സമ്പൂര്‍ണ കാന്‍സര്‍മുക്ത പഞ്ചായത്താകാന്‍ കൊടിയത്തൂര്‍
മുക്കം: പൂര്‍ണമായും കാന്‍സര്‍ മുക്ത പഞ്ചായത്ത് ആകാനൊരുങ്ങി കൊടിയത്തൂര്‍. ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ കാന്‍സര്‍ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര പദ്ധതിയാണ് ഭരണസമിതി വിഭാവനം ചെയ്യുന്നത്. അടുത്തിടെ പഞ്ചായത്തില്‍ അപകടകരമാം വിധം കാന്‍സര്‍ രോഗികളുടെയും രോഗ ലക്ഷണമുള്ളവരുടെയും എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് കാന്‍സര്‍ മുക്ത കൊടിയത്തൂര്‍ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്.
പഞ്ചായത്തിന്റെ കണക്കനുസരിച്ച് 200ല്‍പരം പേരാണ് കാന്‍സര്‍ രോഗമോ രോഗലക്ഷണമോ ആയി ചികിത്സയിലുള്ളത്. ഓരോ വര്‍ഷവും 50 ഓളം പേരില്‍ പുതിയതായി രോഗലക്ഷണങ്ങളും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആദ്യഘട്ടത്തില്‍ ഓരോ വാര്‍ഡില്‍ നിന്നും പത്ത് പേരെ വീതം തെരഞ്ഞെടുത്ത് 160 പേര്‍ക്കും പഞ്ചായത്തിലെ കൊടിയത്തൂര്‍, തോട്ടുമുക്കം, ചെറുവാടി സ്‌കൂളുകളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കും പരിശീലനം നല്‍കും.
ഈ വളണ്ടിയര്‍മാര്‍ പഞ്ചായത്തിലെ 5000ത്തോളം വീടുകളിലെത്തി സര്‍വേ നടത്തും. സര്‍വേയിലൂടെ കണ്ടെത്തിയ രോഗലക്ഷണമുള്ളവര്‍ക്ക് മെഗാ മെഡിക്കല്‍ ക്യാംപും തുടര്‍ചികിത്സയും പുനരധിവസവും ഉറപ്പാക്കും.പദ്ധതിയുടെ ഭാഗമായി ചുള്ളിക്കാപറമ്പ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വളണ്ടിയര്‍മാര്‍ക്കായി ഏകദിന പരിശീലനം നല്‍കി.
തുടര്‍ന്ന് വാര്‍ഡ് തലത്തില്‍ നടപ്പിലാക്കേണ്ട കര്‍മപദ്ധതികള്‍ക്കും രൂപം നല്‍കി. പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ചന്ദ്രന്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ്, സണ്ണി വെള്ളാഞ്ചിറ, ആമിന പാറക്കല്‍ സംസാരിച്ചു. പരിശീലന ക്ലാസിന് മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ഡോ. കൃഷ്ണ പൈ, ഡോക്ടര്‍മാരായ വി.സി രവീന്ദ്രന്‍, അമൃത നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."