എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സപ്ലൈകോ മാളുകള്‍ ആരംഭിക്കും: മന്ത്രി തിലോത്തമന്
തൊടുപുഴ: അവശ്യ സാധനങ്ങളെല്ലാം ഒരു കുടക്കീഴില് കൊണ്ടുവരുന്നതിനായി ജില്ലാ കേന്ദ്രങ്ങളില്‍ സപ്ലൈകോ മാളുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്. കാഞ്ചിയാറില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പ്രധാന ഒന്‍പത് കേന്ദ്രങ്ങളില്‍ ഗൃഹോപകരണങ്ങള്‍ വിപണനം നടത്താവുന്ന പൊതുവിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. യാത്രാ അസൗകര്യത്താല്‍ ബുദ്ധിമുട്ടുന്ന മുഴുവന്‍ ആദിവാസി ഊരുകളിലേക്കും ഭക്ഷ്യധാന്യമെത്തിച്ചു നല്‍കാനുള്ള നടപടികള്‍ സപ്ലൈകോ ആരംഭിച്ചുകഴിഞ്ഞു. രാജ്യമൊട്ടാകെ വിലക്കയറ്റം വ്യാപിച്ചപ്പോഴും അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ സപ്ലൈകോയിലൂടെ വിതരണംചെയ്ത് കേരളത്തില്‍ പൊതു കമ്പോളം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 200 കോടി രൂപയാണ് സപ്ലൈകോ പൊതുവിതരണ കേന്ദ്രങ്ങളുടെ മാര്‍ക്കറ്റ് വിപുലീകരണത്തിനായി സര്‍ക്കാര്‍ മാറ്റിവച്ചത്. അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാതെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."