അമരക്കുനിയിലും അട്ടമലയിലും കാട്ടാന വിളയാട്ടം: വ്യാപക കൃഷിനാശം
പുല്‍പ്പള്ളി: അമരക്കുനിയില്‍ കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാന വാഴ, ചേന, തെങ്ങ്, കമുക് തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. അമരക്കുനി ഇരുമ്പുകുത്തിക്കല്‍ വിജയന്‍, പുളിക്കല്‍ ശശി, പുളിക്കല്‍ ഗോപി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നു എത്തിയ ആനകളാണ് കൂട്ടത്തോടെയെത്തി കൃഷികള്‍ നശിപ്പിക്കുന്നത്.
വനാതിര്‍ത്തി പ്രദേശത്തെ ട്രഞ്ചുകള്‍ ഭൂരിഭാഗവും തകര്‍ന്നതാണ് ആനകള്‍ കൃഷിയിടത്തില്‍ ഇറങ്ങാന്‍ പ്രധാന കാരണം. പൂതാടി പഞ്ചായത്ത് മുന്‍കാലങ്ങളില്‍ തകര്‍ന്ന ട്രഞ്ചുകള്‍ നന്നാക്കിയിരുന്നു.
എന്നാല്‍ ട്രഞ്ചുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ വനംവകുപ്പ് നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ട്രഞ്ചുകള്‍ നന്നാക്കാന്‍ പഞ്ചായത്ത് അധികൃതരും തയാറായില്ല.
ട്രഞ്ചുകള്‍ തകര്‍ന്നതോടെ കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നത് പതിവായിരിക്കുകയാണ്. വൈകുന്നേരമായാല്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കാട്ടാനകള്‍ നശിപ്പിച്ച കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. ഇതിനെതിരേ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
നിരന്തരമായി കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്തിയാല്‍ ഒരു പരിധിവരെ വന്യമൃഗശല്യം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. വന്യമൃഗശല്യം കാരണം കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
മേപ്പാടി: അട്ടമലയില്‍ കഴിഞ്ഞദിവസമുണ്ടായ കാട്ടാനയുടെ പരാക്രമത്തില്‍ വന്‍ കൃഷിനാശം. അട്ടമല ക്ഷേത്രത്തിന് സമീപമെത്തിയ കാട്ടാനക്കൂട്ടം വാഴ, തെങ്ങ്, കമുക്, കാപ്പി തുടങ്ങിയ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു.
അജയ് നിവാസില്‍ അജയന്‍, ഷാഹുല്‍ ഹമീദ് എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്.
അട്ടമല വനത്തില്‍ നിന്നുമാണ് ഈ ഭാഗത്തേക്ക് കാട്ടാന എത്തുന്നത്. വനാതിര്‍ത്തിയില്‍ വൈദ്യുതി വേലി സ്ഥാപിക്കാത്തതാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ കാരണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അട്ടമലയിലെ എസ്റ്റേറ്റ് പാടി ആനക്കൂട്ടം ഭാഗികമായി തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."