ഫറോക്ക് ചന്തയിലും പരിസരങ്ങളിലും പേപ്പട്ടിയുടെ പരാക്രമണം; അഞ്ചുപേര്‍ക്ക് പരുക്ക്
ഫറോക്ക്: ജനത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഫറോക്ക് ചന്തയിലും പരിസരത്തും പേപ്പട്ടിയുടെ പരാക്രമണം. ഒരു മണിക്കൂറിനിടയില്‍ അഞ്ചുപേരെയാണു പേയിളകിയ നായ കടിച്ചത്. സ്ത്രീകള്‍ക്കു നേരെയായിരുന്നു പേപ്പട്ടിയുടെ ആക്രമണം.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരിയെ നായ റോഡിലൂടെ മീറ്ററുകളോളം കടിച്ചുകൊണ്ടുപോയി. ഫറോക്ക് ഇ.എസ്.ഐക്കു സമീപം അവില്‍ത്തൊടി വീട്ടില്‍ എ. രതീഷിന്റെ മകള്‍ ആവണി(2)ക്കാണു പേനായയുടെ ആക്രമണത്തില്‍ മാരകമായി പരുക്കേറ്റത്. കുട്ടിയുടെ കരച്ചില്‍കേട്ട് അമ്മ ഓടിയെത്തിയതിനെ തുടര്‍ന്നു നായ കുട്ടിയെ റോഡിലിട്ടു പോവുകയായിരുന്നു. നായയുടെ കടിയേറ്റ ഭാഗത്തു മാസം പുറത്തേക്കുചാടുകയും ശരീരമാസകലം മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
തുടര്‍ന്ന്, വൈകിട്ടു മൂന്നരയോടെ ഫറോക്ക് ചന്തയിലെത്തിയ പേപ്പട്ടി നാട്ടുകാര്‍ക്കു നേരെ ആക്രമണം നടത്തി. ഒരു മണിക്കൂറിനിടയില്‍ അഞ്ചുപേരെയാണു നായ കടിച്ചുപരുക്കേല്‍പ്പിച്ചത്. ചന്ത ജി.എം.യുപി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനിയും കരിപ്പാത്ത് സുബൈറിന്റെ മകളുമായ ഫാത്തിമ റിഫ(4)യുടെ കൈക്കാണു നായയുടെ കടിയേറ്റത്. കുട്ടിയെ സ്‌കൂളില്‍ നിന്നു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാനെത്തിയ ബന്ധുവായ ശിഫാനയ്(16)ക്കും നായയുടെ കടിയേറ്റു. ഇരുവരും ചന്ത താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണു നായയുടെ ആക്രമണത്തിനിരയായത്.
ചന്തയില്‍ പാതയോരത്ത് ഇസ്തിരി ജോലി ചെയ്തിരുന്ന പാണ്ടിയമ്മ(35)യുടെ കാല്‍തുടയില്‍ നായ കടിച്ചുമുറിവേല്‍പ്പിച്ചു. ചന്ത ചെമ്പകശ്ശേരി പാത്തേയി(66)യുടെ കാലിനും നായ കടിച്ചു. വീട്ടുമുറ്റത്തു നില്‍ക്കുമ്പോഴായിരുന്നു നായയുടെ കടിയേറ്റത്. മാളിയേക്കല്‍ ഷരീഫിന്റെ ഭാര്യ വടക്കേതടത്തില്‍ ജമീലയ്(43)ക്കും നായയുടെ ആക്രമണത്തില്‍ പരുക്കേറ്റു. പരുക്കേറ്റവരെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
പേനായയുടെ ആക്രമണത്തെ തുടര്‍ന്ന് ചന്ത ജി.എം.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളെ സ്‌കൂള്‍ സമയം കഴിഞ്ഞും വീട്ടിലേക്കു പറഞ്ഞയക്കാന്‍ അധ്യാപകര്‍ ഭയപ്പെട്ടു. അവസാനം പി.ടി.എ ഭാരവാഹികളായ ജംഷീദ് അമ്പലപ്പുറം, കൊടപ്പനക്കല്‍ നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റിയുടെ വാഹനത്തിലും സ്വകാര്യ വാഹനങ്ങളിലുമായാണു വിദ്യാര്‍ഥികളെ വീട്ടിലെത്തിച്ചത്.
അടുത്തിടെയായി ഫറോക്കിലും പരിസര പ്രദേശങ്ങളിലും പേപ്പട്ടി ശല്യം രൂക്ഷമായിരിക്കുകയാണ്. പ്രദേശത്തെ നിരവധി പേര്‍ക്കാണ് ഇതിനകം പേപ്പട്ടിയുടെ കടിയേറ്റത്. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള നാട്ടുകാര്‍ കാല്‍നടയായി പോകുന്ന ഊടുവഴികളില്‍ പേപ്പട്ടികള്‍ കൂട്ടമായി നില്‍ക്കുകയാണ്. അധികൃതര്‍ അടിയന്തരമായി നായകള്‍ക്കെതിരേ വേണ്ട നടപടികളെടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."