ഇന്ന് നിശബ്ദ പ്രചാരണം; അഞ്ചുമണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുനിയമസഭാ മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണം. ഇന്നലെ വൈകീട്ട് കൊട്ടിക്കലാശത്തോടു കൂടിയാണ് പരസ്യ പ്രചാരണം അവസാനിച്ചത്. ഒരു പകല്‍ നീളുന്ന നിശബ്ദ പ്രചാരണത്തിന് ശേഷം നാളെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 9.5 ലക്ഷത്തോളം വോട്ടര്‍മാര്‍ വോട്ട്‌ചെയ്യും. ഒക്ടോബര്‍ 24 നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമായതിനാല്‍ വോട്ട് ചോര്‍ച്ചകള്‍ പരിഹരിക്കാനുളള തീവ്രശ്രമത്തിലാണ് മൂന്ന് മുന്നണികളും.
മഞ്ചേശ്വരം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ്, എറണാകുളം മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചിടത്തും കലാശക്കൊട്ട് ആവേശകരമായിരുന്നു. എല്‍.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും എന്‍.ഡി.എയുടേയും പ്രവര്‍ത്തകരും നേതാക്കളും സ്ഥാനാര്‍ത്ഥികളും കലാശക്കൊട്ട് ആവേശമാക്കി.
ത്രികോണ മത്സരം നടക്കുന്ന കോന്നിയില്‍ പ്രചരണത്തിന്റെ കലാശക്കൊട്ടിനിടെ സംഘര്‍ഷമുണ്ടായി. പൊലീസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കോന്നി ടൗണിലാണ് സംഭവമുണ്ടായത്. അനുവദിച്ചിരുന്ന സ്ഥലം മറികടന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോയത് പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. ഉന്തും തള്ളുമുണ്ടായി. പ്രശ്‌നം പെട്ടെന്നു തന്നെ പരിഹരിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തെ വോട്ടെടുപ്പ് പൂര്‍ണ്ണമായും വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യും. മഞ്ചേശ്വരത്തെ മുഴുവന്‍ ബൂത്തുകളിലും വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനങ്ങള്‍ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു. കള്ളവോട്ട് തടയുന്നതിനു വേണ്ടിയാണ് വോട്ടെടുപ്പ് പൂര്‍ണമായും വീഡിയോവില്‍ പകര്‍ത്താന്‍ തീരുമാനിച്ചത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബൂത്ത് പിടിത്തം, കള്ളവോട്ട് എന്നിവ തടയാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്.
silent campaign today, tomorrow polling
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."