ലളിതകലാ അക്കാദമി ചിത്ര-ശില്പ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന ചിത്ര-ശില്പ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ചിത്രകലയില്‍ സജിത് പുതുക്കലവട്ടം, സിന്ധു ദിവാകരന്, ജഗേഷ് എടക്കാട്, സൂരജ കെ.എസ്, ശില്പകലയില് സജിന്‍ എസ്.എസ് എന്നിവരാണ് സംസ്ഥാന അവാര്‍ഡിന് അര്‍ഹരായത്. 50,000 രൂപയും പ്രശസ്തിപത്രവും നമ്പൂതിരി രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് സംസ്ഥാന അവാര്‍ഡ്. കേരള ലളിതകലാ അക്കാദമി ചെയര്മാന് ടി.എ. സത്യപാലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
കോഴിക്കോട് കൊടുവള്ളി സ്വദേശി ഷിനോദ് അക്കരപ്പറമ്പില്‍, ധന്യ എം.സി, കോഴിക്കോട് അത്തോളി സ്വദേശി സ്മിത ജി.എസ്, ഗുരുവായൂര്‍ സ്വദേശി ഗായത്രി എന്നിവര്‍ ചിത്രകലയിലും ശില്പകലയില് ശ്രീകുമാര്‍ കെ. ഉണ്ണികൃഷ്ണനും അക്കാദമിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.
ഇവര്‍ക്ക് 30,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. കലാവിദ്യാര്‍ഥികള്‍ക്കുള്ള അക്കാദമിയുടെ പ്രത്യേക പരാമര്‍ശത്തിന്, ചിത്രകലയില്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ അരുണ്‍ രവി, തൃശൂര്‍ ഗവ. കോളജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ വിവേക് ദാസ് എം.എം, തൃപ്പൂണിത്തുറ ആര്.എല്‍.വി. കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സിലെ റിങ്കു അഗസ്റ്റിന് പി.എ എന്നിവര്‍ അര്‍ഹരായി.
മാവേലിക്കര രാജാ രവിവര്‍മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ ഹെല്‍ന മെറിന് ജോസഫ്, തൃശൂര്‍ ഗവ. കോളജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ ഷാന്‍ കെ.ആര് എന്നിവരുടെ ശില്പങ്ങളിലും ബഹുമതിക്ക് അര്‍ഹമായി. 20,000 രൂപയാണ് പുരസ്കാരത്തുക. മികച്ച ഛായാചിത്രത്തിനുള്ള ശങ്കരമേനോന് എന്‍ഡോവ്മെന്റ് സ്വര്‍ണമെഡലിന് അരവിന്ദ് കെ.എസും മികച്ച പ്രകൃതിദൃശ്യ ചിത്രത്തിനുള്ള വിജയരാഘവന് എന്‍ഡോവ്മെന്റ് സ്വര്‍ണമെഡലിന് പ്രദീപ് പ്രതാപും അര്‍ഹരായി. ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനും ജൂറിയംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."