ജമ്മു കശ്മീരില്‍ സഖ്യസര്‍ക്കാര്‍ അപ്രായോഗികം- നിയമസഭ പിരിച്ചു വിട്ടതിനെ ന്യായീകരിച്ച് ഗവര്‍ണര്‍
ജമ്മു: തീര്‍ത്തും എതിരായ ആശയമുള്ളവര്‍ തമ്മില്‍ ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കുക എന്നത് അപ്രായോഗികമാണെന്നും അതിനാലാണ് നിയമസഭ പിരിച്ചു വിട്ടതെന്നും ജമ്മു കശ്മീര്‍ ഗവര്‍ണര്‍. നിയമസഭ പിരിച്ചു വിട്ട നടപടിക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ സത്യപാല്‍ മലിക് ന്യായീകരണവുമായി രംഗത്തെത്തിയത്.
പ്രായോഗികമല്ലാത്ത സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കില്ല. കുത്തഴിഞ്ഞ അവസ്ഥയില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കണം- അദ്ദേഹം വ്യക്തമാക്കി.
ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മൂന്നു പാര്‍ട്ടികളും. സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. അതിനിടെ പുതിയ നീക്കങ്ങള്‍ മെനയാന്‍ ബി.ജെ.പി എം.എല്‍.എമാരുടെ യോഗം ഇന്ന് ചേരും.
പി.ഡി.പിയും കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്ന ബി.ജെ.പിയെ ഞെട്ടിക്കുന്ന തീരുമാനം ഉച്ചയോടെയാണ് പുറത്തുവന്നത്. തീരുമാനം വന്ന് നിമിഷങ്ങള്‍ക്കകം ഗവര്‍ണര്‍ നിയമസഭ പിരിച്ചു വിടുകയായിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി ഗവര്‍ണര്‍ക്ക് കത്തുനല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷമായ വഴിത്തിരിവ്. പി.ഡി.പിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാനത്തെ മുന്‍ ധനമന്ത്രിയുമായ അല്‍ത്താഫ് ബുഖാരിയെയാണ് സമവായത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിശ്ചയിച്ചത്.
പി.ഡി.പി സര്‍ക്കാരിനുള്ള പിന്തുണ ജൂണില്‍ ബി.ജെ.പി പിന്‍വലിച്ചതോടെയാണ് ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം നിലവില്‍ വന്നത്. 80 അംഗ ജമ്മു കശ്മീര്‍ നിയമസഭയില്‍ പി.ഡി.പിക്ക് 28ഉം നാഷണല്‍ കോണ്‍ഫറന്‍സിന് 15 ഉം കോണ്‍ഗ്രസിനു 12 ഉം എം.എല്‍.എമാരാണ് ഉണ്ടായിരുന്നത്. കേവല ഭൂരിപക്ഷത്തിന് 44 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ച ശേഷവും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പി ശ്രമം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."