ഇവന്റ് മാനേജ്‌മെന്റും കൃഷിയും സമന്വയിപ്പിച്ച് ജേക്കബ് മാത്യു
കൂടരഞ്ഞി: കാറ്ററിങ് ഇവന്റ് മനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന കൂടരഞ്ഞി മംഗലത്തില്‍ ജേക്കബ് മാത്യു ഇന്ന് പുതിയൊരു ദൗത്യത്തിലാണ്.
പുതു തലമുറ താല്‍പര്യം കാണിക്കാത്തതും എന്നാല്‍ നമ്മുടെ ജീവിതത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നതുമായ കൃഷിയിലേക്ക് കര്‍ഷകരെയും പുതുതലമുറ കര്‍ഷകരേയും ആകൃഷ്ടരാക്കുക എന്ന ദൗത്യമാണ് സ്വയം ഏറ്റെടുത്തിരിക്കുന്നത്. അതിനായി വീട്ടിപ്പാറയില്‍ വീടിനോട് ചേര്‍ന്ന സ്വന്തം കൃഷിയിടം ജൈവ കൃഷിത്തോട്ടമാക്കി മാറ്റിയിരിക്കുകയാണ് ഈ യുവ കര്‍ഷകന്‍. ജൈവ കൃഷിയില്‍ മാതൃക തീര്‍ക്കുക എന്നതും ജൈവ കൃഷി വിജയിപ്പിക്കുക എന്നതും ദൗത്യം തന്നെ.
കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇവന്റ് മാനേജ്‌മെന്റ് രംഗത്തുള്ള ജേക്കബ് ഇതിനും മുന്‍പേ ആരംഭിച്ച കൃഷിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ജൈവ കൃഷി രീതികള്‍ പ്രയോഗിക്കുകയാണ്. വിളവ് കുറഞ്ഞതും അമിത രാസവള-കീടനാശിനി പ്രയോഗവും മണ്ണിന്റെ ജീവന്‍ നഷ്ടപ്പെടുത്തി എന്ന തിരിച്ചറിവുമാണ് കൃഷിരീതിയില്‍ മാറ്റം വരുത്തുന്നതിന് ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.
പലേക്കറിന്റെ ചെലവില്ലാ കൃഷിമുതല്‍ ഫുക്കുവോക്കയുടെ കൃഷിരീതികളടക്കം നിരവധി ജൈവ കൃഷിരീതികള്‍ പഠിച്ചതും വിവിധ പരിശീലന പരിപാടികളില്‍ പങ്കെടുത്തതും മികച്ച ജൈവ കൃഷിത്തോട്ടങ്ങള്‍ സന്ദര്‍ശിച്ചതും മുതല്‍ കൂട്ടായി. ഒപ്പം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ജൈവ കൃഷിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ചെയ്ത് ശാസ്ത്രീയ വശങ്ങളുടെ പഠനവും നടത്തി. തന്റെ കൃഷിയിടത്തില്‍ രാസവള പ്രയോഗം പാടെ ഉപേക്ഷിച്ച ജേക്കബ് മാത്യു പൂര്‍ണമായും ജൈവ കൃഷിരീതി മാത്രം പിന്തുടരാതെ വ്യത്യസ്ത കൃഷിരീതികള്‍ സംയോജിപ്പിച്ചാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ അഞ്ചേക്കര്‍ പുരയിടം ഇന്ന് ഒരു മികച്ച ജൈവ കൃഷിത്തോട്ടമാണ്.
അഞ്ചേക്കറോളം വരുന്ന കൃഷിയിടത്തില്‍ വീടിന് താഴ്ഭാഗത്തുള്ള ഒന്നരയേക്കര്‍ കൃഷിയിടം ജൈവ കൃഷി പരീക്ഷണശാലയാണെന്ന് പറയാം. ഇവിടെ നേരത്തെ കൃഷി ചെയ്തിരുന്ന തെങ്ങ്, കേടു വരാത്ത കവുങ്ങ്, ജാതി എന്നിവ നിലനിര്‍ത്തി. പുതുതായി കുരുമുളക് കൊടികള്‍, ഇന്റര്‍സെ മംഗള കവുങ്ങുകള്‍, കാപ്പി എന്നിവ കൃഷി ചെയ്തു. സൗരോര്‍ജമാണ് മണ്ണിന്റെ വളക്കൂറ് എന്ന സത്യം മനസിലാക്കിയാണ് വിളകളുടെ ഈ തിരഞ്ഞെടുപ്പ്. സൂര്യപ്രകാശം ഒട്ടും തന്നെ നഷ്ടപ്പെടുത്താതെ പലതട്ടില്‍ വിളകള്‍ വരുന്ന രീതിക്കനുസരിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നതിനായി ഈ വിളകള്‍ തന്നെ തെരഞ്ഞെടുത്തത്.
മംഗലാപുരത്തെ മികച്ച തോട്ടത്തില്‍ നിന്നുള്ള അടയ്ക്കയാണ് തൈകളുണ്ടാക്കുന്നതിനായി കൊണ്ടു വന്നത്. ടി ഇന്റു ആര്‍ കാപ്പി തമിഴ്‌നാട്ടില്‍നിന്നു തൈകളായി വാങ്ങി നട്ടു. കിളിഞ്ഞില്‍ മരം താങ്ങുമരമായുള്ള കുരുമുളക് കൃഷിയില്‍ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള പൗര്‍ണമി, പഞ്ചമി, ശ്രീകര, ശുഭകര, തേവം മുതലായവയും കോഴിക്കോട് അടയ്ക്ക സുഗന്ധ വിള ഗവേഷണകേന്ദ്രത്തില്‍ നിന്നു ലഭിച്ച വിജയ് ഇനവുമാണ് കൃഷി ചെയ്തിരിക്കുന്നത്.അഞ്ഞൂറിനടുത്ത് വരുന്ന കവുങ്ങുകള്‍, കാപ്പി തൈകള്‍,എഴുന്നൂറോളം കുരുമുളക് കൊടികളാല്‍ സമൃദ്ധമാണ് ജേക്കബ് മാത്യുവിന്റെ കൃഷിയിടം.
സൗരോര്‍ജം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ പലതട്ടുകളായുള്ള കൃഷിക്ക് പുറമേ വിളകളുടെ അകലത്തിലും ശാസ്ത്രീയമായ രീതി സ്വീകരിക്കുന്നുണ്ട്. ഒരേ വിളകള്‍ തമ്മില്‍ പത്തടി അകലവും വിളകള്‍ തമ്മില്‍ അഞ്ചടി അകലവും പാലിച്ചുള്ള കൃഷിയില്‍ പുതയിടീലിനും പ്രധാന്യം നല്‍കുന്നു. വിളകളുടെ അവശിഷ്ടങ്ങള്‍, ചകിരി മുതലായവയാണ് പുതയിടീലിന് ഉപയോഗിക്കുക. തെങ്ങിന്‍ ചുവട്ടില്‍ ചകിരിയും മടല്‍ പോലെയുള്ള അവശിഷ്ടങ്ങളും പുതയായി ഇടുന്നതിനാല്‍ തെങ്ങിന്‍ തടം ജൈവ സമ്പുഷ്ടമായി മാറുന്നു. കൊടിക്ക് താങ്ങുമരമായുള്ള കിളിഞ്ഞില്‍ മരത്തിന്റെ ചവറാണ് പുതയായി വെട്ടിയിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."