പിള്ളക്കും കിട്ടി മിസോറാം പണിഷ്‌മെന്റ്: ബി.ജെ.പിയില്‍ അടുത്ത പ്രസിഡന്റിനായി തര്‍ക്കം മുറുകി, കുമ്മനത്തിനായി ആര്‍.എസ്.എസ്, സുരേന്ദ്രനും ശോഭാ സുരേന്ദ്രനും വേണ്ടിയും ചരടുവലികള്‍
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ച'ടിയോടെ ബി.ജെ.പിയില്‍ വീണ്ടും മിസോറം പണിഷ്‌മെന്റ്. സംസ്ഥാന പ്രസിഡിനെ തന്നെയാണ് രണ്ടാമതും മിസോറാമിലേക്കു നാടു കടത്തുന്നത്. കുമ്മനം രാജശേഖരനെ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്കു കൊണ്ടുവരണമെന്ന ആവശ്യത്തില്‍ ആര്‍.എസ്.എസ് ഉറച്ചു നില്‍ക്കുന്നുമുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ശ്രീധരന്‍ പിള്ളക്കെതിരേ മുറുമുറുപ്പുകള്‍ ഉയര്‍ന്നിരുന്നു. ശബരിമല വിഷയത്തിലെ ഇരട്ട മുഖം വ്യക്തമാക്കിയതിലൂടെ പാര്‍ട്ടിക്ക് നല്ലക്ഷീണമുണ്ടാക്കി. അന്നുതന്നെ മറ്റേതെങ്കിലും പദവികളിലേക്ക് മാറ്റുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. സംസ്ഥാന ഘടകത്തില്‍ സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ സജീവമാകുമ്പോഴാണ് അടുത്ത മാസം വരേ കാലാവധിയുള്ള സംസ്ഥാന അധ്യക്ഷനെ തന്നെ മാറ്റി രാഷ്ട്രീയ കേരളത്തെ തന്നെ ബി.ജെ.പി കേന്ദ്രനേതൃത്വം ഞെട്ടിക്കുന്നത്.
കേരളത്തില്‍ പരീക്ഷിച്ച് പരാജയപ്പെടുന്ന നേതാക്കളെ പുനരധിവസിക്കാനുള്ള തട്ടകമാക്കി മാറ്റിയിരിക്കുകയാണ് ദേശീയ നേതൃത്വം മിസോറാമിലെ രാജ്ഭവന്‍. നേരത്തെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തലേന്നാണ് സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറമിലേക്ക് ഗവര്‍ണറായി അയക്കുന്നത്.
അന്നത്തെ സ്ഥാനാര്‍ഥിയായിരുന്ന പി.എസ് ശ്രീധരന്‍പിള്ള എട്ടുനിലയില്‍ പൊട്ടിയതോടെ പിന്നീട് സംസ്ഥാന അധ്യക്ഷനാക്കുകയായിരുന്നു. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന്റെ പിറ്റേന്ന് അദ്ദേഹത്തിനും കുമ്മനത്തിന്റെ കസേരയിലേക്കു തള്ളിവിട്ടിരിക്കുകയാണ്.
അഞ്ചുമാസംമുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അരലക്ഷത്തിലേറെ വോട്ടാണ് ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് മണ്ഡലങ്ങളിലായി ബി.ജെ.പിക്ക് നഷ്ടമായത്. ഇക്കാര്യം ദേശീയനേതൃത്വത്തോട് എങ്ങനെ വിശദീകരിക്കുമെന്നറിയാതിരിക്കുമ്പോഴാണ് ഈ നാടു കടത്തലെന്നതും ശ്രദ്ധേയമാണ്.
താന്‍ മാറ്റിനിര്‍ത്തപ്പെടുകയാണെന്ന അതൃപ്തി പ്രകടിപ്പിക്കാന്‍ ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് മറന്നതുമില്ല. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട സ്ഥാനചലനമാണോ എന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിച്ചതുമില്ല.
അതേ സമയം ആരാകും ശ്രീധരന്‍പിള്ളയുടെ പകരക്കാരന്‍ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. കുമ്മനം രാജശേഖരന്റെയും കെ. സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും പേരുകളാണ് പരിഗണനയിലുള്ളത്.
സംസ്ഥാന അധ്യക്ഷനെതിരെ മുരളി പക്ഷവും കൃഷ്ണദാസ് പക്ഷവും നീക്കങ്ങള്‍ നേരത്തെ തന്നെ ശക്തമാക്കിയിരുന്നു. അതിനിടെയാണ് കേന്ദ്ര നേതൃത്വം തന്നെ പിള്ളയെ മാറ്റിയത്. പകരക്കാരനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ നീക്കം സജീവമാണ്. കെ.സുരേന്ദ്രന് വേണ്ടി വി.മുരളീധരനും ശോഭാ സുരേന്ദ്രനുവേണ്ടി കൃഷ്ണദാസ് പക്ഷവുമാണ് ചരടുവലികള്‍ ആരംഭിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."