സുനില്‍ പി. ഇളയിടത്തിന്റെ ഓഫിസിന് നേരെ ആക്രമണം
കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനില്‍ പി. ഇളയിടത്തിന്റെ ഓഫിസിന് നേരെ ആക്രമണം. ബുധനാഴ്ച രാത്രിയാണ് സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫിസിന് നേരെ ആക്രമണമുണ്ടായത്. ആക്രമികള്‍ നെയിംബോര്‍ഡ് തകര്‍ക്കുകയും ഓഫിസിന്റെ വാതിലില്‍ കാവി നിറത്തില്‍ ഗുണന ചിഹ്നം വരയ്ക്കുകയും ചെയ്തു. സംഘ്പരിവാര്‍ ഫാസിസത്തിനെതിരേ ചരിത്രത്തിന്റെ പിന്‍ബലത്തോടെ നിരവധി പ്രഭാഷണങ്ങള്‍ നടത്തുന്നയാളാണ് സുനില്‍ പി . ഇളയിടം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആക്രമണം നടത്തിയ സംഘപരിവാറിനെതിരേ അദ്ദേഹം രംഗത്തുവന്നിരുന്നു. അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനത്തിന് പേരില്‍ സംഘപരിവാര്‍ അനുകൂലികള്‍ സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരുന്നു. കണ്ടാല്‍ കല്ലെറിഞ്ഞു കൊല്ലണം എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയിരുന്നത്. ഇതിനെതിരേ വിശദീകരണവുമായി അദ്ദേഹവും രംഗത്തുവന്നിരുന്നു. അതിനുപിന്നാലെയാണ് ഓഫിസിനു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ സര്‍വകലാശാല അധികൃതര്‍ പൊലിസില്‍ പരാതി നല്‍കി. അതേസമയം, ആക്രമണത്തിലൂടെ തന്നെ നിശബദ്‌നാക്കാനുള്ള സംഘ്പരിവാര്‍ ശ്രമമാണ് ഉണ്ടായതെന്നും അത് വിലപ്പോകില്ലെന്നും സുനില്‍ പി. ഇളയിടം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."