ജനനേന്ദ്രിയം മുറിച്ച കേസ്: യുവതിക്ക് നുണപരിശോധന
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ യുവതിയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയയാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി അനുമതി നല്‍കി. യുവതി ഇടയ്ക്കിടെ മൊഴിമാറ്റുന്നതിനാല്‍ നുണപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലിസ് നല്‍കിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. നുണപരിശോധന നടത്തുന്നതിനോടുള്ള പെണ്‍കുട്ടിയുടെ നിലപാട് 22ന് കോടതിയില്‍ നേരിട്ട് ഹാജരായോ അല്ലെങ്കില്‍ അഭിഭാഷകന്‍ മുഖേനയോ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.
പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം താന്‍ മുറിക്കുകയായിരുന്നുവെന്നാണ് കേസില്‍ ആദ്യം പെണ്‍കുട്ടി പൊലിസിനും മജിസ്‌ട്രേറ്റിനു മുന്നിലും മൊഴി നല്‍കിയത്. പിന്നീട് പെണ്‍കുട്ടി മൊഴി മാറ്റി. കാമുകന്റെ നിര്‍ദേശപ്രകാരമാണ് കൃത്യം ചെയ്തതെന്നും സ്വാമി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും മറ്റും കാണിച്ചു പ്രതിഭാഗം അഭിഭാഷകന് പെണ്‍കുട്ടി കത്തും അയച്ചു. എന്നാല്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാകാന്‍ വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയയാക്കിയാല്‍ മാത്രമേ സത്യാവസ്ഥ അറിയാന്‍ സാധിക്കൂവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയത്. അതിനിടെ കേസില്‍ ഗംഗേശാനന്ദക്കു പോക്‌സോ കോടതി ജാമ്യം നിഷേധിച്ചു. കേസ് സി.ബി.ഐക്കു വിടണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം നാളെ കോടതി പരിഗണിക്കും.
കാമുകനെതിരേ പരാതിയുമായി യുവതി
തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിലെ യുവതി കാമുകനെതിരേ പരാതിയുമായി രംഗത്ത്. കാമുകന്‍ അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. പരാതിയുമായി യുവതി ഇന്നലെ പേട്ട പൊലിസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതിനാല്‍ മടങ്ങുകയായിരുന്നു. തന്റെയും സ്വാമിയുടെയും കൈയില്‍ നിന്നും അയ്യപ്പദാസ് പലപ്പോഴായി 13 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നും ഇയാളില്‍ നിന്നു തന്റെ ജീവന് ഭീഷണിയുണ്ടെന്നും യുവതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."