കുട്ടികളിലെ മാനസിക രോഗങ്ങള്‍
ഹംസ ആലുങ്ങല്‍
ആരോഗ്യ പരിപാലനത്തിലും ചികിത്സാരംഗത്തും കേരളം ഏറെ മുന്നിലാണെങ്കിലും മാനസിക രോഗം തളയ്ക്കുന്നതില്‍ അഭിമാനാര്‍ഹമായ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. കുട്ടികളിലെ മാനസിക രോഗത്തിന്റെ തോത് പണ്ടത്തെക്കാള്‍ വളരെ വര്‍ധിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എത്രയോ കുട്ടികള്‍ വിവിധ മാനസിക രോഗങ്ങളുമായി ചികിത്സ തേടിയെത്തുന്നുണ്ട്.
പതിനാറുകാരിയായ ശീതള്‍ ഉദാഹരണം. ഒരു വര്‍ഷത്തിലേറെയായി അവള്‍ സ്‌കൂളില്‍ പോകുന്നില്ല. അന്തരീക്ഷത്തില്‍ നിന്ന് അശരീരി കേള്‍ക്കുന്നതായാണ് ആദ്യം തോന്നിയത്. പിന്നീട് കൂട്ടുകാരോട് ഇടപഴകാതായി. കുളിക്കുന്നത് അപൂര്‍വം. വസ്ത്രം മാറാനും മടി. ചിലപ്പോള്‍ തനിച്ചു സംസാരിക്കും. മാതാപിതാക്കളും ബന്ധുക്കളും ഭക്ഷണത്തില്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിക്കുന്നതായി തോന്നും.
ഇത്തരത്തില്‍ മതിഭ്രമം (സ്‌കിസോഫ്രീനിയ) കുട്ടികളില്‍ വര്‍ധിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കുതിരവട്ടത്തെയും ഊളമ്പാറയിലെയും മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഈ രോഗം ബാധിച്ച നിരവധി കുട്ടികള്‍ ചികിത്സയിലുണ്ട്.
വിഷാദത്തിന്റെ വിരുന്നുകാര്‍
വിഷാദ രോഗവും ഉത്കണ്ഠ രോഗവും കുട്ടികളില്‍ പെരുകിയിട്ടുണ്ട്. പഠന സമ്മര്‍ദം, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവയാണു കാരണം. ഇത്തരം കുട്ടികള്‍ ഒന്നിലും താല്‍പ്പര്യം കാണിക്കില്ല. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കില്ല. അകാരണ ഭയം, വിശപ്പില്ലായ്മ, വിശപ്പു കൂടുതല്‍, തൂക്കം കുറയുക, ഉറക്കം കുറയുക, അമിത ഉറക്കം, ആത്മഹത്യ ചിന്ത ഇവയൊക്കെയാണു പ്രധാന ലക്ഷണങ്ങള്‍. രോഗി ആത്മഹത്യാ പ്രവണത കാണിക്കുകയോ ലഹരി മരുന്നുകള്‍ ഉപയോഗിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കണമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. വിഷാദരോഗം ചികിത്സിച്ചു മാറ്റാം. മരുന്നിനൊപ്പം കൗണ്‍സലിങും രക്ഷിതാക്കളെ ബോധവല്‍കരിക്കലും പ്രധാനമാണ്. മാനസിക രോഗവുമായി ബന്ധപ്പെട്ട വ്യാജ ചികിത്സ അകറ്റി നിര്‍ത്തണം. ഈ രംഗത്തു വ്യാജ ചികിത്സകര്‍ നിരവധിയാണ്. മന്ത്രവാദവും ലൊടുക്കു വിദ്യകളും മാത്രമല്ല യോഗയുടെ പേരില്‍പ്പോലും വ്യാജ മനോരോഗ ചികിത്സ നടക്കുന്നുണ്ട്. വിവരമില്ലായ്മയെയാണു വ്യാജന്മാര്‍ ചൂഷണം ചെയ്യുന്നത്.
സ്‌കൂളോഫോബിയ
സ്‌കൂളിനെ ഭയപ്പെടുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. അടിയും വടിയും തുറിച്ചു നോട്ടവും ഭരിച്ചിരുന്ന പണ്ടുകാലത്തെ അധ്യാപകനെ കുട്ടികള്‍ ഭയന്നിരുന്നു. ചൂരല്‍വടിയും തുറിച്ചുനോട്ടവും പടിയിറങ്ങിപ്പോയിട്ട് നാളുകളേറെയായി. എന്നിട്ടും ചില കുട്ടികള്‍ക്ക് സ്‌കൂള്‍ ഭീതിയാകുന്നു. യുക്തിരഹിതവും സ്ഥിരവുമായ പേടിയെയാണിത്.
സ്‌കൂളോഫോബിയയുള്ള കുട്ടികളില്‍ 59 ശതമാനവും അഞ്ചു മുതല്‍ പത്തുവരെ വയസുള്ളവരാണ്. ഒന്‍പത് ശതമാനം പേര്‍ പതിനൊന്നോ അതില്‍കൂടുതലോ പ്രായമുള്ളവരുമാണ്. കുട്ടികളില്‍ വീടുമായി അകന്നുനില്‍ക്കുന്നതിനുള്ള ഭയം ഒന്നര മുതല്‍ രണ്ടു വയസുവരെയുള്ളവരിലാണ് സാധാരണ കണ്ടുവരുന്നത്.
മരണത്തില്‍ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ടതായി കരുതുക. പെട്ടെന്നുള്ള രോഗം, അപകടം, പരുക്ക് എന്നിവയെത്തുടര്‍ന്നും മാനസിക രോഗങ്ങള്‍, അപസ്മാരം, ആസ്ത്മ, ഉദര സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവകൊണ്ടുമൊക്കെ ഭയം വരാം. സ്‌കൂളോഫോബിയയെക്കുറിച്ചുള്ള കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ വീടിനെയും സ്‌കൂളിനെയും ഒരുപോലെ കണക്കിലെടുക്കണമെന്നാണ് വിദഗ്ധാഭിപ്രായം.
സ്‌കൂളോഫോബിയക്കാരെ രക്ഷിതാക്കളും ബന്ധുക്കളും നല്ലപോലെ ശ്രദ്ധിക്കണം. ഇവര്‍ മിക്കപ്പോഴും ആകാംക്ഷാ ഭരിതരായിരിക്കും. പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടും. ക്ലാസില്‍ പോകുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ പരിഭ്രാന്തരാകും. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിക്കും.
സ്‌കൂള്‍ ജീവിതവുമായി പൊരുത്തപ്പെടാനാകാതെയും വരാം ചിലര്‍ക്ക്. വീട്ടിലെ ഏറ്റവും ഇളയ കുട്ടികളിലും സഹോദരങ്ങളില്ലാത്ത ഒറ്റ കുട്ടികളിലും ഗുരുതരമായ ശാരീരിക രോഗമുള്ളവരിലുമാണ് സ്‌കൂളോഫോബിയ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. ചെറിയ പ്രശ്‌നങ്ങള്‍ക്കുപോലും സ്‌കൂളില്‍ പോകാന്‍ മടിക്കുന്നതുകൊണ്ട് ഒട്ടേറെ പഠന ദിനങ്ങളാണ് ഇവര്‍ക്ക് നഷ്ടമാകുന്നത്.
സ്വഭാവ ദൂഷ്യമെന്ന
മനോരോഗം
പഠനവൈകല്യം, ഓട്ടിസം, വൈകാരിക വൈകല്യം, ശ്രദ്ധാവൈകല്യം, ഒ.സി.ഡി (ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍) എന്നിവയ്ക്കു പുറമെ സ്വഭാവദൂഷ്യ രോഗങ്ങള്‍ക്കും കുട്ടികളുമായി രക്ഷിതാക്കള്‍ ഡോക്ടര്‍മാരുടെ മുന്‍പില്‍ രക്ഷിതാക്കള്‍ എത്തുന്നുണ്ട്. സ്വഭാവദൂഷ്യത്തെ രോഗമായി പലരും കണക്കാക്കുന്നില്ല.
ഇതില്‍ രക്ഷിതാക്കള്‍ക്കും സമൂഹത്തിനും സംസ്‌കാരത്തിനും പാരമ്പര്യത്തിനും ഒരുപോലെ പങ്കുണ്ട്. രണ്ടുവയസുള്ള കുട്ടി രക്ഷിതാക്കളുടെ സ്‌നേഹവും വാത്സല്യവും വേണ്ട വിധത്തില്‍ ലഭിക്കാതെ വളര്‍ന്നാല്‍ പില്‍ക്കാലത്തു സ്വഭാവദൂഷ്യം കാണിക്കാം. ഇതിനു കഠിനശിക്ഷ നല്‍കിയിട്ടു കാര്യമില്ല. കയറൂരി വിട്ടാല്‍ ഭാവിയില്‍ സാമൂഹ്യ വിരുദ്ധനായെന്നും വരാം.
സ്വഭാവദൂഷ്യം ചികിത്സിച്ചു മാറ്റുക പ്രയാസമാണ്. രോഗാവസ്ഥ ആദ്യമേ മനസിലാക്കി വേണം ഇടപെടാന്‍. സ്‌നേഹവും പരിഗണനയുമാണ് ഇവര്‍ക്കു നല്‍കേണ്ട ആദ്യ മരുന്ന്. അതിനു ശേഷം വിദ്യാഭ്യാസം, കുടുംബം, മനസ് എന്നിവയെയെല്ലാം സംയോജിപ്പിച്ചുള്ള സമഗ്ര ചികിത്സാ രീതിയുണ്ട്. മനഃശാസ്ത്ര വിദഗ്ധന്റെ സഹായം ആവശ്യമാണ്.കുട്ടികളിലെ അക്രമവാസന, എടുത്തുചാട്ടം എന്നിവ ലഘൂകരിക്കുന്നതിനു മരുന്നുകളുണ്ട്. മനഃശാസ്ത്ര ചികിത്സകളില്‍ പാരന്റ് മാനേജ്‌മെന്റ് ട്രെയിനിങ് രീതിയിലൂടെയാണ് സ്വഭാവദൂഷ്യം മാറ്റിയെടുക്കുന്നത്. ഇതിന് ഓരോ വ്യക്തിക്ക് അനുസരിച്ച സൈക്കോ തെറാപ്പിയുണ്ടെന്നു ഡോ. പി.എന്‍ സുരേഷ് കുമാര്‍ പറയുന്നു.
പെണ്‍കുട്ടികളെ പിടികൂടുന്ന അനോറെക്‌സിയ നെര്‍വോസ
അനോറെക്‌സിയ നെര്‍വോസ പെണ്‍കുട്ടികളെ ബാധിക്കുന്ന രോഗമാണ്. അസാധാരണമായ മെലിച്ചിലാണു തുടക്കം. തടികൂടുമോ എന്ന യൗവനാരംഭ ഭീതിയില്‍ നിന്നാണ് ഈ രോഗമുണ്ടാകുന്നത്. ശരാശരി ഉണ്ടായിരിക്കേണ്ട ശരീരഭാരം നിലനിര്‍ത്താന്‍ പെണ്‍കുട്ടികള്‍ വിസമ്മതിക്കുന്നു. ഇതിന് ഔഷധ ചികിത്സയും പെരുമാറ്റ ചികിത്സയും കുടുംബ ചികിത്സയും വ്യക്തിഗത മനഃശാസ്ത്ര ചികിത്സയും ആവശ്യമാണ്. വിഷാദ രോഗത്തിന് നല്‍കുന്ന ആന്റി ഡിപ്രഷന്‍സ് മരുന്നുകളും സാധാരണ നല്‍കുന്നുണ്ട്. മാനസികവിഷമം കൂടുതലായി അനുഭവപ്പെടുമ്പോള്‍ സ്വയം ഛര്‍ദിക്കാന്‍ ശ്രമിക്കുന്ന അവസ്ഥയാണ് ബുളീമിയ. ശരീരം തടിച്ചുപോകുമോയെന്ന കൗമാരക്കാരുടെ അകാരണമായ ഭീതിയാണ് കാരണം.
ഇവര്‍ അമിതമായി ഭക്ഷണം കഴിക്കുന്നവരാകും. അത് നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിയില്ല. ചിലപ്പോള്‍ നിയന്ത്രണമില്ലാതെ വാരിവലിച്ചു കഴിക്കുന്നു. ശരീരം തടിക്കുന്നതിനെ പേടിക്കുകയും ചെയ്യുന്നു. ചികിത്സിച്ചുമാറ്റാന്‍ ഏറെ പ്രയാസമുള്ള ഈ രോഗത്തെ ആശുപത്രിയില്‍ കിടത്തി ചികിത്സയിലൂടെയും പെരുമാറ്റ ചികിത്സയിലൂടെയും അവബോധ ചികിത്സയിലൂടെയും മാറ്റിയെടുക്കാന്‍ സാധിക്കും.
അവസാനിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."