'ഭയംകൊണ്ടു തന്നെയാണ് മകളെ ബനാറസ് യൂനിവേഴ്‌സിറ്റിയില്‍ അയക്കാത്തത്, തമിഴ്‌നാട്ടില്‍ ഇങ്ങനെയുണ്ടാകുമെന്ന് കരുതിയില്ല': നീതി ലഭിക്കുംവരെ പോരാടുമെന്ന് ഫാത്തിമയുടെ മാതാവ്
കൊല്ലം: ഐ.ഐ.ടി മദ്രാസ് വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ അധ്യാപകനെതിരേ ആരോപണവുമായി മാതാവ്. മകളുടെ മരണത്തിനുത്തരവാദി സുദര്‍ശന്‍ പത്മനാഭന്‍ എന്ന ഐ.ഐ.ടിയിലെ അധ്യാപകനാണെന്ന് പെണ്‍കുട്ടിയുടെ മാതാവ് സജിത ആരോപിച്ചു. മകളെ അപായപ്പെടുത്തിയതാണെന്നും മാതാവ് പറഞ്ഞു.
ഐ.ഐ.ടിയില്‍ മതപരമായ വേര്‍തിരിവുണ്ടായിരുന്നു. മകളുടെ പേര് ഫാത്തിമയെന്നായിപ്പോയി. രാജ്യത്തെ അവസ്ഥ കാരണം വസ്ത്രധാരണത്തില്‍ മാറ്റം വരുത്തി. ഭയം കാരണം മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു. ഭയംകൊണ്ടു തന്നെയാണ് ബനാറസ് യൂനിവേഴ്‌സിറ്റിയില്‍ അയക്കാത്തത്. തമിഴ്‌നാട്ടില്‍ ഇങ്ങനെയുണ്ടാകുമെന്ന് കരുതിയില്ല- മാതാവ് പ്രതികരിച്ചു.
ഐ.ഐ.ടിയില്‍ കുട്ടികളെ കൊല്ലുകയാണെന്നും നീതി ലഭിക്കും വരെ പോരാടുമെന്നും അവര്‍ പറഞ്ഞു. ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ ഉണ്ടാവരുതെന്നും സജിത പറഞ്ഞു.
തമിഴ്‌നാട് ഡി.ജി.പിക്ക് നാളെ ഫാത്തിമയുടെ കുടുംബാഗങ്ങള്‍ പരാതി നല്‍കും. നീതിക്കായി ഏതറ്റം വരെയും പോകും. ദൂരുഹത നീക്കാന്‍ നിയപോരാട്ടം ശക്തമാക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. പ്രധാനമന്ത്രിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പടെയുള്ളവര്‍ക്ക് വരും ദിവസങ്ങളില്‍ പരാതി നല്‍കുമെന്നും ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ ലത്തീഫിനെ (19) ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നാം വര്‍ഷ എം.എ ഹ്യുമാനിറ്റീസ് (ഇന്റഗ്രേറ്റഡ്) വിദ്യാര്‍ഥിനിയായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് കഴിഞ്ഞ ദിവസം കുടുംബം രംഗത്തെത്തിയിരുന്നു.
Read more at: സുദര്‍ശന്‍ മാത്രമല്ല; ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പില്‍ കൂടുതല്‍ അധ്യാപകരുടെ പേരുകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."