ജവഹര്‍ സ്റ്റേഡിയം നവീകരണപദ്ധതികള്‍ നടപ്പായില്ല; വെള്ളത്തില്‍ വരച്ച വര
കണ്ണൂര്‍: ജവഹര്‍ സ്റ്റേഡിയം നവീകരണം അനന്തമായി നീളുന്നു. പച്ചപ്പുല്‍ പാകിയ ഫുട്‌ബോള്‍ ഗ്രൗണ്ട്, എട്ടുവരി അത്യാധുനിക സിന്തറ്റിക് ട്രാക്ക്, കിഴക്കുഭാഗത്ത് പവലിയന്‍ കെട്ടിടം എന്നിവ നിര്‍മിക്കാന്‍ മാസങ്ങള്‍ക്കു മുമ്പ് രണ്ടുകോടി രൂപ സര്‍ക്കാര്‍ ആദ്യഗഡുവായി അനുവദിച്ചിരുന്നു. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ക്കപ്പുറം പദ്ധതിക്ക് ഗതിവേഗം നല്‍കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനായി കിറ്റ്‌കോ രൂപരേഖ ഉള്‍പ്പെടെ തയാറാക്കിയെങ്കിലും വിഷയത്തില്‍ മെല്ലെപ്പോക്ക് തുടരുന്നതോടെ ജില്ലയിലെ യുവകായിക താരങ്ങളുടെ പരിശീലനവും നിരവധി വലിയ മത്സരങ്ങള്‍ക്ക് വേദിയൊരുക്കാനുള്ള അവസരവുമാണ് അധികൃതര്‍ കളഞ്ഞുകുളിക്കുന്നത്. കായികമന്ത്രി ഇ.പി ജയരാജന്‍ ജവഹര്‍ സ്റ്റേഡിയം നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ളതാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2017 ലെ സംസ്ഥാന ബജറ്റില്‍ ഇതിനായി 10.62 കോടി രൂപയും അനുവദിച്ചെങ്കിലും വിഷയത്തില്‍ ഒരു തവണ ടെന്‍ഡര്‍ വിളിക്കുക മാത്രമാണുണ്ടായത്. ടെന്‍ഡറില്‍ ഒരാള്‍ മാത്രം പങ്കെടുത്തതിനാല്‍ മാറ്റിവെക്കുകയായിരുന്നു. നിലവില്‍ സ്റ്റേഡിയത്തില്‍ പലയിടത്തും പുല്ലുവളര്‍ന്ന് കാടുപിടിച്ച അവസ്ഥയിലാണുള്ളത്. കളിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ശോചനീയാവസ്ഥയിലായിട്ടും കോര്‍പറേഷന്‍ ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് സമീപനമാണ് തുടരുന്നത്. ഉടമസ്ഥാവകാശം കണ്ണൂര്‍ കോര്‍പറേഷനാണെങ്കിലും നിലവില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനാണ് സ്റ്റേഡിയം നവീകരണത്തിനാവശ്യമായ തുക കിഫ്ബിയില്‍ നിന്നു അനുവദിച്ചിട്ടുള്ളത്. രണ്ടുമാസം മുമ്പേതന്നെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചെങ്കിലും ഇപ്പോഴും ഒച്ചിന്റെ വേഗതയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ഒക്ടോബറില്‍ പ്രവൃത്തി തുടങ്ങുമെന്ന് നേരത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അറിയിച്ചതെങ്കിലും ഇനിയെന്ന് പണി ആരംഭിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. പൈപ്പ്‌ലൈന്‍, കുഴല്‍കിണര്‍, പമ്പിങ്മുറി, വെള്ളം സൂക്ഷിക്കാവുന്ന ടാങ്ക്, സാനിറ്ററി സംവിധാനങ്ങള്‍ തുടങ്ങിയവയും പദ്ധതിയിലൂടെ സ്റ്റേഡിയത്തില്‍ സ്ഥാപിക്കും. ശോചനീയാവസ്ഥ കാരണം ഏറെക്കാലമായി പ്രധാനമത്സരങ്ങളൊന്നും ഇവിടെ നടക്കാറില്ല. 30000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണിത്. 2014 ല്‍ നേരിയ തോതില്‍ നവീകരണം നടത്തിയെങ്കിലും കൃത്യമായ പരിചരണത്തിന്റെ അഭാവത്തില്‍ വീണ്ടും പഴയതുപോലെ തന്നെയാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."