രോഗികള്‍ക്ക് ദുരിതം; അവഗണനയൊഴിയാതെ ജില്ലാ കാന്‍സര്‍ കെയര്‍ യൂനിറ്റ്
നല്ലൂര്‍നാട്: വയനാടിന്റെ ആരോഗ്യ പുരോഗതി ലക്ഷ്യംവച്ച് തുടങ്ങിയ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രി അവഗണനയുടെ പടുകുഴിയില്‍. യു.ഡി.എഫ് ഭരിക്കുമ്പോള്‍ എല്‍.ഡി.എഫും എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ യു.ഡി.എഫും ആശുപത്രി വികസനത്തിന്റെ പേരില്‍ സമരം നടത്തി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.
ജില്ലയിലെ ഏക കാന്‍സര്‍ കെയര്‍ യൂനിറ്റാണ് നല്ലൂര്‍നാടിലേത്. 1994ലാണ് ഇവിടെ ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയത്. പട്ടികജാതി-വര്‍ഗ വികസന വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് രണ്ടാമതായി തുടങ്ങിയ ആശുപത്രിയുമാണിത്. പി.കെ. ശ്രീമതി ആരോഗ്യ മന്ത്രിയായിരിക്കെയാണ് ഈ സ്ഥാപനം ആരോഗ്യവകുപ്പ് ഏറ്റെടുത്തത്. ട്രൈബല്‍ ഹെല്‍ത്ത് പ്രൊജക്ടിന്റെ ഭാഗമായി 2002ല്‍ ഇവിടെ കിടത്തി ചികിത്സ തുടങ്ങിയെങ്കിലും പിന്നീട് നിലച്ചു. അര്‍ബുദ രോഗികളാണ് ആശുപത്രിയെ കൂടുതലും ആശ്രയിക്കുന്നത്.
മറ്റു രോഗങ്ങള്‍ക്കും ചികിത്സ നല്‍കുന്നുണ്ട്. ആദിവാസികളാണ് ആശുപത്രിയെ ആശ്രയിക്കുന്നതില്‍ ഏറെയും. അര്‍ബുദ ചികിത്സയുടെ ഭാഗമായ കീമോ തെറാപ്പി മാത്രമാണ് ഇപ്പോള്‍ ഇവിടെ ലഭ്യം. ശസ്ത്രക്രിയ, റേഡിയേഷന്‍ ഉള്‍പ്പെടെ ചികിത്സയ്ക്ക് മറ്റു ആശുപത്രികളാണ് ശരണം. ദിനംപ്രതി പത്തു പേരെങ്കിലും കീമോ തെറാപ്പിക്ക് നല്ലൂര്‍നാട് ആശുപത്രിയിലെത്തുന്നുണ്ട്. പരിമതികള്‍ക്കിടയിലും ഡോക്ടര്‍മാരും ജീവനക്കാരും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതാണ് രോഗികള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമാകുന്നത്.
കൊബാള്‍ട്ട് തെറാപ്പി യൂനിറ്റിനുള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ ആശുപത്രി പരിസരത്ത് നിര്‍മിച്ചിട്ടുണ്ട്. യന്ത്രങ്ങളും സ്ഥാപിച്ചതാണ്. എന്നാല്‍ ആധുനിക ചികിത്സാരീതികള്‍ ഇപ്പോഴും അന്യം. സംസ്ഥാന സര്‍ക്കാരിന്റെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും അനാസ്ഥയാണ് ഇതിനു കാരണമെന്ന് ആരോപണമുണ്ട്. ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. ജില്ലയില്‍ വര്‍ഷത്തില്‍ 1500ലധികം പുതിയ അര്‍ബുദരോഗികള്‍ ഉണ്ടാകുന്നുണ്ടെന്നാണ് ഈ മേഖലയില്‍ പഠനം നടത്തുന്നവരുടെ പക്ഷം.
രോഗികളില്‍ മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുള്ളവര്‍ മാത്രമാണ് ചികിത്സക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്. ആദിവാസി-നിര്‍ധന വിഭാഗങ്ങളില്‍പ്പെട്ടവരാണ് ജില്ലയിലെ അര്‍ബുദരോഗികളില്‍ അധികവും. രോഗികളുടെയും കണക്ക് പരിശോധിക്കുമ്പോള്‍ നല്ലൂര്‍നാട് ആശുപത്രിയില്‍ നാല് ഓങ്കോളജിസ്റ്റുകളുടെയം മൂന്നു ശസ്ത്രക്രിയാ വിദഗ്ധരുടെയും ഇതിന് ആനുപാതികമായി നഴ്‌സുമാരുടെയും തസ്തികകള്‍ ആവശ്യമാണ്.
ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ് തസ്തികകളും സൃഷ്ടിക്കേണ്ടതുണ്ട്. അര്‍ബുദരോഗം ശ്രദ്ധയില്‍പ്പെട്ടാലും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകഴിച്ച് രോഗശാന്തിക്കായി ശ്രമിക്കുന്നവര്‍ ആദിവാസി വിഭാഗത്തില്‍ കുറവാണ്. ആരോഗ്യപ്രവര്‍ത്തകരുടെയും മറ്റും നിരന്തര ശ്രമഫലമായാണ് മിക്കവരും നല്ലൂര്‍നാട് ആശുപത്രിയിലെങ്കിലുമെത്തുന്നത്.
സമീപപ്രദേശങ്ങളില്‍നിന്നു നല്ലൂര്‍നാട് ആശുപത്രിയിലേക്ക് ബസ് സര്‍വിസ് ഇല്ലാത്തതും അര്‍ബുദരോഗികളെ വലക്കുന്നുണ്ട്. രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉണ്ടായിരുന്നത് നിരത്തുവിട്ടു. പീച്ചംകോട് ബസിറങ്ങി കാപ്പുഞ്ചാല്‍ അംബേദ്കര്‍ വഴി ആശുപത്രിയിലെത്തണമെങ്കില്‍ മൂന്നര കിലോമീറ്ററോളം നടക്കണം. എടവക കല്ലോടിയില്‍ ബസിറങ്ങി പാതിരിച്ചാല്‍ അംബേദ്കര്‍ വഴി ആശുപത്രിയില്ലെത്താനും ഇതേദൂരം സഞ്ചരിക്കണം. ബസില്ലാത്തതിനാല്‍ നിര്‍ധന രോഗികള്‍ നടന്നാണ് ഇത്രയും ദൂരം താണ്ടുന്നത്. മാനന്തവാടിയില്‍നിന്നു കല്ലോടിയിലേക്ക് നിരവധി ബസുകള്‍ ഓടുന്നുണ്ട്.
ഇവയില്‍ കുറെ ആശുപത്രിയിലേക്ക് ദീര്‍ഘിപ്പിച്ചാല്‍ രോഗികള്‍ക്ക് ആശ്വാസമാകും. രോഗികളുടെയും സഹായികളുടെയും സൗകര്യം കണക്കിലെടുത്ത് പീച്ചംകോട് കാപ്പുഞ്ചാല്‍ അംബേദ്കര്‍ പാതിരിച്ചാല്‍ കല്ലോടി വഴി മാനന്തവാടിക്കും തിരിച്ചും സര്‍ക്കുലര്‍ സര്‍വിസ് തുടങ്ങണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."