പാടങ്ങളില്‍ പട്ടാളപ്പുഴു ആക്രമണം: നടപടികളുമായി കൃഷിവകുപ്പ്്
ആലത്തൂര്‍: പാടശേഖരങ്ങളില്‍ വ്യാപകമായി പട്ടാളപ്പുഴുവിന്റെ രണ്ടാം ഘട്ട ആക്രമണം. ആദ്യം ഞാറ്റടിയിലായിരുന്നെങ്കില്‍ നടീല്‍ കഴിഞ്ഞ പാടത്താണ് ഇപ്പോള്‍. ഇടക്ക് പെയ്ത മഴയും തുടര്‍ന്നുണ്ടായ കൂടിയ ആര്‍ദ്രതയുമാണ് സ്‌പോടോപ്ടീറ മൗറീഷ്യ എന്ന പട്ടാളപ്പുഴുക്കളുടെ കൂടിയ വര്‍ദ്ധനവിന് കാരണമായത്.
പ്രത്യേക തരം ശലഭങ്ങളുടെ മുട്ട വിരിഞ്ഞാണ് പുഴു ഉണ്ടാകുന്നത്. ഒരുതവണ 100മുട്ടകള്‍ വരെ ഇടാന്‍ ഒരു ശലഭത്തിന് കഴിയും. മൂന്നു ദിവസംകൊണ്ട് മുട്ടവിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ മണ്ണിനോട് ചേര്‍ന്ന് കാണപ്പെടുന്നു. 24 ദിവസങ്ങള്‍ക്കുള്ളില്‍ പുഴുക്കള്‍ അഞ്ച് ദശകള്‍ പിന്നിട്ട് മണ്ണില്‍ സമാധി പ്രാപിക്കുന്നു. കൂട്ടത്തോടെ പെരുകുന്നതിനാല്‍ വളരെ പെട്ടെന്ന് നെല്‍ച്ചെടികള്‍ തിന്നു തീര്‍ക്കും. കര്‍ഷകര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കൃഷി ഓഫീസര്‍ എം.വി.രശ്മി അറിയിച്ചു.
*ദിവസവും നെല്‍ച്ചെടി നിരീക്ഷിച്ചു പട്ടാളപുഴുഉണ്ടോ എന്നു ശ്രദ്ധിക്കണം.
*പാടത്തു വെള്ളം കയറ്റി നിര്‍ത്തണം.വെള്ളം കയറ്റിയാല്‍ പുഴുക്കള്‍ ഇലകളുടെ മുകളിലേയ്ക്ക് കയറി വരും.ഇവയെ തിന്നാന്‍ കൊറ്റികളും കാക്കകളും ധാരാളമായി വരും.
*ഒരു നെല്‍ചെടിയില്‍ രണ്ടിലേറെ പുഴുക്കളെ കണ്ടാല്‍ വിഷവീര്യം കുറഞ്ഞ ഫ്‌ലുബെന്‍ഡിയാമിഡ്, ക്ലോറാന്‍ത്രനിപ്പോള്‍ തുടങ്ങിയ പച്ച ലേബല്‍ ഉള്ള കീടനാശിനികള്‍ മാത്രം തളിക്കുക.
*മാരകമായ കീടനാശിനി പ്രയോഗം മിത്ര പ്രാണികളെ നശിപ്പിക്കും എന്നു മാത്രമല്ല ഓലചുരുട്ടി പുഴുക്കളുടെ പെരുകലിനും കാരണം ആകും.
*പുഴുക്കളുടെ ആക്രമണം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ആലത്തൂര്‍ കൃഷി ഭവനില്‍ പ്രവര്‍ത്തിക്കുന്ന വിള ആരാഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ : 8281155025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."