മോദിയുടെ ആരോപണത്തിന് മറുപടി : ഇനിയെങ്കിലും റാഫേലിനെക്കുറിച്ച് സംസാരിക്കൂവെന്ന് ചിദംബരം
ന്യൂഡല്‍ഹി: നെഹ്‌റു കുടുംബത്തെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മുന്‍ ധനമന്ത്രി പി. ചിദംബരം. നെഹ്‌റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്നു കോണ്‍ഗ്രസ് അധ്യക്ഷരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചാണ് ചിദംബരം മോദിക്കു മറുപടി നല്‍കിയത്.
ഛത്തിസ്ഗഡിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് മോദി കോണ്‍ഗ്രസിനെയും ആ പാര്‍ട്ടിയിലെ കുടുംബാധിപത്യത്തെയും വിമര്‍ശിച്ചിരുന്നത്. ഇതിനു മറുപടിയായാണ് സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് രാജ്യത്തിനു സംഭാവന ചെയ്ത നേതാക്കളുടെ പട്ടിക ചിദംബരം നിരവധി ട്വീറ്റുകളിലൂടെ പുറത്തുവിട്ടത്. അംബേദ്കര്‍, ലാല്‍ബഹദൂര്‍ ശാസ്ത്രി, കാമരാജ്, മന്‍മോഹന്‍ സിങ് തുടങ്ങി ആയിരക്കണക്കിനു നേതാക്കള്‍ കോണ്‍ഗ്രസുകാരാണ്. 1947നു ശേഷം ആചാര്യ കൃപലാനി, പട്ടാഭി സീതാരാമയ്യ, പുരുഷോത്തം ദാസ് ടാന്‍ഡന്‍, യു.എന്‍ ദേബാര്‍, സഞ്ജീവ് റെഡ്ഡി, സഞ്ജിവയ്യ, കാമരാജ്, നിജലിംഗപ്പ, സി. സുബ്രഹ്മണ്യം, ജഗ്ജീവന്‍ റാം, ശങ്കര്‍ ദയാല്‍ ശര്‍മ, ഡി.കെ ബറൂവ, ബ്രഹ്മാനന്ദ റെഡ്ഡി, പി.വി നരംസിഹ റാവു, സീതാറാം കേസരി തുടങ്ങിയവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരായിരുന്നുവെന്നും ചിദംബരം മോദിയെ ഓര്‍മിപ്പിച്ചു.
പ്രധാനമന്ത്രി ഉന്നയിച്ച സംശയങ്ങള്‍ക്കു മറുപടി ലഭിച്ച സാഹചര്യത്തില്‍ റാഫേല്‍ യുദ്ധവിമാന കരാര്‍, തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനങ്ങള്‍, ആന്റി റോമിയോ സ്‌ക്വാഡ്, ഭീകരാക്രമണം, ഗോ സംരക്ഷകര്‍ നടത്തുന്ന അക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു സംസാരിക്കാന്‍ മോദി തയാറാകുമോയെന്നു വെല്ലുവിളിച്ചാണ് ചിദംബരം ട്വീറ്റുകള്‍ അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."