ശബരിമല പ്രശ്നം പരിഹരിക്കാത്തത് ഭരണപരാജയം ചര്‍ച്ചയാകാതിരിക്കാനെന്ന്
തിരുവള്ളൂര്‍: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മനസു വച്ചാല്‍ മണിക്കൂറുകള്‍ കൊണ്ട് തീര്‍ക്കാന്‍ കഴിയുന്ന ശബരിമല പ്രശ്നം നീണ്ടിക്കൊണ്ടു പോകുന്നത് ഭരണപരാജയങ്ങള്‍ മറച്ചുവയ്ക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വില്ല്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.പി വിശ്വനാഥന് നേതൃത്വം നല്കുന്ന 'ദുരന്തമാണ് ഭാരതം, ദുരിതമാണ് കേരളം' പദയാത്ര തിരുവള്ളൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തിന്റെയും ആചാരത്തിന്റെയും തര്‍ക്കം നീട്ടിക്കൊണ്ടുപോയി സര്‍ക്കാരുകളുടെ ഭരണപരാജയം ചര്‍ച്ച ചെയ്യാതിരിക്കാനാണ് ഭരണ നേതൃത്വങ്ങള്‍ ശ്രമിക്കുന്നത്. ഇന്ധന വിലവര്‍ധനവും വിലക്കയറ്റവും റാഫേല്‍ ഉള്‍പ്പെടെ സഹസ്രകോടി അഴിമതി ചര്‍ച്ചയാകുന്നത് കേന്ദ്ര സര്‍ക്കാരും ക്ഷേമപെന്ഷന് നിഷേധം, ബ്രൂവറി അഴിമതി, ബന്ധുത്വ നിയമനം, പ്രളയകാല നിസംഗത ഉള്‍പ്പെടെ ചര്‍ച്ചയാകുന്നത് സംസ്ഥാന സര്‍ക്കാരും ഭയക്കുന്നുണ്ട്. വി.ഡി പ്രജീഷ് അധ്യക്ഷനായി. അഡ്വ. ടി. സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. എന്‍. സുബ്രഹ്മണ്യന്, കെ. പ്രവീണ്‍ കുമാര്‍, വി.ബി രാജേഷ്, സി.പി വിശ്വനാഥന്, പ്രമോദ് കക്കട്ടില്‍, കാവില്‍ രാധാകൃഷ്ണന്, ബവിത് മലോല്‍, പി.സി ഷീബ, ആര്. രാമകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."