കൊലക്കളമാകുന്ന കുടുംബങ്ങള്‍
#റഹ്മാന്‍ മധുരക്കുഴി
9446378716
സാക്ഷരവും പ്രബുദ്ധവുമായ കേരളം സാംസ്‌കാരികതയില്‍ അന്താരാഷ്ട്രസമൂഹത്തിനു മാതൃകയാണെന്ന മലയാളിയുടെ ഊറ്റംകൊള്ളല്‍ മിഥ്യയാണെന്നാണു ചില സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ദൈനംദിനം നമുക്കുചുറ്റും നടക്കുന്ന ക്രൂരമായ കൂട്ടക്കൊലകളും ആത്മഹത്യകളും കേരളത്തിലെ കുടുംബങ്ങളുടെ രോഗഗ്രസ്ഥമായ അവസ്ഥയെയാണു തുറന്നുകാട്ടുന്നത്.
പിതാവ് മൃഗസമാനമായി സ്വന്തം മകളെ ലൈംഗികപീഡനത്തിന് ഇരയാക്കുകയും കാമുകിയുമായുള്ള സൈ്വരജീവിതത്തിനു തടസ്സമാകുമെന്നു കരുതി ഭാര്യയെയും മക്കളെയും കൊല്ലുകയും ചെയ്ത സംഭ്രമജനകമായ ആമയൂര്‍ കൂട്ടക്കൊല നടന്നിട്ട് ഏതാനും വര്‍ഷമാകുന്നതേയുള്ളൂ.
കാമുകനെ തേടി ഭാര്യ വീടു വിട്ടിറങ്ങിയതില്‍ മനംനൊന്ത് ഭര്‍ത്താവു തൂങ്ങിമരിച്ച വാര്‍ത്ത ദിവസങ്ങള്‍ക്കു മുമ്പാണു പ്രസിദ്ധീകരിക്കപ്പെട്ടത്. ഭര്‍ത്താവ് തൂങ്ങിമരിച്ചിട്ടും കുലുക്കമില്ലാതെ കാമുകനെ വരിക്കാന്‍ ക്ഷേത്രത്തിലെത്തി കാഞ്ഞിരപ്പള്ളി സ്വദേശിനി തന്‍സിയ.
ടെക്‌നോ പാര്‍ക് ജീവനക്കാരനായിരുന്ന നിനോ മാത്യുവും അനുശാന്തിയും തമ്മില്‍ ജോലിസ്ഥലത്തുവച്ചുണ്ടായിരുന്ന അടുപ്പം വഴിവിട്ട ജീവിതത്തിലെത്തി. ആ ബന്ധത്തെ ഭര്‍ത്താവ് പലതവണ വിലക്കിയിട്ടും അനുശാന്തി പിന്തിരിഞ്ഞില്ല. മാത്രമല്ല, ഭര്‍ത്താവിനെയും മകളെയും ഇല്ലാതാക്കി കാമുകനൊപ്പം ജീവിതം നയിക്കാനാണ് അവള്‍ തീരുമാനിച്ചത്. അതിന് അവള്‍ ഏര്‍പ്പാടാക്കിയത് കാമുകനായ നിനോ മാത്യുവിനെത്തന്നെയായിരുന്നു. അനുശാന്തിയെ ശിക്ഷിച്ച കോടതി അവളെ വിശേഷിപ്പിച്ചത് മാതൃത്വത്തിന് അപമാനമെന്നായിരുന്നു .
നവദമ്പതിമാരായ അഞ്ജലിയും പ്രദീപ്കുമാറും സ്‌നേഹം പങ്കിട്ട് ഏറെനാള്‍ ജീവിച്ചു. ഒരു നാള്‍ ഓര്‍ക്കാപ്പുറത്തുണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അഞ്ജലി ശരീരം തളര്‍ന്നു കിടപ്പിലായി. അതോടെ പ്രദീപ്കുമാര്‍ ഭാര്യയില്‍നിന്ന് അകലാന്‍ തുടങ്ങി. അയാള്‍ പുതിയ പ്രണയബന്ധത്തിലേര്‍പ്പെട്ടു. ശരീരം തളര്‍ന്ന ഭാര്യ തന്റെ സുഖജീവിതത്തിനു ഭാരമാണെന്നു കരുതി വകവരുത്താന്‍ തീരുമാനിച്ചു.
വാഗമണ്ണിലേയ്ക്കു വിനോദയാത്രയ്ക്കു പോകാമെന്നു തെറ്റിദ്ധരിപ്പിച്ചു. അതു ശരിയാണെന്ന് അഞ്ജലി കരുതി. താന്‍ തളര്‍ന്നു കിടപ്പിലായിട്ടും ഭര്‍ത്താവിനു തന്നോടുള്ള സ്‌നേഹത്തിന്റെ ആഴം കണ്ട് അഞ്ജലിക്ക് ആഹ്ലാദമടക്കാന്‍ കഴിഞ്ഞില്ല. യാത്രക്കിടയില്‍ വഴിയോരത്തു നിന്നു വാങ്ങിയ ജ്യൂസില്‍ ഉറക്കുഗുളിക കലര്‍ത്തി പ്രദീപ് ഭാര്യക്കു കൊടുത്തു. ബോധരഹിതയായ അഞ്ജലിയെ 600 അടി താഴ്ചയുള്ള കൊക്കയിലേയ്ക്കു വലിച്ചെറിഞ്ഞു.
അമ്മ മകളെ പുഴയിലെറിഞ്ഞു കൊന്ന് ആത്മഹത്യചെയ്യുന്നതും കുഞ്ഞിനെയെടുത്തു തീവണ്ടിക്കു മുന്നില്‍ ചാടി മരിക്കുന്നതുമായ സംഭവങ്ങള്‍ പതിവു വാര്‍ത്തകള്‍. ദമ്പതികള്‍ക്കിടയിലെ പരസ്പരസംശയവും അവിശ്വാസവും മൂലം ഭാര്യയെ കൊലചെയ്തു ആത്മഹത്യചെയ്യുന്ന സംഭവങ്ങളും പെരുകിവരുന്നു.
കൂട്ടആത്മഹത്യയെന്നു മാധ്യമങ്ങള്‍ വിധിയെഴുതുന്ന പല സംഭവങ്ങളും കൂട്ടക്കൊലപാതകങ്ങളും ഒരു ആത്മഹത്യയുമാണെന്നു പ്രമുഖ ക്രിമിനോളജിസ്റ്റ് ജെയിംസ് വടക്കഞ്ചേരി പറയുന്നു. രണ്ടായിരമാണ്ടിനു ശേഷം ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കുടുംബ കൊലപാതക ആത്മഹത്യകള്‍ക്കു കാരണം സാമ്പത്തികപ്രശ്‌നങ്ങള്‍ മാത്രമല്ല, അതിനേക്കാള്‍ കുടുംബപ്രശ്‌നങ്ങളാണ്.
കൂട്ടായ്മയുണ്ടായാലേ കുടുംബം കുടുംബമാകൂ. ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന കുടുംബം അരക്ഷിതത്വത്തിന്റെയും അവിശ്വാസത്തിന്റെയും കൂടാരമായി മാറിയാല്‍ പിന്നെ ഏറ്റവും ഭീതിതമായതു സംഭവിക്കും. ആശ്രയവും അവലംബവും സുരക്ഷിതവുമായി കരുതുന്ന കുടുംബം ലൈംഗികപീഡനങ്ങളുടെയും കലഹങ്ങളുടെയും കൊലപാതകങ്ങളുടെയും ഭീകരകേന്ദ്രങ്ങളായി മാറും.
ബാലികമാര്‍ ഏറ്റവും കൂടുതല്‍ ലൈംഗികപീഡനത്തിനിരയാവുന്നതു ഗൃഹാന്തരീക്ഷത്തില്‍ ഏറ്റവുമടുത്ത ബന്ധുക്കളില്‍ നിന്നാണെന്നു വരുമ്പോള്‍ പാവനമായി കരുതിയ മൂല്യങ്ങളുടെയും സദാചാരസങ്കല്‍പ്പങ്ങളുടെയും തകര്‍ച്ചയാണു സംഭവിക്കുന്നത്. വിഷാദരോഗികളായ അമ്മമാരാണു മക്കളെ കൊന്നു തീവണ്ടിക്ക് മുന്‍പിലും പുഴയിലും ചാടി ആത്മഹത്യ ചെയ്യുന്നത്. ഭര്‍ത്താവിന്റെ മദ്യപാനം പോലുള്ള കാരണങ്ങളാണു പലരെയും വിഷാദരോഗികളാക്കുന്നത്.
മക്കളെ കൊല്ലാതെ താന്‍ ആത്മഹത്യ ചെയ്താല്‍ പിന്നീട് അവരുടെ ജീവിതം നരകതുല്യമാകുമെന്ന ഭയംമൂലമാണു മക്കളെ കൊന്നതെന്നു കുഞ്ഞുങ്ങളെ കൊന്നു ജീവനൊടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു ജയിലില്‍ കഴിയുന്ന അമ്മമാര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. തങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആഹാരം നല്‍കുന്നതും സംരക്ഷണം നല്‍കുന്നതും പ്രപഞ്ചസ്രഷ്ടാവാണെന്നും കുട്ടികളുടെ ഭൂതവും ഭാവിയും അവന്റെ നിയന്ത്രണത്തിലാണെന്നുമുള്ള യാഥാര്‍ഥ്യം ഈ അമ്മമാരുടെ കലുഷിത മനസ്സുകളില്‍ എത്താത്തതാണു കാരണം.
കുടുംബങ്ങളെ ശൈഥില്യത്തില്‍നിന്നു കരകയറ്റാന്‍ കുറുക്കുവഴിയില്ല. ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ പറ്റിയ ജീവിതശൈലി സ്വീകരിക്കുകയാണു വേണ്ടത്. അമേരിക്കപോലുള്ള ചില രാജ്യങ്ങളില്‍ ഫാമിലി തെറാപ്പി നെറ്റ് വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഗൃഹാന്തരീക്ഷത്തിലെ കൈയേറ്റം, കുടുംബശൈഥില്യത്തിനു വഴിവയ്ക്കുന്ന മറ്റു പ്രശ്‌നങ്ങള്‍ എന്നിവയില്‍ മാര്‍ഗദര്‍ശനം നല്‍കാന്‍ ഉപയുക്തമായ ഫാമിലി കൗണ്‍സലിങ് തെറാപ്പി സെന്ററുകള്‍ നമ്മുടെ നാട്ടിലും തുടങ്ങേണ്ടതാണ്.
ഉറ്റബന്ധുക്കളില്‍ നിന്നും മറ്റും നേരിടേണ്ടി വരുന്ന ലൈംഗികപീഡനങ്ങളില്‍ നിന്നു കുട്ടികളെ സംരക്ഷിക്കാനുള്ള പോംവഴി വിശദീകരിക്കുന്ന കൈപ്പുസ്തകവുമായി അമേരിക്കയിലെ പ്രോസിക്യൂട്ടറായ ജില്‍സ്റ്റര്‍റീഷ് വിസ്‌കി രംഗത്തുവരികയുണ്ടായി. ആറു വയസ്സു മുതല്‍ വളര്‍ത്തച്ഛനില്‍ നിന്നു പീഡനത്തിനിരയായ ബാലികയുടെ കേസില്‍നിന്നാണു പുസ്തക രചനയ്ക്കു പ്രേരണ ലഭിച്ചതെന്നാണവര്‍ പറയുന്നത്.
ആശ്വാസദായകവും സന്തുഷ്ടവുമായ ജീവിതത്തിന് അനിവാര്യമായ സദാചാര ധാര്‍മിക മൂല്യങ്ങളുടെ സ്വാധീനം സുദൃഢമാകാനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഓരോ കുടുംബത്തിലും ഗൃഹനാഥനും ഗൃഹനാഥയും മുന്‍കൈയെടുത്തു നടപ്പാക്കണം. പരസ്പരസ്‌നേഹത്തിന്റെ പാഠം സന്തതികള്‍ക്കു മാതൃകയാകും വിധം ദമ്പതികള്‍ പ്രയോഗത്തില്‍ വരുത്തണം. ജീവിത വിശുദ്ധിയുടെയും വിട്ടു വീഴ്ച മനഃസ്ഥിതിയുടെയും പരസ്പരമുള്ള അംഗീകാരത്തിന്റെയും സ്‌നേഹമസൃണമായ പെരുമാറ്റത്തിന്റെയും സുദൃഢപാശത്താല്‍ കുടുംബാംഗങ്ങള്‍ ബന്ധിതരാവണം.
പ്രയാസങ്ങളും പ്രതിബന്ധങ്ങളും ജീവിതപ്രയാണത്തിലെ സ്വാഭാവികതകളാണ്. അവയെ ക്ഷമാപൂര്‍വം അഭിമുഖീകരിക്കുകയും പരിഹരിക്കുകയും ചെയ്യുകയെന്നതാണു വിജയത്തിനു സുപ്രധാനം. സദാചാരപൂര്‍ണമായ ജീവിതശൈലിയിലൂടെ മാത്രമേ ശാന്തിയും സമാധാനവും കളിയാടുന്ന കുടുംബാന്തരീക്ഷം സൃഷ്ടിക്കാനാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."