മരട് വിഷയത്തില്‍ ശുഷ്‌കാന്തി ദുരന്തഭൂമികളില്‍ ഒച്ചിന്റെ വേഗത
കല്‍പ്പറ്റ: സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കുന്ന മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്ന ഭരണകൂടം, ദുരന്ത ഭൂമികളില്‍ നിസ്സംഗ ഭാവം തുടരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിനുണ്ടായ ഉരുള്‍പൊട്ടലില്‍ 17 പേര്‍ മരിച്ച വയനാട് പുത്തുമലയിലെ ദുരന്തബാധിതര്‍ക്കുള്ള അടിയന്തര ധനസഹായ വിതരണം ദുരന്തം കഴിഞ്ഞ് 70 ദിവസങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തിയായിട്ടില്ല. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മേപ്പാടി പഞ്ചായത്തില്‍ അടിയന്തര സഹായ വിതരണത്തിനുള്ള അപേക്ഷ സ്വീകരിക്കാനുള്ള അദാലത്തില്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരുള്‍പ്പെടെയാണ് എത്തിയത്.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ നടത്തിയ അദാലത്തില്‍ ദുരന്തബാധിതരായ നൂറുകണക്കിന് പേരാണ് രാവിലെ മുതല്‍ മേപ്പാടി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ മണിക്കൂറുകള്‍ കാത്തിരുന്നത്. അതേസമയം, മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിന് നഗരസഭയില്‍ മുദ്രപ്പേപ്പറില്‍ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കണമെന്നിരിക്കെ വെണ്ടറുടെ സേവനം പോലും നഗരസഭയില്‍ താല്‍ക്കാലികമായി ഒരുക്കിയാണ് അധികൃതര്‍ നടപടികള്‍ വേഗത്തിലാക്കുന്നത്.
ഇതുവരെ ലഭിച്ച 241 അപേക്ഷകളില്‍ 107 പേര്‍ക്ക് നഷ്ടപരിഹാരവും അനുവദിച്ചു. ഇതില്‍ 13 പേര്‍ക്ക് 25 ലക്ഷം നഷ്ടപരിഹാരമായി ലഭിക്കും. മുദ്രപ്പേപ്പറില്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമാണെങ്കില്‍ രണ്ടു ദിവസത്തിനകം പണം അക്കൗണ്ടുകളിലെത്തുമെന്ന് കഴിഞ്ഞദിവസം സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പുത്തുമലയില്‍ ദുരന്തബാധിതരുടെ പുനരധിവാസം ഇഴയുകയാണ്. മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും തോട്ടം ഭൂമിയായ ഇത് തരംമാറ്റിയാലേ പുനരധിവാസത്തിന് ഉപയോഗിക്കാനാകൂ. ഭൂമി തരംമാറ്റി നല്‍കാന്‍ സര്‍ക്കാറിനോടാവശ്യപ്പെടാന്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ജില്ലാ കലക്ടര്‍, എം.എല്‍.എ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചതാണ് പുനരധിവാസവുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായ പുരോഗതി.
അഞ്ചു സെന്റ് ഭൂമി മുതല്‍ ഏക്കറുകള്‍ വരെ നഷ്ടപ്പെട്ടവര്‍ വരെ പുത്തുമല-പച്ചക്കാട് പ്രദേശത്തുണ്ട്. ഇവര്‍ക്കെല്ലാം നാമമാത്ര നഷ്ടപരിഹാരം മാത്രമാണ് ലഭിക്കുക. പത്ത് ലക്ഷം രൂപയില്‍ താഴെമാത്രമായിരിക്കും നഷ്ടപരിഹാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."