ജലസ്രോതസുകളില്‍ എന്‍ഡോസള്‍ഫാന്‍ കലര്‍ന്നതായി റിപ്പോര്‍ട്ട്
ബദിയഡുക്ക: കേരള-കര്‍ണാടക അതിര്‍ത്തി പഞ്ചായത്തിലെ കുഴല്‍ കിണറുകളിലും ജലസ്രോതസുകളിലും എന്‍ഡോസള്‍ഫാന്‍ കീടനാശിനി കലര്‍ന്നതായി റിപ്പോര്‍ട്ട്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ കേരള പ്ലാന്റേഷന് കോര്‍പറേഷന്റെ സ്ഥലത്തിന് സമീപത്തായി കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന നെട്ടണിഗെ മുഡ്നൂര്‍ പഞ്ചായത്തിലെ കിണര്‍, കുഴല്‍ കിണര്‍, ജല സ്രോതസുകള്‍ എന്നിവിടങ്ങളിലാണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി കലര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലിനജല പരിശോധന യൂനിറ്റിലെ ഡോ.കെ.വി രാജേന്ദ്രനാണ് വെള്ളത്തില്‍ കീടനാശിനി കണ്ടെത്തിയതായി കര്‍ണാടക സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ഇത് സംബന്ധിച്ച് നല്കിയ റിപ്പോര്‍ട്ട് ചുവപ്പു നാടയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് തദ്ദേശവാസികളുടെ പരാതി. മലിനജല ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം വെള്ളത്തില്‍ അല്ഫ എന്‍ഡോസള്‍ഫാന്‍ 0.025ഗ്രാം , ബെറ്റ എന്‍ഡോസള്‍ഫാന്‍ 0.025മൈക്രോ ഗ്രാം ലിറ്ററും കണ്ടെത്തിയിട്ടുണ്ട്. ഒരു ലിറ്റര്‍ വെള്ളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. മനുഷ്യ ശരീരത്തില്‍ 0.04 മൈക്രോ ഗ്രാം ലിറ്റര്‍ കടക്കാന്‍ പാടുള്ളൂവെന്നും അല്ലാത്തപക്ഷം ശരീരത്തിലെ പല അവയവങ്ങള്‍ക്കും ഇത് ബാധിക്കുമെന്നും പറയുന്നു. കേരള പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കീഴിലുള്ള 141.30ഹെക്ടര്‍ സ്ഥലത്തിലെ ആറു കിണറുകളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി കുഴിച്ചു മൂടിയിരുന്നുവത്രെ. ഇത് വെള്ളത്തില്‍ കലര്‍ന്നാണ് സമീപത്തെ കിണറുകളിലും ജലസ്രോതസുകളിലും കലര്‍ന്നതെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഇരു സര്‍ക്കാറുകളും അടിയന്തരമായി ഇടപ്പെട്ട് കുഴിച്ചു മൂടിയ ബാരലുകള്‍ പുറത്തെടുത്ത് നിര്‍വീര്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."