മുഴുവന്‍ കുട്ടികള്‍ക്കും വിരബാധയ്ക്കെതിരേ ഗുളിക നല്‍കും
ചെറുവത്തൂര്‍: ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ചു പത്തിനു കുട്ടികള്‍ക്കു വിരബാധയ്ക്കെതിരേ ഗുളിക നല്‍കും. ഒന്നിനും 19 നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഓരോ ഡോസ് ആല്‍ബന്റസോള്‍ ഗുളികയാണു നല്‍കുക. ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സ്കൂളുകള്‍, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ചാണു ഗുളിക വിതരണം നടക്കുക. 10 നു ഗുളിക കഴിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കു സമ്പൂര്‍ണ വിരവിമുക്ത ദിനമായ 17 നു ഗുളിക ലഭ്യമാക്കും.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് ഉള്‍പ്പെടെ മുഴുവന്‍ സ്കൂളുകളിലും അങ്കണവാടികളിലും സൗജന്യമായാണു ഗുളിക വിതരണം ചെയ്യുന്നത്. ഗുളിക വിതരണത്തിനു മുന്നോടിയായി അധ്യാപകര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും ബോധവത്കരണ പരിപാടികള്‍ നടന്നു വരുന്നുണ്ട്. വിളര്‍ച്ച, പോഷണക്കുറവ്, വിശപ്പില്ലായ്മ, തളര്‍ച്ച, വയറുവേദന, മനംപിരട്ടല്‍, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ വിരബാധ മൂലം കുട്ടികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ആരോഗ്യമുള്ള കുട്ടികള്‍ക്കായി ഗുളിക നിര്‍ബന്ധമായും കഴിക്കണമെന്നുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ഗുളിക ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം ചവച്ചരച്ചാണു കഴിക്കേണ്ടത്. ഒഴിഞ്ഞ വയറില്‍ ഗുളിക കഴിക്കരുത്. മറ്റ് അസുഖങ്ങളുള്ളവര്‍ ഗുളിക കഴിക്കേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്. സ്കൂളുകളിലും അങ്കണവാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത കുട്ടികളും ഗുളിക കഴിക്കണം. ഒന്നു മുതല്‍ അഞ്ചു വരെ പ്രായമുള്ളവര്‍ അടുത്തുള്ള അങ്കണവാടിയിലും ആറു മുതല്‍ 19 വരെ പ്രായമുള്ളവര്‍ അടുത്തുള്ള സ്കൂളിലും എത്തി ഗുളിക വാങ്ങി കഴിക്കണമെന്നാണു നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."