കലുങ്ക് നിര്‍മാണം ഇഴയുന്നു; കൊട്ടയോടിയില്‍ കുരുക്ക് രൂക്ഷം
കൂത്തുപറമ്പ്: പാട്യം കൊട്ടയോടി ടൗണിലെ റോഡരികില്‍ കലുങ്കിന്റെ നിര്‍മാണം ഒരുമാസം പിന്നിടുമ്പോഴും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയില്‍. ഇതിനാല്‍ കൊട്ടയോടി ടൗണ്‍ ഗതാഗതക്കുരുക്കിനാല്‍ വീര്‍പ്പുമുട്ടുകയാണ്.
കഴിഞ്ഞ മാസമായിരുന്നു പൂക്കോട്-പാനൂര്‍ റോഡിലെ കൊട്ടയോടി ടൗണില്‍ കള്‍വര്‍ട്ടിന്റെ നിര്‍മാണം ആരംഭിച്ചത്. ഒരുഭാഗത്തെ പ്രവൃത്തി മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. കള്‍വര്‍ട്ടിന്റെ പ്രവൃത്തി ആരംഭിക്കുന്ന ഘട്ടത്തില്‍ ഈറൂട്ടില്‍ ഒരുമാസത്തേക്കു ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. പാനൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പാട്യം കെ.എസ്.ഇ.ബി ഓഫിസിനു മുന്നിലെ കനാല്‍ റോഡ് വഴി ഓട്ടച്ചിമാക്കൂലിലേക്കാണു വഴിതിരിച്ചുവിട്ടത്. ഏതാനും ദിവസം മുമ്പ് കനാല്‍ റോഡിന്റെ അരിക് ഇടിഞ്ഞ് ടിപ്പര്‍ ലോറി കനാലിലേക്കു മറിഞ്ഞിരുന്നു. ഇതോടെ വാഹനങ്ങള്‍ കൊട്ടയോടി ടൗണിലൂടെ കടന്നുപോകാന്‍ തുടങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടാന്‍ ഇടയാക്കിയത്. കൊട്ടിയൂര്‍ വൈശാഖ മഹോത്സവം നടക്കുന്ന സാഹചര്യത്തില്‍ വടകര ഭാഗത്തു നിന്നുള്ള തീര്‍ഥാടകരുടെ വാഹനങ്ങളും ഈ വഴിയായിരുന്നു കടന്നുപോകുന്നത്. ഇതിനൊപ്പം കള്‍വര്‍ട്ട് നിര്‍മാണവും കൂടിയായതോടെ കുരുക്ക് രൂക്ഷമായി. ജില്ലി ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവാണു കള്‍വര്‍ട്ടിന്റെ നിര്‍മാണം വൈകാന്‍ ഇടയാക്കിയതെന്നാണു പി.ഡബ്ല്യു.ഡി അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."