മഴയായി ഉതിര്‍ന്നു 'നെല്ലിക്ക' മധുരം; രണ്ടു പതിറ്റാണ്ടിന്റെ പതിവ് തെറ്റിയില്ല
വിനയന്‍ പിലിക്കോട്
ഹരിതാഭമായ മനസുള്ള അധ്യാപകര്‍ ചെയ്ത നന്മയുടെ മധുരം തലമുറകളിലേക്ക് പകരുന്ന കഥയാണിത്. 20 വര്‍ഷമായി ഒരു വിദ്യാലയത്തില്‍ നടക്കുന്നതും എന്നാല്‍ അധികമാരും അറിയാത്തതുമായ ഒരു 'നെല്ലിക്ക' ഉത്സവത്തിന്റെ കഥ.
ചെറുവത്തൂര്‍: സ്‌കൂള്‍ മുറ്റത്ത് ഉത്സവ പ്രതീതി. മുറ്റത്തെ നെല്ലിമരച്ചോട്ടിലെല്ലാം കുട്ടികള്‍. നാട്ടുകാരും പി.ടി.എ ഭാരവാഹികളും, പൂര്‍വവിദ്യാര്‍ഥികളുമൊക്കെയായി കുറച്ചു പേര്‍ മരങ്ങള്‍ക്ക് മുകളിലേക്ക് കയറിയതോടെ നെല്ലിക്കകള്‍ മഴയായി ഉതിര്‍ന്നു.
നാലിലാം കണ്ടം ഗവ. യു.പി സ്‌കൂള്‍ മുറ്റത്തെ നെല്ലിമരങ്ങളില്‍ നിന്നും പറിച്ചെടുത്തത് 400 കിലോയോളം നെല്ലിക്ക. ഇത് ഈ വര്‍ഷത്തെ മാത്രം കാഴ്ചയല്ല. 20 വര്‍ഷമായി ഈ വിദ്യാലയത്തില്‍ വര്‍ഷത്തിലൊരിക്കല്‍ ഉത്സവ പ്രതീതിയില്‍ നെല്ലിക്കകള്‍ പറിച്ചെടുക്കുന്ന പതിവ് തുടരുന്നു. മറ്റൊരു വിദ്യാലയത്തിലുമില്ലാത്ത കാഴ്ച നാലിലാംകണ്ടം ഗവ. യു.പി സ്‌കൂളില്‍ എല്ലാ ശിശുദിനത്തിലും കാണാം. സ്‌കൂളുകളില്‍ ജൈവ വൈവിധ്യഉദ്യാനം എന്ന സങ്കല്‍പം രൂപപ്പെടും മുന്‍പേ ഈ വിദ്യാലയ പരിസരം മരങ്ങളാല്‍ സമ്പന്നമാണ്. അധികവും നെല്ലിമരങ്ങള്‍. എല്ലാം നന്നായി കായ്ക്കും. കുട്ടികള്‍ക്ക് വേണ്ട നെല്ലിക്കകള്‍ മരങ്ങള്‍ക്ക് ചുവട്ടില്‍ നിന്നുതന്നെ ലഭിക്കും. അതുകൊണ്ടുതന്നെ കുട്ടികള്‍ കല്ലെറിയുകയോ പറിച്ചെടുക്കുകയോ ഇല്ല. വര്‍ഷത്തിലൊരിക്കല്‍ പറിച്ചെടുക്കുന്ന നെല്ലിക്കകള്‍ തുല്യമായി കുട്ടികള്‍ക്ക് വീതിച്ചു നല്‍കും. 194 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഒരു കുട്ടിക്ക് രണ്ടു കിലോവീതം നല്‍കാന്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും നെല്ലിക്കകള്‍ ലഭിച്ചു. അതായത് 400 കിലോയോളം നെല്ലിക്ക. ആരാണ് ഇത് തുടങ്ങിവച്ചത് എന്ന് അറിയില്ല. എങ്കിലും സ്ഥലം മാറ്റം ലഭിച്ചു വരുന്ന അധ്യാപകരെല്ലാം ഇത് പതിവ് തെറ്റിക്കാതെ തുടരുന്നു. സ്‌കൂള്‍ മുറ്റത്തെ നെല്ലിയും നെല്ലിക്കയുമൊക്കെ മധുരമുള്ള അനുഭവമായി കൊണ്ട് നടക്കുന്ന നിരവധി പൂര്‍വവിദ്യാര്‍ത്ഥികളും ഈ ദിനത്തില്‍ വിദ്യാലയത്തിലെത്തുന്നു. സ്‌കൂള്‍ പ്രധാനാധ്യാപിക എ ലീല നെല്ലിക്കകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."