'ഹെറാള്‍ഡ് ഹൗസ് ' ഒഴിപ്പിക്കുന്നതിന് സ്റ്റേ
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡ് സ്ഥിതിചെയ്യുന്ന ഹെറാള്‍ഡ് ഹൗസ് ഏറ്റെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു. ഹെറാള്‍ഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എ.ജെ.എല്‍) പ്രവര്‍ത്തിക്കുന്ന കെട്ടിടം ഏറ്റെടുക്കാനുള്ള കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നടപടി ചോദ്യംചെയ്തു കോണ്‍ഗ്രസ് നല്‍കിയ ഹരജിയിലാണ് നടപടി.
ഇന്നലെ കേസ് പരിഗണിക്കവേ, ഇക്കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നു കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഇക്കാര്യം ഇന്നലെ സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അംഗീകരിക്കുകയും ചെയ്തു. കേസ് ഇനി പരിഗണിക്കുന്ന ഈ മാസം 22 വരെ ഏറ്റെടുക്കല്‍ നടപടിയുണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ കേസ് കൂടുതല്‍ വാദംകേള്‍ക്കുന്നതായി നീട്ടുകയായിരുന്നു.
ഡല്‍ഹി വിക്രം നഗറിലെ ബഹദൂര്‍ ഷാ സഫര്‍ മാര്‍ഗില്‍ സ്ഥിതിചെയ്യുന്ന ഹെറാള്‍ഡ് ഹൗസ് 56 വര്‍ഷം നീണ്ട പാട്ടം അവസാനിപ്പിച്ച് ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ മാസം 30നു നഗരവികസന മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇന്നലെയ്ക്കു മുന്‍പായി ഒഴിയണമെന്നായിരുന്നു നോട്ടിസിലെ ആവശ്യം. ഇതു ചോദ്യംചെയ്തു തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.
മുതിര്‍ന്ന അഭിഭാഷകനും പാര്‍ട്ടി വക്താവുമായ അഭിഷേക് മനു സിങ്‌വിയാണ് കോണ്‍ഗ്രസിനുവേണ്ടി ഹാജരായത്. നാഷനല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥാവകാശം, നികുതി എന്നിവയുമായി ബന്ധപ്പെട്ട കേസുകളും സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."