ചിറക്കുനി-അണ്ടല്ലൂര്‍- പറശ്ശിനിക്കടവ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ചക്കരക്കല്‍: കേന്ദ്ര റോഡ്ഫണ്ട് പദ്ധതിയില്‍ ഈ വര്‍ഷം സംസ്ഥാനം നിര്‍ദേശിച്ച എല്ലാ പ്രവൃത്തികള്‍ക്കും അനുമതി നേടിയെടുക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ചിറക്കുനി -അണ്ടല്ലൂര്‍-മൂന്നുപെരിയ, ചക്കരക്കല്‍- കാഞ്ഞിരോട്-പറശ്ശിനിക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി നിഥിന് ഗഡ്ഗരിയുടെ സമീപനം ആരോഗ്യകരമായിരുന്നു. മുന്‍വര്‍ഷം മൂന്ന് റോഡ് മാത്രമാണ് ഈ പദ്ധതിയില്‍ കേരളത്തിന് കിട്ടിയിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചിറക്കുനി-പറശ്ശിനിക്കടവ് റോഡിന്റെ കാര്യത്തില്‍ കെ.കെ രാഗേഷ് എം.പിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രത്യേകമായി തന്നെ കേന്ദ്രത്തിന് കത്തെഴുതിയ കാര്യവും മുഖ്യമന്ത്രി അനുസ്മരിച്ചു. ഒന്‍പതു ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന 24 കിലോമീറ്റര്‍ റോഡിന് 24 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. 17.85 കോടി രൂപയാണ് റോഡ് പ്രവൃത്തിയുടെ അടങ്കല്‍. 18 മാസം കൊണ്ട് നിശ്ചിത വീതിയില്‍ സംസ്ഥാന ഹൈവേയുടെ നിലവാരത്തിലാക്കി പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി ജി. സുധാകരന് അധ്യക്ഷനായി. മന്ത്രി രാമചന്ദ്രന് കടന്നപ്പളളി വിശിഷ്ടാതിഥിയായി. എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്, എം.സി മോഹനന്, ടി. വസന്തകുമാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."