ഞാനൊരു മനുഷ്യനല്ലേ, ദൈവമൊന്നുമല്ല, മജ്ജയും മാംസവും വികാരവുമുള്ള മനുഷ്യന്‍, വേശ്യ എന്നു വിളിച്ചത് വല്ലാത്തൊരു മാനസികാവസ്ഥയില്‍, അതു പിന്‍വലിക്കുന്നു
കോഴിക്കോട്: തന്റെ വിമര്‍ശിച്ച സ്ത്രീയെ വേശ്യാ എന്നു വിളിച്ചത് വല്ലാത്തൊരു മാനസികാവസ്ഥയിലാണെന്നും അതു പിന്‍വലിക്കുകയാണെന്നും സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍. കഴിഞ്ഞ ദിവസം തന്റെ വിമര്‍ശിച്ച ജസ്്‌ല മാടശ്ശേരിക്കെതിരേയാണ് ഫിറോസ് വേശ്യാ പരാമര്‍ശം നടത്തിയത്. ദേഷ്യം അടങ്ങിയപ്പോള്‍ എനിക്കും തോന്നി ആ വാക്ക് പറയാന്‍ പാടില്ലായിരുന്നു എന്ന്. കാരണം ആരെയാണെങ്കിലും നമുക്ക് വ്യക്തിപരമായി പറയാന്‍ അവകാശമില്ല. അതുകൊണ്ട് തന്നെ അങ്ങനെ നടത്തിയ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വിഷമം തോന്നിയവരോട് മാപ്പ് പറയുകയാണെന്നും ഫിറോസ് കുന്നം പറമ്പില്‍ ഫെയ്‌സ് ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.
ഫിറോസ് പരാമര്‍ശം പിന്‍വലിക്കുന്ന ഫെയ്‌സ്ബുക്ക് ലൈവ്
' ഇന്നലെ ഞാന്‍ നടത്തിയ വേശ്യാ പരാമര്‍ശം എല്ലാവരും കണ്ടതാണ്. ഇന്നലത്തെ എന്റെ മാനസികാവസ്ഥ വല്ലാത്തൊരു അവസ്ഥയാണ്. കാരണം ലേക്ഷോര്‍ ഹോസ്പിറ്റലില്‍ നമ്മള്‍ നോക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്. ചെറിയ കുട്ടിയാണ്. മൂന്ന് വയസുള്ള കുട്ടിയാണ്. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്ത കുട്ടി വീണ്ടും സീരിയസ് ആയിട്ട് അത് വെന്റിലേറ്ററില്‍ ആണ്.
കഴിഞ്ഞ രണ്ട് ദിവസമായിട്ട് ഞാന്‍ ആ ഭാഗങ്ങളില്‍ കിടന്ന് ഓടി നടക്കുകയാണ്. അതിനിടയിലാണ് രാവിലെ പല ആളുകളും വിളിച്ചിട്ട് നിങ്ങള്‍ക്ക് ഞങ്ങള്‍ പൈസ അയച്ചുതരുന്നില്ലേ ,നിങ്ങള്‍ ഇങ്ങനെ രാഷ്ട്രീയം കളിക്കാന്‍ പറ്റുമോ എന്നുള്ള ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നത്. അതിനിടെ എനിക്കെതിരെ അനാവശ്യമായി ഫേസ്ബുക്ക് പോസ്റ്റുകള്‍ വരുന്നു.
ഇത്രയും മോശമായി ആളുകള്‍ എനിക്കെതിരെ പോസ്റ്റുകള്‍ ഇടുന്നു. ഞാനൊരു മനുഷ്യനല്ലേ ഞാനൊരു ദൈവമൊന്നുമല്ല. മജ്ജയും മാംസവും വികാരവും വിചാരവുമുള്ള മനുഷ്യനാണ്. നിങ്ങളെപ്പോലെ തന്നെയാണ് ഞാന്‍. ഞാന്‍ ഒരു കാര്യം പറഞ്ഞപ്പോള്‍ ഒരു പരാമര്‍ശം നടത്തി എന്ന പേരില്‍ നിങ്ങള്‍ എനിക്ക് നേരെ ഇത്തരത്തില്‍ വന്നു.
നിങ്ങളെപ്പറയുമ്പോള്‍ എത്ര വിഷമം തോന്നുന്നോ അത്രയും വിഷമം എന്നെ പറയുമ്പോള്‍ എനിക്കും തോന്നലുണ്ട്. ഞാന്‍ കടിച്ചുപിടിച്ച് കുറേയൊക്കെ ക്ഷമിച്ചു. ക്ഷമിക്കാന്‍ കഴിയാതായപ്പോള്‍ നമ്മള്‍ അത് പറഞ്ഞുപോയതാണ്. ഒരുപാട് സുഹൃത്തുക്കള്‍ എന്നോട് വന്നു പറഞ്ഞു, ആ സമയത്തെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെങ്കിലും ആ വാക്ക് പിന്‍വലിക്കണമെന്ന്
ആ ദേഷ്യം അടങ്ങിയപ്പോള്‍ എനിക്കും തോന്നി ആ വാക്ക് പറയാന്‍ പാടില്ലായിരുന്നു എന്ന്. കാരണം ആരെയാണെങ്കിലും നമുക്ക് വ്യക്തിപരമായി പറയാന്‍ അവകാശമില്ല. അതുകൊണ്ട് തന്നെ അങ്ങനെ നടത്തിയ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വിഷമം തോന്നിയവരോട് മാപ്പ് പറയുകയാണ്.
ഞാന്‍ അത് പറയാന്‍ പാടില്ലായിരുന്നു എന്ന് പറഞ്ഞ് നിരവധി പേര്‍ വന്നു. അവരോട് എനിക്ക് പറയാനുള്ളത്, അത് ഞാന്‍ ആ അവസരത്തില്‍ പറഞ്ഞുപോയതാണ്. ആ മാനസികാവസ്ഥയില്‍ പറഞ്ഞതാണ്.
കഴിഞ്ഞ രണ്ട് ദിവസമായി ആസ്റ്റര്‍ മെഡിസിറ്റിയിലും മറ്റുമായി രോഗികളുടെ കൂടെയാണ്. എല്ലാ രോഗികളുടേയും ടെന്‍ഷനും വേദനയുമായി നടക്കുമ്പോള്‍ അനാവശ്യവിവാദം കേള്‍ക്കുമ്പോള്‍ ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വരും. അങ്ങനെ സംഭവിച്ചതാണ്. തുടര്‍ന്നും എല്ലാവരുടേയും പിന്തുണയുണ്ടാകണം. ഒരുപാട് കുടുംബങ്ങള്‍ നമ്മളെ കാത്തിരിക്കുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു.
വേശ്യാ പരാമര്‍ശത്തിനെ തുടര്‍ന്ന് ഫിറോസിനെതിരേ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."