മദീന ബസ് അപകടം; പരിക്കേറ്റവരെ ഗവര്‍ണര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു
മദീന: ബുധനാഴ്ച്ച രാത്രിയുണ്ടായ മദീന ബസ് അപകടത്തില്‍ പരിക്കേറ്റവരെ മദീന ഗവര്‍ണര്‍മാര്‍ ആശുപത്രിയിലെത്തിസന്ദര്ശിച്ചു. മദീന കിംഗ് ഫഹദ് ആശുപത്രിയില്‍ കഴിയുന്നവരെയാണ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്മാന് രാജകുമാരനും ഡെപ്യൂട്ടി ഗവര്‍ണര്‍ സഊദ് ബിന്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനും സന്ദര്‍ശിച്ചത്.
പരിക്കേറ്റവരുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ ഇരുവരും പരിക്കേറ്റവര്‍ക്ക് കൂട്ടിരിക്കുന്നതിന് ബന്ധുക്കള്‍ക്ക് അവസരമൊരുക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനും പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കുന്നതിനും കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ സ്പെഷ്യലിസ്റ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനും നിര്‍ദേശിച്ചു.
മദീന, മക്ക എക്സ്പ്രസ് വേയില്‍ അല്‍ അക്ഹുലിലുണ്ടായ അതി ദാരുണമായ ബസ് അപകടത്തില്‍ 36 പേരാണ് വെന്തുമരിച്ചത്. അഞ്ചു പേര് ആശുപത്രയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. രാജ്യത്തെ നടുക്കിയ അതിദാരുണ അപകടത്തില്‍ കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് അനുശോചനം അറിയിച്ചു. കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹും പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അല്‍സ്വബാഹും സല്മാന് രാജാവിന് അനുശോചന സന്ദേശങ്ങളയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."