'സ്‌നേഹിത' പരിഹരിച്ചത് 347 കേസുകള്‍
കാഞ്ഞങ്ങാട്: സ്ത്രീകള്‍ക്ക് സാന്ത്വനമേകാന്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേത്യത്വത്തില്‍ രൂപീകരിക്കപ്പെട്ട സ്‌നേഹിതയിലൂടെ പരിഹരിക്കപ്പെട്ടത് 347 കേസുകള്‍. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്‌നേഹിത പൊതുസ്ഥലങ്ങളില്‍ നിന്നുള്ള പീഡനം, ഭര്‍തൃപീഡനം, ഗാര്‍ഹികപീഡനം തുടങ്ങി എല്ലാ വിധ പ്രതിസന്ധി ഘട്ടങ്ങളിലും സ്ത്രീകള്‍ക്ക് കൈത്താങ്ങായി ഒപ്പമുണ്ട്.
ഏതു പ്രതിസന്ധി ഘട്ടത്തിലും സ്‌നേഹിതക്ക് കീഴിലെ ഷെല്‍റ്റര്‍ ഹോമില്‍ സ്ത്രീകള്‍ക്ക് അഭയം തേടാം. മൂന്ന് ദിവസത്തിനുള്ളില്‍ അവരുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്തുന്നു എന്നതാണ് സ്‌നേഹിതയുടെ പ്രത്യേകത. ഇവിടെ സ്ത്രീകള്‍ക്കാവശ്യമായ കൗണ്‍സിലിങ് കൊടുക്കുന്നു. മഹിളമന്ദിരത്തിലേക്ക് മാറ്റേണ്ടവരെ അങ്ങോട്ടേക്ക് മാറ്റുകയും ചെയ്യുന്നു. ജില്ലയില്‍ കാഞ്ഞങ്ങാട് ആവിക്കരയിലാണ് സ്‌നേഹിത ഷെല്‍റ്റര്‍ഹോം. സ്‌നേഹിതയുടെ പരിഗണിച്ച അന്‍പതോളം വിവാഹമോചന കേസുകളില്‍ 48 കേസുകളും പരിഹരിക്കാന്‍ പറ്റിയിട്ടുണ്ട്. കൂടാതെ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് അവര്‍ക്ക് ആവശ്യമായ ചികിത്സയും നല്‍കുന്നുണ്ട്. മാനസിക കേന്ദ്രത്തില്‍ എത്തിച്ച രോഗികള്‍ പിന്നീട് സ്‌നേഹിതയുടെ തുടര്‍ നിരീക്ഷണത്തിലായിരിക്കും. അവരെ രോഗവിമുക്തരാകുന്നത് വരെ സ്‌നേഹിത കൂടെ നില്‍ക്കും. ഇങ്ങനെ പതിനേഴ് പേരെ സാധാരണജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സ്‌നേഹിതയ്ക്ക് സാധിച്ചു. ഇതിനെല്ലാം പുറമേ മാനസികശാരീരിക പീഡനങ്ങളനുഭവിച്ച കുട്ടികള്‍ക്ക് കൗണ്‍സിലിങും നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."