ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ച
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണു മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. ശബരിമലയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടു വിവിധ നേതാക്കളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചത്.
സുപ്രിംകോടതി വിധിയും മറ്റു സാഹചര്യങ്ങളും കണക്കിലെടുത്ത് ശബരിമലയില്‍ സര്‍ക്കാരിനു സ്വീകരിക്കേണ്ടി വന്ന നടപടികളെ കുറിച്ചും തീര്‍ഥാടകര്‍ക്കായി വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയ സൗകര്യങ്ങളെ കുറിച്ചും അരമണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. നടപടികള്‍ സ്വീകരിക്കാനുണ്ടായ പ്രത്യേക സ്ഥിതിവിശേഷവും മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചു. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കുടിവെള്ളം, ശൗചാലയം, വിശ്രമമുറികള്‍ എന്നിവ കുറവാണെന്നു പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും കൂടിക്കാഴ്ചയില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു നിര്‍ദേശം നല്‍കി. നിലയ്ക്കലില്‍നിന്ന് പമ്പയിലേയ്ക്കു ബുദ്ധിമുട്ടുകളൊന്നുമില്ലാതെ യാത്രാസൗകര്യമൊരുക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പൊലിസ് തടഞ്ഞതുമായി ബന്ധപ്പെട്ട പരാതി കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. പൊലിസ് നടപടികളെക്കുറിച്ച് ഉയര്‍ന്ന പരാതികളും, സി.ആര്‍.പി.സി സെക്ഷന്‍ 144 അനുസരിച്ചു പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കാനുള്ള സാധ്യതകളും ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തതായി രാജ്ഭവന്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.എം മാണി എന്നിവര്‍ ഗവര്‍ണര്‍ക്കു കത്ത് നല്‍കിയിരുന്നു. തീര്‍ഥാടകര്‍ കടുത്ത വിവേചനവും അവഗണനയും നേരിടുന്നതായി കാണിച്ച് ശബരിമല കര്‍മസമിധിയും വിവിധ സംഘടനകളും ഗവര്‍ണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."