'തടവിലിടാം ഉപദ്രവിക്കാം എന്നാല്‍ തിന്മക്കെതിരെ പോരാടാനുള്ള താങ്കളുടെ കരുത്തിനെ തകര്‍ക്കാനാവില്ല അവര്‍ക്ക്'- ഹൃദയം തൊട്ട് സഞ്ജീവ് ഭട്ടിന് മകന്റെ കത്ത്
ന്യൂഡല്‍ഹി: നീതിക്കായുള്ള പോരാട്ടത്തില്‍ തടവറയില്‍ കഴിയുന്ന ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ഉള്ളം തൊട്ട് മകന്‍ എഴുതിയ കത്ത്. മാതാവ് ശ്വേത ഭട്ട് ആണ് ദീപാവലി ആശംസകള്‍ അറിയിച്ചുള്ള മകന്റെ എഴുത്ത് ഫേസ് ബുക്കില്‍ പങ്കുവെച്ചത്. പഞ്ജീവ് തടവു ജീവിതത്തിന് ഒരു വര്‍ഷവും മൂന്നു മാസവും ആയെന്ന് ഓര്‍മിപ്പിക്കുന്നു ശ്വേത. ലോകം മുഴുവന്‍ വെളിച്ചത്തിന്റെയും ഒത്തുചേരലിന്റെയും ദീവാവലി ആഘോഷിക്കുമ്പോള്‍ തങ്ങള്‍ക്ക് വീണ്ടും അന്ധകാരം നിറഞ്ഞ ഒട്ടും സന്തോഷമില്ലാത്ത നാളാണിതെന്ന് അവര്‍ സങ്കടപ്പെടുന്നു. ഇരുട്ടിനു മേല്‍ പ്രകാശത്തിന്റെ, അജ്ഞതക്കു മേല്‍ അറിവിന്റെ, തിന്മക്കു മേല്‍ നന്മയുടെ വിജയത്തിന്റെ ആഘോഷമാണ് ദീപാവലി. സഞ്ജീവ് ഭട്ട് തിരിച്ചെത്തുന്ന ഒരു ദീപാവലിക്കായി കാത്തിരിക്കുകയാണെന്ന പ്രതീക്ഷയും അവര്‍ പങ്കുവെക്കുന്നു.
മകന്‍ ശാന്തനുവിന്റെ എഴുത്ത്
പ്രിയപ്പെട്ട അച്ഛാ താങ്കള്‍ക്ക് ദീപാവലി സന്തോഷം നേരുന്നു. താങ്കളെ വീട്ടില്‍ നിന്നും കുടുംബത്തില്‍ നിന്ന് അകറ്റിയ ശേഷമുള്ള രണ്ടാമത്തെ ദീപാവലിയാണിത്. പക്ഷെ അതൊന്നും പ്രശ്‌നമല്ല. കാരണം നിങ്ങള്‍ക്ക് ലക്ഷക്കണക്കിന് ആളുകളുള്ള വിശാലമായ ഒരു കുടുംബമുണ്ട് ഇന്ന്. താങ്കള്‍ വീട്ടിലേക്ക് തിരിച്ചെത്തുന്ന കാത്തിരിക്കുന്ന അതിനായി പോരാടുന്ന ഒരു വലിയ കുടുംബം. ഒരാളെ നിങ്ങള്‍ക്ക് തടവിലിടാം. എന്നാല്‍ തെറ്റിനെതിരെ പോരാടാനുള്ള അയാളുടെ കരുത്തിനേയും ആത്മാവിനേയും തടയാനാവില്ല. അത് ഈ നിരക്ഷരരായ വിദ്വേഷവും കൊണ്ടു നടക്കുന്ന തെമ്മാടികള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല. അവര്‍ക്ക് നിങ്ങളെ നിങ്ങളുടെ കുടുംബത്തില്‍ നിന്നകറ്റാം. എന്നാല്‍ അവരുടെ പ്രാര്‍ഥനകളേയും ആശിര്‍വാദങ്ങളേയും താങ്കളില്‍ നിന്നകറ്റാനാവില്ല. അവര്‍ക്കഹിതമായ സത്യത്തെ അടിച്ചമര്‍ത്താന്‍ അവര്‍ക്ക് ശ്രമിക്കാം. എന്നാല്‍ അവര്‍ക്കൊരിക്കലും അതില്‍ നിന്നൊളിക്കാന്‍ കഴിയില്ല എന്നതാണ് പരമപ്രധാനമായ യാഥാര്‍ത്ഥ്യം.
നമ്മുടെ കുടുംബത്തെ സംബന്ധിച്ച് ഏറ്റവും കഠിനമായതായിരുന്നു കഴിഞ്ഞുപോയ ഒരു വര്‍ഷവും മൂന്നുമാസവും. അവര്‍ നമ്മുടെ വീട്ടില്‍ കയറി വന്നു അതിനെ നിലം പരിശാക്കി. പുലര്‍ച്ചെ കയറി വന്ന് താങ്കളെ കൊണ്ടു പോയി.താങ്കളെ നിശബ്ദനാക്കാനും ഉപദ്രവിക്കാനും ഓരോ ദിവസവും അവര്‍ പുതിയ പുതിയ വഴികള്‍ തേടുന്നു. എന്നാല്‍ അവര്‍ മനസ്സിലാക്കിയതിനെല്ലാമപ്പുറം കരുത്തുറ്റ കുടുംബമാണ് താങ്കളുടേത്. അതിലുമേറെ കരുത്തനാണ് താങ്കളും. അവര്‍ നമ്മെ ഉപദ്രവിച്ചു കൊണ്ടേയിരിക്കും നമ്മളെ നോക്കി ചിലച്ചു കൊണ്ടേയിരിക്കും. അതില്‍ അവര്‍ വിജയിക്കുന്നുണ്ടാവാം. എന്നാല്‍ അവര്‍ക്ക് നമ്മളെ ഒരിക്കലും തകര്‍ക്കാനാവില്ല. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും താങ്കളെയാണ് ഞാനും ചേച്ചിയും മാതൃകയാക്കിയത്. ഇന്നും അങ്ങിനെ തന്നെ. എന്തൊക്കെ സംഭവിച്ചാലും എന്നും സത്യത്തോടൊപ്പം നില്‍ക്കാനാണ് ഞങ്ങള്‍ പഠിച്ചത്. കുഞ്ഞുന്നാള്‍ മുതല്‍ അങ്ങിനെയാണ്. ഇനിയും അങ്ങിനെ തന്നെ ആയിരിക്കും. ജീവിതകാലം മുഴുവന്‍ മുറുകെ പിുടിക്കാന്‍ തക്കവണ്ണം ഞങ്ങളില്‍ അത് അരക്കിട്ടുറപ്പിച്ചിട്ടുണ്ട്. കുടുംബത്തിന്റെയും സത്യത്തിന്റെയും ശക്തി ഈ വിഢികള്‍ ഒന്നു മനസ്സിലാക്കിയെങ്കില്‍ എന്ന് ഞാനാശിക്കുന്നു. അതിന് തെറ്റും ശരിയുമെന്തെന്ന് മനസ്സിലാക്കാനുള്ള ഒരു സമാന്യ ബുദ്ധിയെങ്കിലും വേണമല്ലോ ഇവര്‍ക്ക്.
എന്റെ ജീവിതത്തിലെ ഈ 24 വര്‍ഷത്തിനിടെ പ്രിയപ്പെട്ടതല്ലാത്ത ഒരോര്‍മ പോലുമില്ല താങ്കളെ കുറിച്ച്. താങ്കള്‍ സത്യസന്ധനും നീതിമാനുമായ ഒരു പൊലിസ് ഉദ്യോഗസ്ഥനും പ്രണയിയായ ഒരു ഭര്‍ത്താവും മാത്രമായിരുന്നില്ല. ലോകത്ത് മറ്റൊരു കുട്ടിക്കും ലഭിച്ചില്ലാത്തത്ര ഏറ്റവും നല്ല, വാത്സല്യനിധിയായ പിതാവും കൂടിയായിരുന്നു. ആറു മണിക്ക് ഞാന്‍ എവുനേല്‍ക്കുന്നതു മുതല്‍ എന്റെ ക്രിക്കറ്റ് പരിശീലനത്തിന് ഞാന്‍ സമയത്തിന് എത്തിയോ എന്ന് ഉറപ്പാക്കുന്ന, സ്‌കൂളില്‍ പോവുന്നതിന് മുമ്പ് ഞാന്‍ ഭക്ഷണം കഴിച്ചോ എന്ന് നോക്കുന്ന, തെരക്കിനിടയിലും ഞങ്ങളോടൊപ്പം ചെലവിടാന്‍ സമയം കണ്ടെത്തുന്ന അങ്ങേഅറ്റം ശ്രദ്ധാലുവായ ഒരു പിതാവ്. ബൈക്ക് ഓടിക്കാന്‍ എന്നെ പഠിപ്പിച്ചത് താങ്കാളാണ്. സ്‌പോര്‍ട്‌സും ശാരീരികക്ഷമതയും എത്രത്തോളം പ്രധാനമാണെന്ന് പറഞ്ഞു തന്നത് താങ്കളാണ്. ഭാഷയുടേയും വിദ്യാഭ്യാസത്തിന്‍രെയും പ്രാധാന്യം പഠിപ്പിച്ചു. അതിനെല്ലാമുപരി ആളുകളെ ബഹുമാനിക്കാനും അവര്‍ക്കൊപ്പം നില്‍ക്കാനും താങ്കള്‍ എന്നെ പഠിപ്പിച്ചു. ഇന്നീ കാണുന്ന ഒരാളാക്കി എന്നെ മാറ്റിയത് താങ്കളാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങള്‍ നമുക്ക് ഏറെ പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ നാമിന്ന് എന്നത്തേതിനേക്കാളും കരുത്തരാണ്. നീതിക്കായുള്ള ഈ പോരാട്ടത്തില്‍ താങ്കളാണ് ശരി. ഇന്ന് ഇത് താങ്കളെ മാത്രമോ ഞങ്ങളെയോ ബാധിക്കുന്ന കാര്യമല്ല. സത്യത്തിന്റെ ശക്തിയിലും നീതിയിലും വിശ്വസിക്കുന്ന ഓരോ വ്യക്തിയുടേയും പോരാട്ടമാണ്. തങ്ങളുടെ അറിവില്ലാത്ത തലവന്‍മാരുടെ വാക്കുകള്‍ നിഷേധിച്ച് സത്യത്തിനും ജനങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്ന ധീരരായ പൊലിസ് ഉദ്യോഗസ്ഥരുടേയും ഓഫീസര്‍മാരുടേയും പോരാട്ടമാണ്. തെറ്റിനെതിരെ നിലപാടെടുത്തവരുടെ കുടുംബങ്ങള്‍ തകര്‍ക്കപ്പെടാത്ത അഭിപ്രായ സ്വാതന്ത്ര്യമുള്ള ഇന്ത്യക്കായുള്ള പോരാട്ടമാണ്. അവരുടെ സ്വഛാധിപത്യം സ്ഥാപിക്കാനുള്ള ശക്തമായ നീക്കത്തിലാണ് ഈ ഭരണകൂടം. ഉത്തരവാദിത്തമുള്ളപൗരന്‍മാരെന്ന നിലക്ക് നമുക്ക് അതൊരിക്കലും അനുവദിച്ചു കൂടാ.
ഇത് കഠിനമായ സമയമാണെന്ന് എനിക്കറിയാം. ജ്വലിക്കുന്ന തോക്കും ചൂണ്ടി നില്‍ക്കുന്ന സ്വേഛാധിപത്യ ഭരണകൂടം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. എന്നാല്‍ ഞാന്‍ ഒരുകാര്യം ഉറപ്പു നല്‍കുന്നു. താങ്കളുടെ കുടുംബവും രാജ്യത്തെ സ്വതന്ത്രമായി ചിന്തിക്കുന്ന ഓരോരുത്തരും അല്‍പമെങ്കിലും ധാര്‍മികത ഉള്ളില്‍ ബാക്കിയുള്ള എല്ലാരും താങ്കളോടൊപ്പമുണ്ട്. താങ്കള്‍ ഒരിക്കലും തനിച്ചല്ല. ഒരിക്കലും തനിച്ചാവുകയുമില്ല. ഓരോ കാലടിയിലും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്.
ഇത്രയും കാലം നിങ്ങള്‍ ഞങ്ങളുടെ കരുത്തായിരുന്നു. ഇനി ഞങ്ങള്‍ താങ്കളുടെ കരുത്താവും. തിന്മക്കുമേല്‍ നന്മയുടെ ജയമാണ് ദീപാവലി. താങ്കള്‍ നമ്മുടെ വീട്ടില്‍ തിരിച്ചെത്തുന്ന ദിവസമായിരിക്കും നമ്മുടെ ദീപാവലി. നമ്മളെ തെറിപറയുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുമായിരിക്കാം. എന്നാല്‍ നമ്മള്‍ ഒരിക്കലും തകരില്ല. ആര്‍ക്കു മുന്നിലും വളയില്ല. താങ്കളെ കുറിച്ച് അങ്ങേഅറ്റം അഭിമാനിക്കുന്നു. ഒരുപാടിഷ്ടത്തോടെ ശാന്തനു സഞ്ജീവ് ഭട്ട്.
1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജാംനഗറിലെ സെഷന്‍സ് കോടതിയാണ് സഞ്ജീവ് ഭട്ടിനേയും സാലയേയും ജീവപര്യന്തം തടവിനുശിക്ഷിച്ചത്. പ്രഭുദാസ് മാധവ്ജി വൈഷണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് സഞ്ജീവ് ശിക്ഷിക്കപ്പെട്ടത്.1990 നവംബറിലാണ് അദ്ദേഹം മരണപ്പെട്ടത്. കസ്റ്റഡി പീഡനത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടതെന്നായിരുന്നു ആരോപണം.
ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയ്ക്ക് പങ്കുണ്ടെന്ന് പ്രതികരിച്ച വ്യക്തിയായിരുന്നു സഞ്ജീവ് ഭട്ട്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് സഞ്ജീവ് സാക്ഷി പറയുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."