കാലവര്‍ഷം: അണക്കെട്ടുകള്‍ തുറന്നുവിട്ടത് വൈദ്യുതി ബോര്‍ഡിന്റെ കെടുകാര്യസ്ഥത
തൊടുപുഴ: കാലവര്‍ഷം ശക്തിപ്രാപിച്ച് മൂന്നാംദിവസം സംസ്ഥാനത്തെ മൂന്ന് അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നത് വൈദ്യുതി ബോര്‍ഡിന്റെ കെടുകാര്യസ്ഥത മൂലമെന്ന് വിലയിരുത്തല്‍.
കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, മലങ്കര അണക്കെട്ടുകളാണ് ഇന്നലെ തുറന്നുവിട്ടത്. ഊര്‍ജ പ്രതിസന്ധി രൂക്ഷമായിരിക്കെ കോടികളുടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇങ്ങനെ ഒഴുക്കിക്കളയുന്നത്. ഇടുക്കിയടക്കമുള്ള വന്‍കിട സംഭരണികളില്‍ വെള്ളമില്ലാതെ ഡെഡ് സ്റ്റോറേജിലേക്ക് അടുത്തുനില്‍ക്കുമ്പോഴാണ് വൈദ്യുതി ബോര്‍ഡിന്റെ നടപടി.
സംഭരണ ശേഷി കവിഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെയാണ് കല്ലാര്‍കുട്ടി ഡാം തുറന്നുവിട്ടത്. ഇന്നലെ ഉച്ചയോടെയാണ് ലോവര്‍ പെരിയാര്‍, മലങ്കര അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തിയത്.
നേര്യമംഗലം പദ്ധതിയില്‍ പൂര്‍ണതോതില്‍ ഉല്‍പ്പാദനം നടത്താന്‍ കഴിയാത്തതും സംഭരണശേഷിയില്‍ വന്‍ ഇടിവുണ്ടായതുമാണ് കല്ലാര്‍കുട്ടി അണക്കെട്ട് പെട്ടെന്ന് നിറയാന്‍ ഇടയാക്കിയത്. 1.6145 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് നേര്യമംഗലം നിലയങ്ങളില്‍ ഇന്നലെ ഉല്‍പ്പാദിപ്പിച്ചത്. 10.4 സെ.മീ. മഴ ഇന്നലെ വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തി. കല്ലാര്‍കുട്ടിയിലെ വെള്ളം എത്തിയതോടെയാണ് ലോവര്‍പെരിയാര്‍ അണക്കെട്ട് നിറഞ്ഞുകവിഞ്ഞത്.
ഡാം തുറന്നുവിടുന്നത് ഒഴിവാക്കാന്‍ കരിമണല്‍ പവര്‍ഹൗസിലെ മൂന്ന് ജനറേറ്ററുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിച്ചെങ്കിലും കല്ലാര്‍കുട്ടിയില്‍ നിന്ന് കുതിച്ചെത്തിയ ജലവും വൃഷ്ടിപ്രദേശത്ത് 14 സെ.മീ. റെക്കോഡ് മഴ പെയ്തതും ലോവര്‍പെരിയാര്‍ പെട്ടെന്ന് നിറച്ചു.
60 മെഗാവാട്ട് വീതം ശേഷിയുള്ള 3 ജനറേറ്ററുകളാണ് കരിമണല്‍ പവര്‍ഹൗസില്‍ സ്ഥാപിച്ചിരിക്കുന്നത്. 3.456 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇന്നലെ ഉല്‍പ്പാദിപ്പിച്ചു. 41 മീറ്റര്‍ ഉയരവും 480 മീറ്റര്‍ നീളവുമുള്ള കോണ്‍ക്രീറ്റ് ഡാമാണ് ലോവര്‍പെരിയാര്‍.
മലങ്കര ജലവൈദ്യുതി പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനാലാണ് മലങ്കര അണക്കെട്ട് സംഭരണശേഷി കവിഞ്ഞത്. ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസില്‍നിന്ന് വൈദ്യുതോല്‍പ്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളവും തൊടുപുഴയാറിന്റെ 153 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടിപ്രദേശത്തെ വെള്ളവുമാണ് മലങ്കരയിലെത്തുന്നത്.
3236 മില്യണ്‍ ക്യുബിക് മീറ്റര്‍ ജലമാണ് പ്രതിവര്‍ഷം ശരാശരി ഇവിടെ ഒഴുകിയെത്തുന്നത്. ഇതില്‍ 491 മില്യണ്‍ ക്യുബിക് മീറ്റര്‍ മാത്രമാണ് ജലസേചനത്തിന് ഉപയോഗിക്കുന്നത്.
മൂന്നര മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 0.1116 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു മലങ്കരയിലെ ഇന്നലത്തെ ഉല്‍പ്പാദനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."