ചാലക്കുടി കോടതി ജങ്ഷനിലെ അടിപ്പാത നിര്‍മാണം; ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
ചാലക്കുടി: ദേശീയപാത ചാലക്കുടി കോടതി ജങ്ഷനിലെ അടിപ്പാത നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നഗരസഭ കൗണ്‍സിലര്‍ വി.ജെ ജോജി, അഡ്വ.ബിന്ദുദാസ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയക്കുവാനും ജസ്റ്റിസ് അനു ശിവരാമന്‍ നിര്‍ദേശിച്ചു. സമയ ബന്ധിതമായി അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കുക, നിര്‍മാണം പൂര്‍ത്തീകരിക്കുന്നതു വരെ മുനിസിപ്പല്‍ ജങ്ഷനിലും നിര്‍മാണ സ്ഥലത്തും പൊലിസ് സേവനം ലഭ്യമാക്കുക, ദേശീയ പാതയില്‍ ഡ്രൈനേജ് സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്. മുടങ്ങിയും തുടങ്ങിയും നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏഴുമാസം പിന്നിടുമ്പോഴും എങ്ങുമെത്താത്ത അവസ്ഥയിലാണ്. വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ട ദേശീയപാതയിലെ അടിപ്പാതയുടെ നിര്‍മാണത്തിനു ഔദ്യോഗികമായി തുടക്കമിട്ടത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനായിരുന്നു. ഏപ്രില്‍ ഒന്നിന് നിര്‍മാണോദ്ഘാടനവും തുടര്‍ന്ന് പത്തു ദിവസത്തോളം ജോലികളും നടന്നു. പടിഞ്ഞാറ് ഭാഗത്തെ സര്‍വിസ് റോഡും ദേശീയപാതയിലെ കുറച്ചിടവും ഡ്രില്ല് ചെയ്ത് ഗര്‍ത്തമുണ്ടാക്കി. അടിത്തറ സ്ഥാപിക്കുന്നതിന്റെ പ്രാരംഭമായാണ് അന്‍പത് മീറ്റര്‍ നീളത്തില്‍ മണ്ണു മാറ്റിയത്. നിര്‍മാണം നടക്കുന്നതിനാല്‍ ഈ ഭാഗം ടിന്‍ തകിടു വച്ച് മറയ്ക്കുകയും ചെയ്തു. എന്നാല്‍ രണ്ടാഴ്ച മാത്രമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആയുസുണ്ടായിരുന്നുള്ളു. ഏപ്രില്‍ 15ന് ശേഷം ഇവിടെ ഒരു പ്രവര്‍ത്തനങ്ങളും നടക്കാത്തതില്‍ പ്രതിഷേധം പൊന്തിവന്നു. ഇതേതുടര്‍ന്നാണ് മൂന്നുമാസത്തിനു ശേഷം നിര്‍മാണക്കമ്പനി വീണ്ടും പ്രത്യക്ഷപ്പെട്ടത്. കുറേ യന്ത്രസാമഗ്രികള്‍ സ്ഥലത്തെത്തിച്ച് ഇവര്‍ പ്രവര്‍ത്തനം വീണ്ടും തുടങ്ങി. ഇതിന്റെ ഭാഗമായി ഹൈവേയില്‍ നിലവിലുണ്ടായിരുന്ന ഗര്‍ത്തത്തിന്റെ വ്യാപ്തിയും വര്‍ധിപ്പിച്ചു. ജൂലൈ മാസത്തെ കനത്ത മഴയോടെ ഇവിടെ ഇടിയുകയും ദേശീയപാതയിലെ വാഹന ഗതാഗതം താറുമാറാവുകയും ചെയ്തു. പിന്നീട് താല്‍ക്കാലിക പ്രതിവിധികളോടെയാണ് ഗതാഗതം പുനഃരാരംഭിച്ചത്. ഇതോടെ നിര്‍മാണ പ്രവര്‍ത്തനവും നിലച്ചു. ഇതിനിടെയാണ് മഹാപ്രളയത്തിന്റെ വരവ്.
പിന്നീട് ബി.ഡി ദേവസി എം.എല്‍.എ തിരുവനന്തപുരത്തു വച്ച് എന്‍.എച്ച്.ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. പുനഃരാരംഭിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും ഭംഗമുണ്ടായാല്‍ കരാര്‍ കമ്പനിയായ കെ.എം.സിയെ അടിപ്പാതയുടെ കോണ്‍ട്രാക്ട് ജോലികളില്‍ നിന്നും ഒഴിവാക്കുമെന്ന് ഉദ്യോഗസ്ഥന്‍ എം.എല്‍.എ അറിയിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി തിടുക്കത്തില്‍ നിര്‍മാണം വീണ്ടും ആരംഭിച്ചു. ഇതിനിടയില്‍ ചുഴലിക്കാറ്റും കനത്തമഴയും വന്നത് പ്രവര്‍ത്തനത്തെ വീണ്ടും നിശ്ചലമാക്കി.
പിന്നീട് യു.ഡി.ഫ് നേതൃത്വം പ്രക്ഷോഭവുമായി രംഗത്തെത്തുമെന്ന സ്ഥിതി വന്നപ്പോള്‍ ഒരിക്കല്‍ക്കൂടി നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കമിട്ടു. ഇതിനും ഒരാഴ്ചയിലെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീണ്ടും ശക്തമായ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് വീണ്ടും നിര്‍മാണം തുടങ്ങിയത്. അലംഭാവം തുടര്‍ന്നാല്‍ കെ.എം.സി കരാറില്‍ നിന്നും ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനം എടുത്തുവെന്നാണ് അറിയുന്നത്. ഈയവസ്ഥയില്‍ കെ.എം.സി കമ്പനി അടിപ്പാത നിര്‍മാണം എങ്ങും എത്തിക്കില്ലെന്ന് സംശയിക്കുന്നതാതി വി.ജെ ജോജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."