ഇന്ന് ശിശു ദിനം: നമ്മുടെ കുട്ടികള്‍ വീടുവിട്ട് ഓടിയൊളിക്കുന്നു
കോഴിക്കോട്: നിരവധി കാരണങ്ങളാല്‍ വീടുവിട്ട് തെരുവിലേക്കിറങ്ങുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ചൈല്‍ഡ് ലൈന്‍ ഹെല്‍പ് ഡെസ്‌കുമായി കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം കോഴിക്കോടും തിരുവനന്തപുരത്തും 495 കുട്ടികളാണ് വിവിധ കേസുകളിലായി ഇവിടെ എത്തിയത്. ഇതില്‍ 200 ലേറെ കുട്ടികളും വിവിധ കാരണങ്ങളാല്‍ വീടുകളില്‍ നിന്ന് ഇറങ്ങിപ്പുറപ്പെട്ടവരാണ്. പഠനസമ്മര്‍ദം, കുടുംബ വഴക്ക്, സൗന്ദര്യപ്പിണക്കം, ശാരീരിക മാനസിക പീഡനം തുടങ്ങി പല കാരണങ്ങളാണ് കുട്ടികളെ ഇങ്ങനെ ഓടിയൊളിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇവരിലേറെ കുട്ടികളും അണുകുടുംബങ്ങളിലുള്ളവരാണ്. കുടുംബ ബന്ധങ്ങളിലെ താളപ്പിഴകള്‍, പ്രശ്‌നങ്ങളെ കേള്‍ക്കാനാളില്ലാത്തവര്‍ എന്നിവരും വീടുവിട്ടിറങ്ങുന്നവരിലുണ്ട്. കുട്ടികളെ കേള്‍ക്കാനും മനസിലാക്കാനും രക്ഷിതാക്കള്‍ ഒരുങ്ങാത്തത് തന്നെയാണ് വലിയ പ്രശ്‌നമെന്നും വിലയിരുത്തപ്പെടുന്നു. ഒട്ടനവധി നിയമങ്ങളും സംവിധാനങ്ങളും കുട്ടികളുടെ സംരക്ഷണത്തിനായി ഉണ്ടെങ്കിലും ഇപ്പോഴും കുട്ടികള്‍ക്കുനേരെ പീഡനങ്ങളും ചൂഷണങ്ങളും ഏറിവരികയാണ്. റെയില്‍വേ സ്റ്റേഷനുകളില്‍ സംശയാസ്പദമായി എത്തുന്ന കുട്ടികളെ ലക്ഷ്യമിട്ടാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനം തുടങ്ങിയത്. കേരളത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരും കോഴിക്കോട്ടുമാണ് റെയില്‍വേ ഹെല്‍പ് ഡെസ്‌കുകള്‍ ഉള്ളത്. ഇന്ത്യയില്‍ 20 മെട്രോ നഗരങ്ങളിലും സേവനം ലഭ്യമാണ്. തിരുവനന്തപുരത്ത് മാത്രം വീടുവിട്ടിറങ്ങിയ കുട്ടികളും വിവിധ സമ്മര്‍ദങ്ങള്‍ കൊണ്ടാണ് വീടു വിട്ടിറങ്ങിയത്. കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ തന്നെയാണ് വീടുവിട്ടിറങ്ങുന്നവരില്‍ അധികവും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉണ്ട്. ഊരും പേരും അറിയാത്തവരുമുണ്ട്. ഇവരില്‍ മൂന്നുപേരൊഴികെ ബാക്കിയുള്ളവരെ സുരക്ഷിതമായി വീടുകളിലും അഭയ കേന്ദ്രങ്ങളിലും എത്തിച്ചതായി കോഴിക്കോട് കേന്ദ്രം കോഡിനേറ്റര്‍ ആകാശ് ഫ്രാന്‍സിസ് സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."