ഉപതിരഞ്ഞെടുപ്പ്: പ്രചാരണം കൊഴുപ്പിക്കാന്‍ രാഹുലെത്തിയില്ല, ദേശീയ നേതാക്കളുടെ മുഖവും കുറഞ്ഞു
കാസര്‍കോട്: അഞ്ചിടത്തെ ഉപതെരഞ്ഞെടുപ്പ് അങ്കത്തിന്റെ പ്രചാരണം കൊട്ടിക്കലാശത്തോടെ സമാപിച്ചപ്പോള്‍ മൂന്നു മുന്നണികളുടെയും പ്രചാരണം കേന്ദ്രീകരിച്ചത് കേരളത്തിലെ നേതാക്കളെ. പ്രചാരണത്തിനായി എത്തുമെന്നറിയിച്ച് കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത ലിസ്റ്റിലെ ആദ്യ പേര് രാഹുല്‍ ഗാന്ധി എം.പിയുടെതാണെങ്കിലും അദ്ദേഹം തെരഞ്ഞെടുപ്പ് ക്യാംപയിന് എത്തിയില്ല.
രാഹുല്‍ ഒഴികെ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫിന്റെ എം.പിമാരെല്ലാം പ്രചാരണത്തില്‍ സജീവമായി. ഇതിനിടക്ക് സ്വന്തം മണ്ഡലമായ വയനാട്ടില്‍ രാത്രി യാത്രാ വിവാദവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ രാഹുല്‍ എത്തിയിരുന്നു. രണ്ടാമനും പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ ആന്റണി പ്രചാരണത്തിനെത്തി. കോണ്‍ഗ്രസ് കൊടുത്ത സ്റ്റാര്‍ നേതാക്കളുടെ ലിസ്്റ്റില്‍ രാഹുല്‍ ഗാന്ധി മുതല്‍ കെ.എം അഭിജിത്ത് വരെയുള്ള 40 നേതാക്കളില്‍ കെ.സി വേണുഗോപാലും മുകുള്‍ വാസ്‌നിക്കും ഉണ്ടായിരുന്നുവെങ്കിലും മുകുള്‍ വാസ്‌നിക്കും എത്തിയില്ല. ബി.ജെ.പി നല്‍കിയ 40 പേരുടെ ലിസ്റ്റില്‍ കേന്ദ്ര മന്ത്രി ജഗത് പ്രകാശ് നഡ്ഡ, വി. മുരളീധരന്‍, നേതാക്കളായ പി.മുരളീധര്‍ റാവു, എച്ച്.രാജ തുടങ്ങിയവരായിരുന്നു മുന്‍ നിരയില്‍. ലിസ്റ്റില്‍ ഉള്‍പ്പെട്ട ദേശീയ നേതാക്കളും പ്രചാരണത്തിന് എത്തിയില്ല.
പിണറായി വിജയനില്‍ തുടങ്ങുന്ന 35 നേതാക്കളുടെ ലിസ്റ്റായിരുന്നു സി.പി.എം നല്‍കിയത്. മൂന്നാമനായി വി.എസ് അച്യൂതാനന്ദന്‍ ഉണ്ടായിരുന്നുവെങ്കിലും വി.എസിനെ അവസാന ദിവസം ഒരു മണ്ഡലത്തില്‍ മാത്രമാണ് പ്രചാരണത്തിനിറക്കിയത്. ദേശീയ നേതാക്കള്‍ ആരും ലിസ്റ്റിലില്ലായിരുന്നു.
മുസ്‌ലിം ലീഗ് നല്‍കിയ 40 പേരുടെ ലിസ്റ്റ് ഹൈദരലി തങ്ങളിലും പി.കെ കുഞ്ഞാലിക്കുട്ടിയിലും തുടങ്ങുന്നതാണ്. ഇവരെ എല്ലാം മണ്ഡലങ്ങളില്‍ എത്തിക്കാന്‍ ലീഗിനായി. മഞ്ചേശ്വരം മണ്ഡലത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കളും പ്രചാരണത്തിനെത്തി. ബി.ജെ.പി കര്‍ണാടക അധ്യക്ഷനും എം.പിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ ആയിരുന്നു പ്രമുഖന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."