നേരേകടവ് പാലത്തിന്റെ നിര്‍മാണം: പ്രത്യാഘാത പഠനം നടത്തും
പൂച്ചാക്കല്‍:മാക്കേക്കടവ് നേരേകടവ് പാലത്തിന്റെ നിര്‍മാണ നടപടികളുടെ ഭാഗമായി സാമൂഹ്യ പ്രത്യാഖ്യാത പഠനം നടത്തും.പാലം നിര്‍മാണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ അഭിപ്രായ ശേഖരണം, പ്രാദേശിക വികാരങ്ങള്‍ മനസിലാക്കല്‍ തുടങ്ങിയവയാണ് സാമൂഹ്യ പ്രത്യാഖ്യാത പഠനത്തില്‍ വരിക.
റവന്യു വകുപ്പ് ടെന്‍ഡര്‍ ചെയ്തു നല്‍കുന്ന പ്രത്യേക ഏജന്‍സിയായിരിക്കും പഠനത്തിന് എത്തുക.
പാലം നിര്‍മാണത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ റവന്യു വകുപ്പ് നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്. അവ പൂര്‍ണ്ണമായാല്‍ മാത്രമെ പാലം നിര്‍മാണം സുഗമമാവുകയുള്ളു.കായല്‍ മധ്യത്തിലെ രണ്ടു സ്പാനുകളില്‍ ബീം വാര്‍ക്കല്‍ ഇപ്പോള്‍ നടക്കുകയാണ്. മറ്റുള്ള ബീമുകള്‍ കരയില്‍ വാര്‍ത്ത ശേഷം യന്ത്രസഹായത്തോടെ കായലിലെത്തിച്ചു ഘടിപ്പിക്കലാണ് പദ്ധതിയിലുള്ളത്.ഇതിനാണ് സ്ഥലം ഏറ്റെടുക്കേണ്ടത്.സാമൂഹ്യ പ്രത്യാഖ്യാത പഠനത്തിന്റെ ടെന്‍ഡര്‍,സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയവ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാണ്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനവും പെരുമാറ്റചട്ടവും വന്നാല്‍ നടപടികള്‍ കൂടുതല്‍ വൈകിയേക്കും.തുറവൂരില്‍ തുടങ്ങി തൈക്കാട്ടുശേരി,മാക്കേക്കടവ് പാലം വഴി പമ്പയില്‍ അവസാനിക്കുന്ന യാത്രാരീതിയാണ് തുറവൂര്‍ പമ്പ പാത എന്ന പദ്ധതിയില്‍ ചെയ്യുന്നത്.അടുത്ത മണ്ഡലകാലത്തിലെങ്കിലും പാത യാഥാര്‍ഥ്യമാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."