിച്ച് ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്നു പേര്‍ മരിച്ചു.
കോഴിക്കോട് ജില്ലയില്‍ ഇന്നലെ ഒരാള്‍ എലിപ്പനി ബാധിച്ചും മറ്റൊരാള്‍ ഡെങ്കിപ്പനി ബാധിച്ചും മരിച്ചു. പറവൂരില്‍ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയും മരിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 65കാരിയും മരിച്ചു.
പേരാമ്പ്ര ചക്കിട്ടപാറ ചീരം കുന്നത്ത് സി.ബി സതീഷ് (52) ആണ് എലിപ്പനി ബാധിച്ച് മരിച്ചത്. ചെമ്പനോട മോണ്‍ റെയ്മണ്ട് പബ്ലിക് സ്‌കൂളിലെ സംഗീതാധ്യാപകനായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് മരണം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കച്ചേരി നടത്തിയിട്ടുണ്ട്. ആറ് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭാര്യ: സുധ (പുല്‍പള്ളി പുത്തന്‍പുരയില്‍ കുടുംബാംഗം). മക്കള്‍: സരിഗ, സൗരഭ് ( വിദ്യാര്‍ഥികള്‍).സഹോദരങ്ങള്‍: ശോഭന, സുമ (അധ്യാപിക നടുവണ്ണൂര്‍ എച്ച്.എസ് ), സജിമോന്‍ (വിജിലന്‍സ് യൂനിറ്റ് കോട്ടയം), ഷിജിമോന്‍ (കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് ).
കാക്കൂര്‍ പുന്നശ്ശേരി ചെറുപ്പാറ താമസിക്കുന്ന റിട്ട.ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ കോട്ടറ ഗോവിന്ദന്‍ കുട്ടി നായര്‍(81) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതോടെ പുന്നശ്ശേരിയില്‍ ഒരു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ഭാര്യ : സരോജിനിയമ്മ. മക്കള്‍ : സിജി, രാജീവ് (കെ.എസ്.ആര്‍.ടി.സി താമരശ്ശേരി), ഷീബ, ഷാജു(ദുബൈ). മരുമക്കള്‍ : രഞ്ജിനി, പ്രസന്നകുമാര്‍, ഷിബിലി.
പറവൂര്‍: പറവൂരിലെ ചക്രവാളം സപ്ലിമെന്ററി പത്രത്തിന്റെ ഉടമ പെരുമ്പളം കടത്തുകടവില്‍ പൂനപ്പിള്ളി രാഘവന്റെ ഭാര്യ ലളിത (67) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. മക്കള്‍: നീന, സീന. മരുമക്കള്‍: അജയകുമാര്‍ (കേരളാ പൊലിസ് ഉദയം പേരൂര്‍), പി.വി ആന്റണി.
അരീക്കോട്: ഇരിവേറ്റി തോട്ടിലങ്ങാടി ചെറുതൊടി ഫാതിമ (65) ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ഭര്‍ത്താവ് പരേതനായ അബൂബക്കര്‍. മക്കള്‍: സൈതലവി, യൂസുഫ്, മൈമൂന, മറിയം, നസീബ. മരുമക്കള്‍: ആയിശ, ഫാതിമ സുഹറ, സുലൈമാന്‍, പരേതനായ ആശിഖ്, മൊയ്തീന്‍.
തൃശൂരില്‍ രണ്ട് പേര്‍ക്ക് എച്ച് 1 എന്‍ 1, എട്ടുപേര്‍ക്ക് ഡെങ്കിപ്പനി
തൃശൂര്‍: ജില്ലയില്‍ രണ്ട് പേര്‍ക്ക് എച്ച് 1 എന്‍ 1 പനിയും എട്ട് പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. കൂര്‍ക്കഞ്ചേരി, പാമ്പൂര്‍ എന്നിവിടങ്ങളിലാണ് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലുപര്‍ക്കും വെള്ളാനിക്കരയില്‍ രണ്ടുപേര്‍ക്കും
പെരിഞ്ഞനത്ത് രണ്ട് പേര്‍ക്കുമാണ് ഡെങ്കിപ്പനി. ഇതോടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 347 ആയി. കഴിഞ്ഞ 19 ദിവസത്തിനിടെ ജില്ലയില്‍ 163 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാറളം സ്വദേശി പ്രിയ മരിച്ചത് എലിപ്പനി മൂലമാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
പനി: ആരോഗ്യവകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം : പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു.
രോഗബാധിതര്‍ കൊതുകുവല ഉപയോഗിക്കണം. എച്ച് 1 എന്‍ 1 ബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായും ഈര്‍പ്പരഹിതമായും സൂക്ഷിക്കണം. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആയി ആചരിച്ച് ഉറവിട നശീകരണം നടത്തണം. ലളിതവും വേഗം ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളമായി ഉള്‍പ്പെടുത്തണം. എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഉപ്പും പഞ്ചസാരയും ചേര്‍ത്തു തയാറാക്കിയ പാനീയം ക്ഷീണം അകറ്റാന്‍ ഉത്തമമാണ്. കുട്ടികള്‍, പ്രായം ചെന്നവര്‍, പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍, ദീര്‍ഘകാല വൃക്ക, കരള്‍, ശ്വാസകോശ രോഗികള്‍ എന്നിവര്‍ക്ക് ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണ്.
കൈകാലുകളില്‍ മുറിവുകള്‍ ഉള്ളവര്‍ അഴുക്കുവെള്ളത്തില്‍ ഇറങ്ങരുത്. തോടുകളിലും അഴുക്കുചാലുകളിലും പണിയെടുക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിക്കണം.
പനി ബാധിച്ചവര്‍ ദൂരയാത്ര ഒഴിവാക്കണം. സ്വയം ചികിത്സ പാടില്ല. ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്ന് കഴിക്കുക. ദീര്‍ഘകാല രോഗികള്‍, സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ തുടങ്ങിയവര്‍ തുടര്‍ച്ചയായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുതെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."