ഒരു കുഴിമാടം, 230 അസ്ഥികൂടങ്ങള്‍!
കൊളംബോ: ശ്രീലങ്കയില്‍ 230 അസ്ഥികൂടങ്ങളുള്ള വന്‍ കുഴിമാടം കണ്ടെത്തി. വടക്കുപടിഞ്ഞാറന്‍ നഗരമായ മന്നാറില്‍ ഈ വര്‍ഷം ആദ്യത്തിലാണ് കുഴിമാടം കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്നു സ്ഥലത്തു കൂടുതല്‍ പരിശോധന നടത്തി പൂര്‍ണമായ വിവരം കൈമാറാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
കെട്ടിട നിര്‍മാണത്തിനിടെ തൊഴിലാളികളാണ് കുഴിമാടം കണ്ടെത്തിയത്. കുഴിമാടവും അസ്ഥികൂടങ്ങളും കണ്ടെത്തിയെങ്കിലും ഇരകളാരാണെന്നും ഇവര്‍ എങ്ങനെയാണ് മരണപ്പെട്ടതെന്നും വ്യക്തമല്ല. ശ്രീലങ്കയില്‍ കണ്ടെത്തിയ ഏറ്റവും വലിയ കുഴിമാടമാണിതെന്നും 230ല്‍ കൂടുതല്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയെന്നും ഫോറന്‍സിക് വിദഗ്ധന്‍ രാജ് സോമദേവ പറഞ്ഞു.
മണ്‍പാത്രങ്ങള്‍, ലോഹവസ്തുക്കള്‍, ഇരകള്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. അസ്ഥികള്‍ തകര്‍ന്ന അവസ്ഥയിലാണ്. മൃതദേഹങ്ങളുടെ പൂര്‍ണ രൂപം മനസിലാക്കാന്‍ പ്രയാസമാണ്. ചില അസ്ഥികള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയില്‍ 2009ല്‍ അവസാനിച്ച ആഭ്യന്തര യുദ്ധത്തില്‍ 20,000 പേരെ കാണാതായിരുന്നു.
സൈന്യവും വിമതരായ തമിഴ് വിഭാഗവും തമ്മില്‍ നടന്ന യുദ്ധത്തില്‍ ഒരു ലക്ഷം പേര്‍ കൊല്ലപ്പെട്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട്.
ന്യൂനപക്ഷ വിഭാഗമായ തമിഴര്‍ താമസിക്കുന്ന പ്രദേശമാണ് മന്നാര്‍. ആഭ്യന്തര യുദ്ധകാലത്തു സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശം.
യുദ്ധം അവസാനിച്ചതിനു ശേഷം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നു കുഴിമാടങ്ങള്‍ കണ്ടെത്തിയിരുന്നു. 2014ല്‍ മന്നാറിലെ മറ്റൊരു പ്രദേശത്തുനിന്ന് 96 പേരുടെ അവശിഷ്ടങ്ങളുള്ള കുഴിമാടം കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."