പോസ്റ്റ് ഓഫിസ് ജീവനക്കാരെ വട്ടംകറക്കി ടെലിഷോപ്പിങ്
ചെറുവത്തൂര്‍: ടെലിഷോപ്പിങ് തമാശയാക്കിയെടുത്ത വില്ലന്മാര്‍ പോസ്റ്റ് ഓഫിസ് ജീവനക്കാരെ വട്ടം കറക്കുന്നു. ടെലിവിഷന്‍ ചാനലുകളില്‍ കാണുന്ന നമ്പറുകളില്‍ വിളിച്ചു ചിലര്‍ സാധനങ്ങള്‍ ബുക്ക് ചെയ്യും. കമ്പനിയുടെ ഏജന്റുമാര്‍ നേരിട്ടെത്തി സാധനങ്ങള്‍ നല്‍കുന്നതോ, തപാല്‍ വഴി അയച്ചുകൊടുക്കുന്നതോ ആണു രീതി. സാധനങ്ങള്‍ കൈപ്പറ്റുമ്പോള്‍ മാത്രമാണു പണം നല്‍കേണ്ടത്. പോസ്റ്റ് ഓഫിസില്‍ സാധനങ്ങള്‍ എത്തുമ്പോള്‍ വിലാസക്കാരെ തേടി പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ ഒപ്പം ചേര്‍ത്ത നമ്പറിലേക്കു വിളിക്കും. എന്നാല്‍ തങ്ങള്‍ ഇങ്ങനെ ഒരു സാധനം ബുക്ക് ചെയ്തിട്ടേ ഇല്ലെന്ന മറുപടിയാണു പല നമ്പറുകളില്‍നിന്നും ലഭിക്കുന്നത്.ചിലര്‍ സാധനങ്ങള്‍ എത്താന്‍ വൈകിയെന്നും അതിനാല്‍ ഇനി ആവശ്യമില്ലെന്നുമുള്ള മറുപടിയും നല്‍കും. കുട്ടികളുടെ കൈയില്‍നിന്നു പറ്റിയ അബദ്ധമാണെന്നു മറുപടി നല്‍കുന്നവരുമുണ്ട്. ഫലത്തില്‍ വട്ടം കറങ്ങുന്നത് പോസ്റ്റ് ഓഫിസ് ജീവനക്കാരാണ്. ബുക്ക് ചെയ്തവര്‍ വാങ്ങാനെത്താത്തതിനെ തുടര്‍ന്നു സാധനങ്ങള്‍ തിരിച്ചയക്കുകയാണ് ഇപ്പോള്‍ പലയിടങ്ങളിലെയും പോസ്റ്റ് ഓഫിസ് ജീവനക്കാരുടെ പ്രധാന ജോലി. വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമാണ് ഇങ്ങനെ എത്തുന്നതില്‍ ഏറെയും. വലിയ പൊതികള്‍ സൂക്ഷിക്കാന്‍ തന്നെ പോസ്റ്റ് ഓഫിസുകളില്‍ സ്ഥലമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."