വിദേശ ജോലി സര്‍ക്കാര്‍ ഏജന്‍സി വഴിയുള്ള നിയമനങ്ങള്‍ക്ക് വര്‍ധന
മലപ്പുറം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചതോടെ സര്‍ക്കാര്‍ ഏജന്‍സി വഴിയുള്ള നിയമനങ്ങള്‍ കൂടിയതായി കണക്കുകള്‍. തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒ.ഡി.ഇ.പി.സി വഴി ഈ വര്‍ഷം നടന്നത് 200 നിയമനങ്ങളാണ്. ഒരു വര്‍ഷം ശരാശരി അഞ്ഞൂറ് നിയമനങ്ങളാണ് സര്‍ക്കാര്‍ ഏജന്‍സി വഴി നടക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ ഒ.ഡി.ഇ.പി.സി വഴി വിദേശജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍, സ്വകാര്യ ഏജന്‍സികളുടെ തട്ടിപ്പുകള്‍ വര്‍ധിച്ചപ്പോള്‍ അപേക്ഷകരുടെ എണ്ണവും കൂടി.
നഴ്‌സിങ് റിക്രൂട്ട്‌മെന്റുകളാണ് ഒ.ഡി.ഇ.പി.സി വഴി പ്രധാനമായും നടക്കുന്നത്. അധ്യാപകരുടെയും ഡ്രൈവര്‍മാരുടെയും റിക്രൂട്ട്‌മെന്റും നടക്കുന്നുണ്ട്. യു.കെയിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് അനുമതി ലഭിച്ചതോടെ നിരവധി നിയമനങ്ങളാണ് നടന്നത്. ഈ വര്‍ഷം ആദ്യത്തിലാണ് യു.കെയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താനുള്ള അനുമതി ഒ.ഡി.ഇ.പി.സിക്ക് ലഭിച്ചത്. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനവും ഒ.ഡി.ഇ.പി.സി നല്‍കുന്നുണ്ട്. സഊദി അറേബ്യയിലേക്കാണ് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. 1977ല്‍ സ്ഥാപിതമായ ഒ.ഡി.ഇ.പി.സി വഴി ഇതുവരെ എട്ടായിരത്തോളം നിയമനങ്ങള്‍ നടന്നതായാണ് കണക്കുകള്‍.
സ്വകാര്യ ഏജന്‍സികളും വ്യാജ ഏജന്റുമാരും നടത്തിയ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് വിവിധ പൊലിസ് സ്റ്റേഷനുകളിലുള്ളത്. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് മേഖലയിലെ തട്ടിപ്പുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏജന്‍സികളായ ഒ.ഡി.ഇ.പി.സി, നോര്‍ക്ക എന്നിവ വഴി മാത്രമേ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്താവൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ 2015ല്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, സ്വകാര്യ ഏജന്‍സികള്‍ കോടതിയെ സമീപിച്ച് നിയമനടപടിയിലൂടെ ഇത് എടുത്തുകളയുകയായിരുന്നു. ഇതോടെ സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള റിക്രൂട്ട്‌മെന്റുകള്‍ ഇപ്പോഴും തുടരുകയാണ്. ഒ.ഡി.ഇ.പി.സി വഴിയുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ക്ക് ചെറിയ തുക മാത്രമാണ് ഈടാക്കുന്നതെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ ഇതിന്റെ പത്തിരട്ടിയോളം ഈടാക്കുന്നുണ്ട്.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ ഏജന്‍സികള്‍ വഴി വിദേശ രാജ്യങ്ങളിലേക്ക് നടക്കുന്ന റിക്രൂട്ട്‌മെന്റുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പോലും സര്‍ക്കാരിന് ലഭ്യമല്ല. ഈ മേഖലയിലെ തട്ടിപ്പുകളെക്കുറിച്ച് ഒ.ഡി.ഇ.പി.സിയുടെ നേതൃത്വത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ടെന്ന് ജനറല്‍ മാനേജര്‍ എസ്.എസ് സാജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."